പാറ്റ് കമ്മിൻസ്  
New South Wales

സാൻഡ്‌പേപ്പർ വിവാദം: ഓസ്‌ട്രേലിയൻ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്ത് തുടരാൻ പാറ്റ് കമ്മിൻസ്

മാധ്യമങ്ങൾക്ക് മുന്നിൽ ഏകദേശം 70 മിനിറ്റ് നീണ്ട വാർത്താസമ്മേളനം നടത്തിയ കമ്മിൻസ്, പന്തിൽ സാൻഡ്‌പേപ്പർ ഉപയോഗിക്കാനുള്ള പദ്ധതിയെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്ന നിലപാട് ആവർത്തിച്ചു.

Safvana Jouhar

സിഡ്നി: 2018-ലെ സാൻഡ്‌പേപ്പർ വിവാദവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾക്കിടെ പാറ്റ് കമ്മിൻസ് ഓസ്‌ട്രേലിയൻ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റൻ സ്ഥാനത്ത് തുടരാൻ തീരുമാനിച്ചതായി റിപ്പോർട്ട്. സ്ഥാനമൊഴിയണമെന്ന ആവശ്യം ഉയർന്നെങ്കിലും ക്രിക്കറ്റ് ഓസ്‌ട്രേലിയയെ (CA) ക്യാപ്റ്റൻ സ്ഥാനത്ത് തുടരാനുള്ള ആഗ്രഹം കമ്മിൻസ് അറിയിച്ചതായാണ് റിപ്പോർട്ടുകൾ. വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് മുന്നിൽ ഏകദേശം 70 മിനിറ്റ് നീണ്ട വാർത്താസമ്മേളനം നടത്തിയ കമ്മിൻസ്, പന്തിൽ സാൻഡ്‌പേപ്പർ ഉപയോഗിക്കാനുള്ള പദ്ധതിയെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്ന നിലപാട് ആവർത്തിച്ചു. എന്നാൽ ഉസ്മാൻ ഖവാജയും ഡേവിഡ് വാർണറും അദ്ദേഹത്തിന്റെ വാദത്തെ ചോദ്യം ചെയ്തു.

തുടർന്ന് കാമറൂൺ ബാൻക്രോഫ്റ്റ് പുറത്തുവിട്ട ഏകദേശം 4,500 വാക്കുകളുള്ള പ്രസ്താവനയിൽ, പദ്ധതിയെക്കുറിച്ച് അറിയില്ലെന്ന് പറയുന്ന ഏതൊരു കളിക്കാരനും കള്ളം പറയുകയാണെന്ന് ആരോപിച്ചതോടെ കമ്മിൻസിന്റെ ക്യാപ്റ്റൻ സ്ഥാനം തുടരുന്നതിനെക്കുറിച്ച് സംശയങ്ങൾ ശക്തമായി. എന്നാൽ സിഡ്നി മോണിങ് ഹെറാൾഡ് റിപ്പോർട്ട് പ്രകാരം കമ്മിൻസ് സ്ഥാനമൊഴിയാൻ ഉദ്ദേശിക്കുന്നില്ലെന്നും അടുത്ത മാസം ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ടീമിനെ നയിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയയെ അറിയിച്ചിട്ടുണ്ട്. കമ്മിൻസിന് ബോർഡിന്റെ ശക്തമായ പിന്തുണ തുടരുന്നുവെന്നും ഈ വാരാന്ത്യത്തിൽ അദ്ദേഹത്തിന് പരസ്യ പിന്തുണ പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

കമ്മിൻസ് 2018-ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ പന്തിൽ സാൻഡ്‌പേപ്പർ ഉപയോഗിക്കാനുള്ള പദ്ധതിയെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന നിലപാടിൽ കഴിഞ്ഞ എട്ട് വർഷമായി മാറ്റമില്ലാതെ തുടരുകയാണ്. അദ്ദേഹത്തിന്റെ ഏജന്റ് നീൽ മാക്സ്വെൽ വ്യാഴാഴ്ച രാത്രി പ്രതികരിച്ചത്, ബാൻക്രോഫ്റ്റിന്റെ പുതിയ വെളിപ്പെടുത്തലിൽ കമ്മിൻസ് നേരത്തെ വിശദീകരിക്കാത്ത പുതിയ ആരോപണങ്ങളൊന്നുമില്ലെന്നാണ്. കമ്മിൻസിന്റെ നിലപാടും 68 മിനിറ്റ് നീണ്ട വാർത്താസമ്മേളനത്തിലെ വിശദീകരണങ്ങളും പരിശോധിച്ചാൽ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

പന്തിൽ കൃത്രിമം നടത്തിയതിന് സസ്‌പെൻഷൻ നേരിട്ട കളിക്കാർക്ക് മറ്റ് രാജ്യങ്ങളിൽ സമാന കുറ്റങ്ങൾക്ക് ഏതാനും മത്സരങ്ങളുടെ വിലക്ക് മാത്രമാണ് ലഭിച്ചിരുന്നതെന്നും, ഓസ്‌ട്രേലിയൻ താരങ്ങൾക്ക് ഒരു വർഷത്തെ വിലക്ക് ലഭിച്ചത് അമിതമായ ശിക്ഷയായിരുന്നുവെന്നും മാക്സ്വെൽ അഭിപ്രായപ്പെട്ടു. എന്നാൽ കമ്മിൻസ് ക്യാപ്റ്റനായി തുടരുന്നത് എല്ലാവർക്കും അംഗീകരിക്കാനാകില്ലെന്നാണ് സൂചന. മുൻ ഓസ്‌ട്രേലിയൻ പേസ് ബൗളർ മിച്ചൽ ജോൺസൺ, വിവാദത്തിന് പിന്നാലെ കമ്മിൻസിന്റെ ക്യാപ്റ്റൻ സ്ഥാനവും വ്യക്തിപരമായ പ്രതിച്ഛായയും നിലനിൽക്കുമോയെന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. പൊതുജന സമ്മർദം അദ്ദേഹത്തെ സ്ഥാനമൊഴിയാൻ നിർബന്ധിതനാക്കുമെന്നാണ് ജോൺസന്റെ വിലയിരുത്തൽ.

സാൻഡ്‌പേപ്പർ വിവാദത്തിന് പിന്നാലെ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ സംസ്കാരത്തെക്കുറിച്ച് അന്വേഷണം നടത്തിയ എത്തിക്സ് വിദഗ്ധൻ ഡോ. സൈമൺ ലോങ്സ്റ്റാഫും ബാൻക്രോഫ്റ്റിന്റെ വെളിപ്പെടുത്തലിൽ നിരാശ പ്രകടിപ്പിച്ചു. അന്വേഷണത്തിനിടെ സത്യസന്ധമായി കാര്യങ്ങൾ പറയാൻ അവസരം നൽകിയിട്ടും ചില കളിക്കാർ അത് ചെയ്തില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കമ്മിൻസും ബാൻക്രോഫ്റ്റും ഒരേസമയം സത്യമാണ് പറയുന്നതെന്ന സാധ്യതയും ലോങ്സ്റ്റാഫ് തള്ളിക്കളഞ്ഞില്ല. വാർത്താസമ്മേളനത്തിൽ കമ്മിൻസ് തന്റെ നിഷേധത്തിൽ ആത്മാർഥത പുലർത്തിയിരുന്നുവെന്നാണ് തനിക്ക് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. ഒരാൾ വസ്തുതാപരമായി തെറ്റായ കാര്യം പറയുമ്പോഴും അത് കള്ളം പറയാനുള്ള ഉദ്ദേശ്യത്തോടെയാകണമെന്നില്ലെന്നും ലോങ്സ്റ്റാഫ് വിശദീകരിച്ചു. ബാൻക്രോഫ്റ്റ് ഇപ്പോൾ വെളിപ്പെടുത്തിയ കാര്യങ്ങൾ വിവാദസമയത്ത് തനിക്ക് ലഭിച്ചിരുന്ന സൂചനകളുമായി പൊരുത്തപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാഴാഴ്ച സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ന്യൂ സൗത്ത് വെയിൽസ് ടീമിനൊപ്പം കമ്മിൻസ് പരിശീലനം നടത്തി. വീട്ടിൽനിന്ന് ഗ്രൗണ്ടിലേക്ക് പോകുന്നതിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളും പിന്തുടരലും നേരിട്ട ശേഷമാണ് അദ്ദേഹം പരിശീലനത്തിനെത്തിയത്.

SCROLL FOR NEXT