സിഡ്നി: ന്യൂ സൗത്ത് വെയിൽസിലെ വിവാദ സ്വർണഖനന പദ്ധതിയെ ബാധിച്ചിരുന്ന തദ്ദേശീയ പൈതൃക സംരക്ഷണ ഉത്തരവ് ഓസ്ട്രേലിയൻ ഫെഡറൽ കോടതി റദ്ദാക്കി. മുൻ പരിസ്ഥിതി മന്ത്രി താന്യ പ്ലിബെർസെക് 2024ൽ പുറപ്പെടുവിച്ച ഉത്തരവാണ് ജസ്റ്റിസ് ജെയിംസ് സ്റ്റെല്ലിയോസ് അസാധുവാക്കിയത്. വിധിയുടെ വിശദമായ കാരണങ്ങൾ വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. ന്യൂ സൗത്ത് വെയിൽസിലെ ബ്ലെയ്നിക്ക് സമീപമുള്ള മക്ഫിലാമിസ് സ്വർണഖനന പദ്ധതിയുമായി ബന്ധപ്പെട്ടാണ് കേസ്. ആദിവാസി പൈതൃക സംരക്ഷണ നിയമത്തിലെ പത്താം വകുപ്പ് പ്രകാരമായിരുന്നു മുൻ മന്ത്രി ഉത്തരവ് പുറപ്പെടുവിച്ചത്. ബെലുബുല നദിയുടെ ഉത്ഭവപ്രദേശവും നീരുറവകളും സൃഷ്ടികഥകളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പൈതൃക സ്ഥലമാണെന്ന് ചൂണ്ടിക്കാട്ടി വിരാഡ്ജുരി പരമ്പരാഗത ഭൂവുടമകളുടെ സംഘടനയാണ് സംരക്ഷണം ആവശ്യപ്പെട്ടത്.
നദിയുടെ ഉത്ഭവപ്രദേശത്ത് ഖനന മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനുള്ള അണക്കെട്ട് നിർമിക്കുന്നത് ഉത്തരവ് തടഞ്ഞിരുന്നു. ഉത്തരവ് ബാധിച്ചത് ഖനനത്തിന് ഉദ്ദേശിച്ചിരുന്ന പ്രദേശമല്ലെങ്കിലും പദ്ധതി സാമ്പത്തികമായി പ്രായോഗികമല്ലാതാകുമെന്ന് ഖനനക്കമ്പനിയായ റെജിസ് റിസോഴ്സസ് അന്ന് വ്യക്തമാക്കിയിരുന്നു. ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങൾക്ക് ന്യായമായ നടപടിക്രമങ്ങൾ ലഭിച്ചില്ലെന്നും സർക്കാർ നടപടികളിൽ പിഴവുകളുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് കമ്പനി കോടതിയെ സമീപിച്ചത്. സംരക്ഷണ തീരുമാനത്തെ സ്വാധീനിച്ച നീലവരയുള്ള തേനീച്ചയുമായി ബന്ധപ്പെട്ട ഡ്രീമിങ് കഥ, സംരക്ഷണ അപേക്ഷ സമർപ്പിച്ച് രണ്ട് വർഷത്തിന് ശേഷമാണ് ആദ്യമായി ഉന്നയിച്ചതെന്നും കമ്പനിയുടെ അഭിഭാഷകൻ വാദിച്ചിരുന്നു.
എന്നാൽ കോടതി വിധി പൈതൃക സംരക്ഷണത്തിനായുള്ള അവകാശവാദത്തിന്റെ പ്രാധാന്യത്തെക്കുറിച്ചോ പ്രദേശം ഭീഷണിയിലാണോയെന്ന കാര്യത്തിലോ അഭിപ്രായം പറയുന്നില്ലെന്ന് ജസ്റ്റിസ് സ്റ്റെല്ലിയോസ് വ്യക്തമാക്കി. അത്തരം വിഷയങ്ങൾ തീരുമാനിക്കാനുള്ള അധികാരം മന്ത്രിക്കാണെന്നും കോടതിയുടെ പരിധിയിൽ വരുന്നതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിധിയെ സ്വാഗതം ചെയ്ത റെജിസ് റിസോഴ്സസ്, മക്ഫിലാമിസ് പദ്ധതിക്ക് മുന്നോട്ടുപോകാനുള്ള നിർണായക ചുവടുവയ്പ്പാണിതെന്ന് അറിയിച്ചു. നിലവിലെ പരിസ്ഥിതി മന്ത്രി മുറേ വാട്ട് സംരക്ഷണ അപേക്ഷ വീണ്ടും പരിഗണിക്കേണ്ടിവരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
അതേസമയം, അപേക്ഷ വീണ്ടും പരിഗണിക്കുന്ന നടപടികൾ നീണ്ടുപോകാനോ കമ്പനിക്ക് അനുകൂലമായ തീരുമാനം ലഭിക്കാതിരിക്കാനോ സാധ്യതയുള്ളതിനാൽ ബദൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും കമ്പനി വ്യക്തമാക്കി. സംസ്കരിച്ച അയിരും പാറമാലിന്യങ്ങളും ഒരൊറ്റ സംവിധാനത്തിൽ നിക്ഷേപിക്കുന്ന രീതിയാണ് ബദൽ പദ്ധതിയിലുള്ളത്. സംരക്ഷണ ഉത്തരവ് ബാധിച്ച പ്രദേശം പൂർണമായും ഒഴിവാക്കുന്നതാണ് ഈ പദ്ധതിയെന്നും കമ്പനി അറിയിച്ചു. ഓസ്ട്രേലിയയിലെ വികസിപ്പിക്കപ്പെടാത്ത വലിയ സ്വർണഖനന പദ്ധതികളിലൊന്നായ മക്ഫിലാമിസ് മേഖലയ്ക്ക് സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങൾ നൽകുമെന്നാണ് കമ്പനിയുടെ വാദം. വിഷയത്തിൽ നിലവിലെ പരിസ്ഥിതി മന്ത്രി മുറേ വാട്ടിന്റെ പ്രതികരണം തേടിയിട്ടുണ്ട്.