സിഡ്‌നി: സിഡ്‌നിയിലെ നോർത്ത് ഷോർ ട്രെയിൻ ലൈനിൽ ദിവസേന പതിവായി യാത്ര നടത്തുന്ന രണ്ട് മൈന പക്ഷികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. റോസ്‌വിൽ സ്റ്റേഷനിൽ നിന്ന് കയറിയ യാത്രക്കാരി പകർത്തിയ ദൃശ്യങ്ങളാണ് ഇതിനോടകം 4.6 ദശലക്ഷത്തിലധികം ആളുകൾ കണ്ടത്. ട്രെയിനിലെ സീറ്റുകൾക്ക് മുകളിലിരുന്ന് ശാന്തമായി യാത്ര ചെയ്യുന്ന പക്ഷികൾ, ജനങ്ങൾ തിങ്ങിനിറയാത്ത സമയങ്ങളിലാണ് യാത്ര പതിവാക്കിയിട്ടുള്ളത്.
പക്ഷികൾ ട്രെയിനിൽ കുടുങ്ങിപ്പോയതല്ലെന്നും, ദിവസവും ലിൻഡ്‌ഫീൽഡിനും ആർട്ടാർമനും ഇടയിലുള്ള 7 മുതൽ 10 മിനിറ്റ് ദൂരമുള്ള യാത്ര ചെയ്യുന്ന 'സ്ഥിരം യാത്രക്കാരാണെന്നും' ട്രെയിൻ ജീവനക്കാർ സ്ഥിരീകരിച്ചു. സ്റ്റേഷൻ അറിയിപ്പുകളും ബെല്ലുകളും കേട്ട് കൃത്യമായി ഇറങ്ങേണ്ട സ്റ്റേഷനുകൾ തിരിച്ചറിയാനുള്ള ബുദ്ധിസാമർത്ഥ്യം ഇവയ്ക്കുണ്ടെന്നാണ് നിഗമനം. മനുഷ്യരുമായി ഇണങ്ങി ജീവിക്കാനും ഭക്ഷണം കണ്ടെത്താനും വേഗത്തിൽ പൊരുത്തപ്പെടാൻ സാധിക്കുന്ന മൈന പക്ഷികളുടെ ഇത്തരം സ്വഭാവം കൗതുകത്തോടെയാണ് ജൈവ ശാസ്ത്രജ്ഞർ നോക്കിക്കാണുന്നത്.