New South Wales

കാൻവയിൽ വൻ പുനഃസംഘടന; 1,271 ജീവനക്കാർക്ക് ജോലി നഷ്ടമാകും

13 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ പുനഃസംഘടനയ്ക്ക് കമ്പനി ഒരുങ്ങുന്നത്.

Safvana Jouhar

ഓസ്‌ട്രേലിയൻ ഡിസൈൻ സോഫ്റ്റ്‌വെയർ കമ്പനിയായ കാൻവയിൽ (Canva) വൻ പുനഃസംഘടന. കമ്പനിയുടെ ആകെ ജീവനക്കാരിൽ 22 ശതമാനമായ 1,271 പേരെ ഈ നീക്കം ബാധിക്കും. 13 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ പുനഃസംഘടനയ്ക്ക് കമ്പനി ഒരുങ്ങുന്നത്. ചെറിയ ടെക് സ്റ്റാർട്ടപ്പായിരുന്ന കാലത്തെ പ്രവർത്തനരീതിയിലേക്ക് മടങ്ങുകയാണ് ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കി. നിരവധി ജീവനക്കാരുടെ ജോലി നഷ്ടമാകുന്നതിനൊപ്പം ചില തസ്തികകളിൽ മാറ്റമുണ്ടാകും. വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരോട് സ്ഥലം മാറാനും ആവശ്യപ്പെട്ടേക്കും. ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ സഹസ്ഥാപകയും ചീഫ് എക്സിക്യൂട്ടീവുമായ മെലാനി പെർക്കിൻസ് തീരുമാനം ഏറെ പ്രയാസകരമായിരുന്നുവെന്ന് പറഞ്ഞു. കമ്പനിയുടെ അടുത്ത വളർച്ചാഘട്ടത്തിന് തയ്യാറെടുക്കാൻ ഈ നടപടി അനിവാര്യമാണെന്നും അവർ വ്യക്തമാക്കി.

Canva’s co-founder and chief executive Melanie Perkins

ജോലി നഷ്ടപ്പെടുന്ന ജീവനക്കാർക്ക് കുറഞ്ഞത് ആറുമാസത്തെ ശമ്പളവും 12 മാസത്തെ ആരോഗ്യപരിരക്ഷയും നൽകും. ഒരു വർഷത്തെ ലിങ്ക്ഡ്ഇൻ പ്രീമിയം അംഗത്വം ഉൾപ്പെടെയുള്ള തൊഴിൽ പിന്തുണയും ലാപ്‌ടോപ്പ് കൈവശംവയ്ക്കാനുള്ള അനുമതിയും ലഭിക്കും. സ്വന്തം ബിസിനസ് ആരംഭിക്കാനോ പ്രാദേശിക സമൂഹത്തിനായി സംരംഭം തുടങ്ങാനോ ആഗ്രഹിക്കുന്ന ജീവനക്കാർക്ക് 10,000 യുഎസ് ഡോളർ (ഏകദേശം 14,500 ഓസ്‌ട്രേലിയൻ ഡോളർ) വീതം ഗ്രാന്റ് നൽകുന്നതിനുള്ള ഫണ്ടും കമ്പനി ആരംഭിക്കും.

2013-ൽ സിഡ്‌നിയിൽ ആരംഭിച്ച കാൻവയ്ക്ക് നിലവിൽ 37 രാജ്യങ്ങളിലായി 5,500 ജീവനക്കാരുണ്ട്. പ്രതിമാസം 22 കോടി സജീവ ഉപയോക്താക്കളാണ് പ്ലാറ്റ്‌ഫോമിനുള്ളത്. ഓസ്‌ട്രേലിയയിൽനിന്ന് ആഗോളതലത്തിലേക്ക് വളർന്ന സ്റ്റാർട്ടപ്പുകളുടെ ശ്രദ്ധേയമായ മാതൃകയായാണ് കമ്പനി വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ കമ്പനിയുടെ ആന്തരിക മൂല്യനിർണയം ഓഗസ്റ്റിൽ 43.9 ബില്യൺ ഡോളറായി കുറഞ്ഞിരുന്നു. ഒരു വർഷം മുമ്പ് ഇത് 10 ബില്യൺ ഡോളറിലധികമായിരുന്നു.

ഏപ്രിലിൽ കാൻവ ക്രിയേറ്റ് എന്ന എഐ ഉൽപ്പന്നം പുറത്തിറക്കിയതിനു പിന്നാലെയാണ് പുനഃസംഘടനാ നീക്കം. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഉൽപ്പന്നവിക്ഷേപണമായാണ് ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ എഐ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ചെലവുകൾ കുത്തനെ ഉയർന്നതോടെ ഉൽപ്പന്നത്തിന്റെ വ്യാപനം വേഗം കുറയ്ക്കേണ്ടിവന്നു. 22 കോടിയിലധികം ഉപയോക്താക്കൾക്ക് സൗജന്യ എഐ സേവനം നൽകുന്നതിന് വലിയ ചെലവ് വേണ്ടിവരുന്നുവെന്നും അതിനാൽ ചെലവ് കുറയ്ക്കേണ്ടിവന്നുവെന്നും സഹസ്ഥാപകൻ ക്ലിഫ് ഒബ്രെക്റ്റ് ഓഗസ്റ്റിൽ പറഞ്ഞിരുന്നു. ചെലവ് ഏകദേശം 90 ശതമാനം കുറയ്ക്കാൻ കഴിഞ്ഞതായും ഇതോടെ സേവനം കൂടുതൽ വിപുലീകരിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

SCROLL FOR NEXT