(Mick Tsikas/AAP PHOTOS)
New South Wales

ടെലിഹെൽത്ത് വഴി സ്വമേധയാ മരണസഹായം അനുവദിക്കുന്ന നിയമത്തെ പിന്തുണയ്ക്കില്ലെന്ന് പ്രധാനമന്ത്രി

മാന്യമായി മരിക്കാനുള്ള അവകാശം ആളുകൾക്ക് ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. എന്നാൽ അതിനൊപ്പം സുരക്ഷാ സംവിധാനങ്ങളും ഉണ്ടായിരിക്കണം,” അദ്ദേഹം ABCയുടെ Insiders പരിപാടിയിൽ പറഞ്ഞു.

Safvana Jouhar

ടെലിഹെൽത്ത് വഴി സ്വമേധയാ മരണസഹായം (Voluntary Assisted Dying) അനുവദിക്കുന്ന നിയമനിർമാണത്തെ പിന്തുണയ്ക്കില്ലെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് വ്യക്തമാക്കി. അഡിലെയ്ഡിൽ നടന്ന ലേബർ പാർട്ടിയുടെ ദേശീയ സമ്മേളനത്തിൽ, ടെലിഹെൽത്ത് ഉപയോഗിച്ച് സ്വമേധയാ മരണസഹായവുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാക്കണമെന്ന ആവശ്യവും വിഷയത്തിൽ പാർട്ടി അംഗങ്ങൾക്ക് conscience vote അനുവദിക്കണമെന്ന നിർദേശവും പാർട്ടി നയരേഖയിൽ ഉൾപ്പെടുത്തി.

ടെലിഹെൽത്ത് വഴി സ്വമേധയാ മരണസഹായം അനുവദിക്കണമെന്ന നിലപാട് പാർട്ടി നയരേഖയിൽ ഉൾപ്പെടുത്തിയെങ്കിലും അത് എങ്ങനെ, എപ്പോൾ നടപ്പാക്കണമെന്നത് പാർലമെന്ററി പാർട്ടിയുടെ തീരുമാനമായിരിക്കും. വിഷയം പാർലമെന്റിൽ എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നത് മന്ത്രിസഭ തീരുമാനിക്കുമെന്നും അൽബനീസ് വ്യക്തമാക്കി. ലേബർ പാർട്ടിയുടെ നയരേഖയിൽ conscience vote അനുവദിച്ച രണ്ടാമത്തെ വിഷയമാണിത്. ഗർഭച്ഛിദ്രമാണ് നേരത്തെ ഈ പരിഗണന ലഭിച്ച മറ്റൊരു വിഷയം.

നിലവിൽ ഓസ്ട്രേലിയയിലെ എല്ലാ സംസ്ഥാനങ്ങളിലും ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിലും സ്വമേധയാ മരണസഹായം നിയമവിധേയമാണ്. നോർതേൺ ടെറിട്ടറിയിൽ ഇത് നിയമവിധേയമാക്കുന്നതിനുള്ള ബിൽ ഓഗസ്റ്റിൽ പാർലമെന്റ് പരിഗണിക്കും. സ്വമേധയാ മരണസഹായവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഫോണിലൂടെ ചർച്ച ചെയ്യുന്നതിന് ഡോക്ടർമാർക്ക് 300,000 ഓസ്ട്രേലിയൻ ഡോളർ വരെ പിഴ ലഭിക്കാവുന്ന നിയമമാണ് നിലവിലുള്ളത്. ഹോവാർഡ് സർക്കാരിന്റെ കാലത്താണ് ടെലിഹെൽത്ത് വഴി ഇത്തരം സേവനങ്ങൾ നൽകുന്നതിനുള്ള വിലക്ക് കൊണ്ടുവന്നത്.

ടെലിഹെൽത്ത് അനുവദിക്കണമെന്ന നിർദേശത്തെ പിന്തുണച്ച യൂണിയൻ പ്രതിനിധി സ്റ്റെഫ് നൗണ്ടൺ, ഗ്രാമീണ, വിദൂര മേഖലകളിൽ താമസിക്കുന്നവർക്ക് ആരോഗ്യസേവനങ്ങൾ ലഭിക്കുന്നതിൽ തുല്യത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞു. എന്നാൽ ടെലിഹെൽത്തിന് എല്ലാ ആരോഗ്യ ആവശ്യങ്ങളും പരിഹരിക്കാനാകില്ലെന്ന് NSW എംപി സാലി ക്വിനെൽ പറഞ്ഞു. ജീവനും മരണവും സംബന്ധിച്ച ഇത്തരം സങ്കീർണമായ ചർച്ചകൾ നേരിട്ട്, സഹാനുഭൂതിയോടെയും ശ്രദ്ധയോടെയും മനുഷ്യബന്ധത്തിന്റെ അടിസ്ഥാനത്തിലുമാണ് നടക്കേണ്ടതെന്നും അവർ വ്യക്തമാക്കി.

SCROLL FOR NEXT