സിഡ്നി: ഓസ്‌ട്രേലിയയുടെ പടിഞ്ഞാറൻ അതിർത്തികളിൽ നിന്ന് ആൽപൈൻ മേഖലകളിലേക്കുള്ള (Alpine regions) വാർഷിക ദേശാടനത്തിനിടെ വംശനാശഭീഷണി നേരിടുന്ന ആയിരക്കണക്കിന് ബോഗോങ് ശലഭങ്ങൾ (Bogong moths) ന്യൂ സൗത്ത് വെയിൽസ് തീരപ്രദേശങ്ങളിലേക്ക് കൂട്ടത്തോടെയെത്തി. കിഴക്കൻ തീരപ്രദേശങ്ങളിലുള്ള ജനങ്ങളാണ് ഈ അപൂർവ്വ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കുന്നത്. ചിറകുകളിൽ രണ്ട് വെള്ളപ്പൊട്ടുകളും കറുത്ത വരകളുമുള്ള, കുപ്പിയുടെ അടപ്പിന്റെ വലുപ്പമുള്ള ഈ ശലഭങ്ങൾ ഒരുകാലത്ത് ഓസ്‌ട്രേലിയയിൽ വൻതോതിൽ കാണപ്പെട്ടിരുന്നു. എന്നാൽ 2019-ന് തൊട്ടുമുമ്പുള്ള രണ്ടു വർഷത്തിനിടെ ഇവയുടെ എണ്ണത്തിൽ 99.5 ശതമാനം വരെ വലിയ കുറവുണ്ടായി. നിലവിൽ ന്യൂകാസിലിന് വടക്ക് മുതൽ ന്യൂ സൗത്ത് വെയിൽസിന്റെ തെക്കൻ തീരപ്രദേശങ്ങൾ വരെ ഇവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തീര പ്രദേശങ്ങളിലേക്കുള്ള വരവും പ്രതിരോധ മാർഗ്ഗങ്ങളും
കിഴക്കൻ കാറ്റിൽപ്പെട്ട് വഴിയെത്തിപ്പെടുന്ന ഇവ, രാത്രികാലങ്ങളിലെ വെളിച്ചം കണ്ട് വീടുകൾക്കുള്ളിലേക്കും കടക്കുന്നുണ്ടെന്ന് ഓസ്‌ട്രേലിയൻ മ്യൂസിയം വ്യക്തമാക്കി. തങ്ങളുടെ പ്രദേശങ്ങളിൽ എങ്ങും ബോഗോങ് ശലഭങ്ങളെ കാണാൻ സാധിക്കുന്നുണ്ടെന്ന് എൻഎസ്ഡബ്ല്യു സെൻട്രൽ കോസ്റ്റിലെ വൈൽഡ് ഫ്ലവർ നഴ്‌സറി ഉടമ നെറ്റാലി സാൻഡേഴ്സൺ പറഞ്ഞു. "വംശനാശഭീഷണി നേരിടുന്ന ഈ ശലഭങ്ങൾ രാത്രികാലങ്ങളിൽ പരാഗണം നടത്തുന്നതിൽ (Nocturnal pollinators) നിർണ്ണായക പങ്ക് വഹിക്കുന്നവയാണ്. വഴിതെറ്റി തീരപ്രദേശങ്ങളിൽ എത്തിയ ഇവയ്ക്ക് തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് മടങ്ങാൻ സഹായകരമാകുന്ന രീതിയിൽ വീടുകളിലെയും സ്ഥാപനങ്ങളിലെയും അനാവശ്യ വെളിച്ചങ്ങൾ രാത്രികാലങ്ങളിൽ അണച്ചു നൽകണം," നെറ്റാലി സോഷ്യൽ മീഡിയയിലൂടെ അഭ്യർത്ഥിച്ചു. പാരിസ്ഥിതിക പുനരുജ്ജീവനത്തിനായി ഈ ശലഭങ്ങളെ കൊല്ലരുതെന്ന് പൊതുജനങ്ങളോട് പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു. ഇവയുടെ ദേശാടനം നിരീക്ഷിക്കുന്നതിനായി 'സൂസ് വിക്ടോറിയ' (Zoos Victoria) 'മോത്ത് ട്രാക്കർ' (Moth tracker) എന്ന പേരിൽ പ്രത്യേക പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.