മുൻ പ്രധാനമന്ത്രി ബോബ് ഹോക്കിനും ഭാര്യയുമായ ബ്ലാഞ്ച് ഡി അൽപുഗെറ്റ്  (AAP)
New South Wales

ബോബ് ഹോക്കിന്റെ ഭാര്യയും എഴുത്തുകാരിയുമായ ബ്ലാഞ്ച് ഡി അൽപുഗെറ്റ് അന്തരിച്ചു

1982ൽ പ്രസിദ്ധീകരിച്ച Robert J. Hawke: A Biography എന്ന ബോബ് ഹോക്കിന്റെ ജീവചരിത്രം ബെസ്റ്റ്‌സെല്ലറായി മാറുകയും ന്യൂ സൗത്ത് വെയിൽസ് പ്രീമിയേഴ്‌സ് അവാർഡ് നേടുകയും ചെയ്തു.

Safvana Jouhar

സിഡ്നി: ഓസ്‌ട്രേലിയൻ എഴുത്തുകാരിയും മുൻ പ്രധാനമന്ത്രി ബോബ് ഹോക്കിന്റെ ഭാര്യയുമായ ബ്ലാഞ്ച് ഡി അൽപുഗെറ്റ്(82) അന്തരിച്ചു. ബുധനാഴ്ച രാവിലെയാണ് കുടുംബം മരണവിവരം സ്ഥിരീകരിച്ചത്. മരണകാരണം വ്യക്തമല്ല. കുടുംബം പുറത്തുവിട്ട പ്രസ്താവനയിൽ, തന്റെ അവസാന സന്ദേശമായി ബ്ലാഞ്ച് പങ്കുവയ്ക്കാൻ ആഗ്രഹിച്ച വാക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്: “നമ്മുടെ ഏറ്റവും ഉയർന്ന വിളിയും ഏറ്റവും വലിയ നേട്ടവും സ്നേഹമാണ്; അതാണ് ജീവിതത്തിന്റെ നിയമം. പരസ്പരം സ്നേഹിക്കുക.”

ജീവചരിത്രങ്ങൾ, നോവലുകൾ, ലേഖനങ്ങൾ എന്നിവയിലൂടെ ശ്രദ്ധേയയായ എഴുത്തുകാരിയായിരുന്നു ബ്ലാഞ്ച്. 1982ൽ പ്രസിദ്ധീകരിച്ച Robert J. Hawke: A Biography എന്ന ബോബ് ഹോക്കിന്റെ ജീവചരിത്രം ബെസ്റ്റ്‌സെല്ലറായി മാറുകയും ന്യൂ സൗത്ത് വെയിൽസ് പ്രീമിയേഴ്‌സ് അവാർഡ് നേടുകയും ചെയ്തു. Monkeys in the Dark, Turtle Beach, Winter in Jerusalem, White Eye തുടങ്ങിയ അവരുടെ നോവലുകൾ നിരവധി സാഹിത്യ പുരസ്കാരങ്ങൾ നേടി. PEN Golden Jubilee Award, The Age Novel of the Year Award, South Australian Premier’s Award, Australasian Prize for Commonwealth Literature എന്നിവ ഇതിൽ ഉൾപ്പെടുന്നു.

1995ലാണ് ബ്ലാഞ്ചും ബോബ് ഹോക്കും വിവാഹിതരായത്.

1995ലാണ് ബ്ലാഞ്ചും ബോബ് ഹോക്കും വിവാഹിതരായത്. 2019ൽ ഹോക്ക് മരിക്കുന്നതുവരെ 24 വർഷം ഇരുവരും വിവാഹജീവിതം നയിച്ചു. സിഡ്നിയിലെ ഡബിൾ ബേയിലെ റിറ്റ്സ്-കാർൾട്ടൺ ഹോട്ടലിലായിരുന്നു വിവാഹച്ചടങ്ങ്. 150 അതിഥികളും 50ലധികം മാധ്യമപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. 1970ലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. അന്ന് മാധ്യമപ്രവർത്തകയായിരുന്ന ബ്ലാഞ്ച്, പിന്നീട് ടോണി പ്രാറ്റുമായി വിവാഹിതയായി ജക്കാർത്തയിൽ താമസിക്കുകയായിരുന്നു. ആറ് വർഷത്തിന് ശേഷം സർ റിച്ചാർഡ് കിർബിയെക്കുറിച്ച് തയ്യാറാക്കുകയായിരുന്ന ജീവചരിത്രത്തിനായി ഹോക്കിനെ അഭിമുഖം ചെയ്തപ്പോഴാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്. തുടർന്ന് ആരംഭിച്ച ബന്ധം ഏകദേശം രണ്ട് പതിറ്റാണ്ടോളം രഹസ്യമായി തുടർന്നു. 1983 മുതൽ 1991 വരെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയായിരുന്ന ഹോക്ക്, ബ്ലാഞ്ചുമായുള്ള രണ്ട് പതിറ്റാണ്ട് നീണ്ട ബന്ധം പിന്നീട് സമ്മതിച്ചിരുന്നു. അന്ന് ഹോക്ക് ഹേസൽ ഹോക്കിനെ വിവാഹം കഴിച്ചിരിക്കുകയായിരുന്നു. ഇരുവർക്കും നാല് മക്കളുമുണ്ടായിരുന്നു. പ്രധാനമന്ത്രി പദവി ഒഴിഞ്ഞ് നാല് വർഷത്തിന് ശേഷം ഹോക്ക് ഹേസലുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചു. ഓസ്‌ട്രേലിയൻ ചരിത്രത്തിൽ വിവാഹമോചനം നേടിയ ആദ്യ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം.

2019ൽ The Sydney Morning Herald-ന് നൽകിയ അഭിമുഖത്തിൽ, താനും ഹോക്കും തമ്മിൽ ആദ്യമുതൽ തന്നെ ശക്തമായ ആകർഷണം ഉണ്ടായിരുന്നുവെന്ന് ബ്ലാഞ്ച് പറഞ്ഞിരുന്നു. എന്നാൽ ബന്ധത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഹോക്ക് മറ്റ് സ്ത്രീകളുമായും ബന്ധം പുലർത്തിയിരുന്നുവെന്ന് താൻ തിരിച്ചറിഞ്ഞതായും അവർ വെളിപ്പെടുത്തി. അതേസമയം 2020ൽ തനിക്ക് രണ്ടാം ഘട്ട സ്തനാർബുദം സ്ഥിരീകരിച്ചതായും ബ്ലാഞ്ച് വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ആഴ്ചകളോളം കീമോതെറാപ്പിക്ക് വിധേയയാവുകയും നാല് ആഴ്ച വിശ്രമിക്കുകയും ചെയ്തു.

ബ്ലാഞ്ച് ഡി അൽപുഗെറ്റിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ആന്തണി അൽബനീസ് അനുശോചനം രേഖപ്പെടുത്തി. “ബ്ലാഞ്ച് ഡി അൽപുഗെറ്റിന്റെ വിയോഗത്തോടെ ഓസ്‌ട്രേലിയക്ക് അതുല്യയായ ഒരാളെ നഷ്ടമായി,” അൽബനീസ് പറഞ്ഞു. “ബ്ലാഞ്ചിന്റെ നോവലുകൾ ആവേശവും മൗലികതയും നിറഞ്ഞ ശ്രദ്ധേയമായ കൃതികളായിരുന്നു. അവരുടെ ജീവചരിത്രങ്ങൾ സമഗ്രവും ആധികാരികവുമായിരുന്നു. ഏറ്റവും പ്രശസ്തമായത് ബോബ് ഹോക്കിനെക്കുറിച്ച് എഴുതിയവയാണ്. പിന്നീട് അദ്ദേഹം അവരുടെ പ്രണയവും ജീവിതപങ്കാളിയുമായി മാറി.” “ബ്ലാഞ്ചിന്റെ അവസാന സന്ദേശമായി അവർ നമ്മോട് പറഞ്ഞ വാക്കുകൾ ഏറെ പ്രസക്തമാണ്: ‘നമ്മുടെ ഏറ്റവും ഉയർന്ന വിളിയും ഏറ്റവും വലിയ നേട്ടവും സ്നേഹമാണ്; അതാണ് ജീവിതത്തിന്റെ നിയമം. പരസ്പരം സ്നേഹിക്കുക.’”

SCROLL FOR NEXT