NSWയിലെ ബുഷ്‌ലാൻഡിൽ സ്യൂട്ട്‌കേസിനുള്ളിൽ കണ്ടെത്തിയ അഴുകിയ മനുഷ്യശരീരാവശിഷ്ടങ്ങളെന്ന് കരുതിയ വസ്തുക്കൾ മനുഷ്യരുടേതല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഗോൾബേണിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ തെക്കുള്ള Oallen പ്രദേശത്താണ് ഞായറാഴ്ച ഉച്ചയ്ക്ക് 12.50ഓടെ സ്യൂട്ട്‌കേസ് കണ്ടെത്തിയത്. പ്രദേശവാസികളായ ദമ്പതികൾ യാത്രയ്ക്കിടെ ഇടവേളയ്ക്കായി വാഹനം നിർത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. സ്യൂട്ട്‌കേസിനുള്ളിലെ വസ്തുക്കൾ ആദ്യം മനുഷ്യ സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങളാണെന്നാണ് പൊലീസ് കരുതിയത്. NSW പൊലീസ് സൂപ്രണ്ടന്റ് Linda Bradburyയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പിന്നീട് അവ മനുഷ്യരുടേതല്ലെന്ന് സ്ഥിരീകരിച്ചത്.
ക്രൈം സീനിൽ മനുഷ്യശരീരാവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന വസ്തുക്കൾ പൊലീസ് സാധാരണയായി കാര്യമായി നീക്കാറില്ലെന്നും അതിനാൽ സ്യൂട്ട്‌കേസിലെ ഉള്ളടക്കം വിശദമായി പരിശോധിച്ചിരുന്നില്ലെന്നും Bradbury പറഞ്ഞു.
തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് അവ മനുഷ്യരുടേതല്ലെന്ന് വ്യക്തമായത്. എന്നാൽ അവ എന്തിന്റേതാണെന്ന് കണ്ടെത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമാണ്. സ്യൂട്ട്‌കേസിനുള്ളിൽ ഉണ്ടായിരുന്നത് മനുഷ്യരൂപത്തിലുള്ള ഒരു പാവയോ സമാനമായ വസ്തുവോ ആയിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. “മനുഷ്യന്റെ ശരീരാവശിഷ്ടങ്ങളാണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ അവ വളരെ യാഥാർഥ്യമുള്ളതായിരുന്നു. എന്നാൽ മറ്റ് പരിശോധനകളിലൂടെ അവ മനുഷ്യരുടേതല്ലെന്ന് സ്ഥിരീകരിച്ചു,” Bradbury പറഞ്ഞു. ഇതോടെ മനുഷ്യന്റെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണം ആവശ്യമില്ലെന്നത് ആശ്വാസകരമാണെന്നും അവർ വ്യക്തമാക്കി.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരും. സ്യൂട്ട്‌കേസിലെ വസ്തുക്കൾ എവിടെ നിന്നെത്തിയതാണെന്നും ആരാണ് അവ ഉപേക്ഷിച്ചതെന്നും കണ്ടെത്തുന്നതിനായിരിക്കും തുടർ അന്വേഷണം. സംഭവം കണ്ട ദമ്പതികൾ പൊലീസ് വിളിച്ചത് ശരിയായ നടപടിയായിരുന്നുവെന്നും Bradbury പറഞ്ഞു.