ABC News: Toby Hemmings
New South Wales

ബേറ്റ്മാൻസ് ബേ ഹോസ്പിറ്റലും അത്യാഹിത വിഭാഗവും അടുത്ത വർഷം പൂട്ടുന്നു; ചികിത്സാ സൗകര്യങ്ങളിൽ ആശങ്ക

ആശുപത്രി പൂട്ടുന്നതോടെ അടിയന്തര ചികിത്സകൾക്കായി 30 കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ടി വരുന്നത് രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുമെന്ന് നാട്ടുകാരും ഡോക്ടർമാരും മുന്നറിയിപ്പ് നൽകുന്നു.

Elizabath Joseph

സിഡ്‌നി: ന്യൂ സൗത്ത് വെയിൽസ് സൗത്ത് കോസ്റ്റിലെ പ്രമുഖ തീരദേശ നഗരമായ ബേറ്റ്മാൻസ് ബേയിലെ (Batemans Bay) സർക്കാർ ആശുപത്രിയും അവിടുത്തെ അത്യാഹിത വിഭാഗവും (ED) അടുത്ത വർഷം ആദ്യത്തോടെ പൂർണ്ണമായും അടച്ചുപൂട്ടുന്നു. മൊറൂയയിൽ 330 മില്യൺ ഡോളർ ചെലവിൽ പുതിയ യൂറോബൊഡല്ല റീജിയണൽ ഹോസ്പിറ്റൽ (Eurobodalla Regional Hospital) നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് നിലവിലുള്ള ലെവൽ-2 ബേറ്റ്മാൻസ് ബേ ആശുപത്രിയും ലെവൽ-3 മൊറൂയ ആശുപത്രിയും നിർത്തലാക്കുന്നത്.

എന്നാൽ, ആശുപത്രി പൂട്ടുന്നതോടെ അടിയന്തര ചികിത്സകൾക്കായി 30 കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ടി വരുന്നത് രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുമെന്ന് നാട്ടുകാരും ഡോക്ടർമാരും മുന്നറിയിപ്പ് നൽകുന്നു. വിനോദസഞ്ചാര സീസണുകളിൽ 80,000-ത്തോളം ജനങ്ങൾ എത്തുന്ന മേഖലയിൽ അടിയന്തിര ഘട്ടങ്ങളിൽ പുതിയ ആശുപത്രിയിലെത്താൻ 30 മിനിറ്റിലധികം സമയം വേണ്ടിവരുമെന്നും, 'ഗോൾഡൻ അവർ' (Golden Hour) നഷ്ടപ്പെടാൻ ഇത് ഇടയാക്കുമെന്നും പ്രാദേശിക ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ആംബുലൻസുകൾക്ക് 15 മുതൽ 20 മിനിറ്റിനുള്ളിൽ പുതിയ ആശുപത്രിയിൽ എത്താൻ കഴിയുമെന്നും, അത്യാധുനിക ഐസിയു, പീഡിയാട്രിക് സൗകര്യങ്ങളുള്ള ലെവൽ-4 ആശുപത്രി രോഗികൾക്ക് കൂടുതൽ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുമെന്നും എൻ.എസ്.ഡബ്ല്യു ആരോഗ്യവകുപ്പും പ്രാദേശിക എം.എൽ.എ മൈക്കൽ ഹോളണ്ടും വ്യക്തമാക്കി.

SCROLL FOR NEXT