കുട്ടികളെ ഓൺലൈനിലൂടെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കുന്ന പ്രവണത വർധിക്കുന്നുവെന്ന മുന്നറിയിപ്പുകൾക്കിടെ, ഓസ്‌ട്രേലിയയിലെ ആദ്യത്തെ ഓൺലൈൻ ഭീഷണി നിരീക്ഷണ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നു. ഭീകരവാദവും ഓൺലൈൻ തീവ്രവൽക്കരണവും തടയുകയെന്ന ലക്ഷ്യത്തോടെ സിഡ്‌നിയിൽ വെള്ളിയാഴ്ചയാണ് കൗണ്ടർ ടെററിസം ഓൺലൈൻ സെന്റർ (CTOC) തുറക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ സെനറ്റ് എസ്റ്റിമേറ്റ്സ് ഹിയറിങ്ങിൽ സംസാരിച്ച ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് കമ്മീഷണർ ക്രിസ്സി ബാരറ്റ്, 12 വയസ്സ് മാത്രം പ്രായമുള്ള ആൺകുട്ടികൾ പോലും വീടുകളിലിരുന്ന് ഓൺലൈനിലൂടെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നതായി മുന്നറിയിപ്പ് നൽകിയിരുന്നു.
12 മുതൽ 17 വയസ്സുവരെയുള്ള തീവ്രവൽക്കരിക്കപ്പെട്ട 55 കുട്ടികളെക്കുറിച്ച് ഫെഡറൽ പൊലീസ് നടത്തിയ ആഭ്യന്തര വിശകലനത്തിൽ, എല്ലാവരും പൂർണമായോ ഭാഗികമായോ ഓൺലൈനിലൂടെയാണ് തീവ്രവാദ ആശയങ്ങളിലേക്ക് എത്തിപ്പെട്ടതെന്ന് കണ്ടെത്തിയതായും ബാരറ്റ് വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ കുറയ്ക്കുന്നതിനും ദേശീയ സുരക്ഷാ ഭീഷണികളെക്കുറിച്ച് നേരത്തേ മുന്നറിയിപ്പ് നൽകുന്നതിനുമുള്ള പുതിയ സംവിധാനമായിരിക്കും CTOC. സോഷ്യൽ മീഡിയ, ഗെയിമിങ് പ്ലാറ്റ്‌ഫോമുകൾ, ഓൺലൈൻ ഫോറങ്ങൾ, ഡാർക്ക് വെബ് എന്നിവ ഉപയോഗിച്ച് വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്ന വ്യക്തികളെയും സംഘടനകളെയും തിരിച്ചറിയുകയാണ് പ്രധാന ലക്ഷ്യം.
നിലവിലുള്ള ഭീകരവിരുദ്ധ സംവിധാനങ്ങൾക്കോ അന്വേഷണങ്ങൾക്കോ പകരമല്ല പുതിയ കേന്ദ്രമെന്ന് ബാരറ്റ് പറഞ്ഞു. പകരം, ഓൺലൈനിൽ വിദ്വേഷം വളരുന്ന ഇടങ്ങളെ കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് കേന്ദ്രം ചെയ്യുക. ഓൺലൈൻ ഭീഷണികളുടെ സ്വഭാവം അതിവേഗം മാറുന്നതിനാൽ കഴിഞ്ഞ 20 വർഷത്തെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽനിന്നുള്ള എല്ലാ പാഠങ്ങളും ഇന്നത്തെ സാഹചര്യത്തിൽ മതിയാകില്ലെന്നും അവർ ചൂണ്ടിക്കാട്ടി. യുവാക്കളെ വളരെ വേഗത്തിൽ തീവ്രവൽക്കരിക്കാൻ കഴിയുന്ന സാഹചര്യമാണുള്ളതെന്നും ഒരു ടെസ്റ്റ് ക്രിക്കറ്റ് മത്സരം കാണാൻ വേണ്ട സമയംകൊണ്ട് പോലും കുട്ടികൾ സ്വയം തീവ്രവാദ ആശയങ്ങളിലേക്ക് എത്തുന്ന സംഭവങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടിട്ടുണ്ടെന്നും ബാരറ്റ് പറഞ്ഞു.
ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസിന്റെയും രഹസ്യാന്വേഷണ ഏജൻസിയായ ASIOയുടെയും കഴിവുകളും അധികാരങ്ങളും സംയോജിപ്പിച്ചുള്ള രഹസ്യ കേന്ദ്രമായിരിക്കും CTOC. ഓൺലൈൻ ദേശീയ സുരക്ഷാ ഭീഷണികളെക്കുറിച്ചുള്ള രഹസ്യവിവരങ്ങളും മുന്നറിയിപ്പുകളും കൈമാറാൻ വിദേശ പങ്കാളികൾക്കും കേന്ദ്രം ഏകോപന സംവിധാനമായി പ്രവർത്തിക്കും. തീവ്രവാദ ആശയങ്ങളിലേക്ക് എത്തുന്നവർ എൻക്രിപ്റ്റഡ് ചാറ്റ് ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ള ഓൺലൈൻ ഇടങ്ങളിലാണ് കൂടുതലായി ഇടപെടുന്നതെന്ന് ASIO ഡയറക്ടർ ജനറൽ മൈക്ക് ബർഗസ് പറഞ്ഞു. ഇത്തരം വ്യക്തികളെ തിരിച്ചറിയാനും അവരുടെ ലക്ഷ്യങ്ങളും ശേഷിയും മനസ്സിലാക്കാനും പലപ്പോഴും ഓൺലൈൻ നിരീക്ഷണം മാത്രമാണ് വഴിയെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോളതലത്തിലുള്ള ഒരു സ്വകാര്യ നിയോ-നാസി ടെലിഗ്രാം ഗ്രൂപ്പിൽ ASIO നുഴഞ്ഞുകയറി ഓസ്‌ട്രേലിയയിൽ നിന്നുള്ള ഒരു കുട്ടിയെ തിരിച്ചറിഞ്ഞ സംഭവം ബർഗസ് ഉദാഹരണമായി ചൂണ്ടിക്കാട്ടി. ശിക്ഷിക്കപ്പെട്ട ഭീകരരെ പുകഴ്ത്തുകയും ആക്രമണം നടത്താനുള്ള ശേഷിയെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്ന വ്യക്തിയെയാണ് കണ്ടെത്തിയത്. 16 വയസ്സിൽ താഴെയായിരുന്ന കുട്ടി തീവ്രവൽക്കരണത്തിന്റെ പ്രാരംഭ ഘട്ടത്തിലായിരുന്നതിനാൽ, അക്രമാസക്തമായ തീവ്രവാദ ആശയങ്ങളെ പ്രതിരോധിക്കുന്ന പദ്ധതിയിലേക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു.
ആഭ്യന്തരകാര്യ മന്ത്രി ടോണി ബർക്ക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്ന കേന്ദ്രം, ദേശീയ സുരക്ഷയ്ക്കായി സർക്കാർ നാല് വർഷത്തിനിടെ നീക്കിവച്ച 180.2 മില്യൺ ഡോളറിന്റെ പദ്ധതിയുടെ ഭാഗമാണ്. 2025ലെ ഭീകരവിരുദ്ധ റിപ്പോർട്ടായ A Safer Australia പുറത്തിറക്കിയതിനു പിന്നാലെയാണ് ഈ നിക്ഷേപം പ്രഖ്യാപിച്ചത്. ഓൺലൈൻ ഭീഷണികൾ ഏകോപിപ്പിച്ച് നേരിടുന്നതിനുള്ള രാജ്യത്തെ ആദ്യത്തെ കേന്ദ്ര സംവിധാനമാണിതെന്ന് ടോണി ബർക്ക് പറഞ്ഞു. തീവ്രവാദികൾ ഒത്തുചേരുന്ന ഇടങ്ങൾ നിരീക്ഷിച്ചിരുന്ന സംവിധാനത്തിന് ഇനി ഓൺലൈൻ ചാറ്റ് ഇടങ്ങളും നിരീക്ഷിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 74 മില്യൺ ഡോളർ ചെലവിൽ പ്രവർത്തിക്കുന്ന CTOC, കുട്ടികളുടെ സംരക്ഷണം, വിദേശ ഇടപെടലുകൾ തടയൽ, സൈബർ കുറ്റകൃത്യങ്ങൾ ചെറുക്കൽ തുടങ്ങിയ മേഖലകളിലെ നിലവിലുള്ള സംയുക്ത സംവിധാനങ്ങൾക്കൊപ്പം പ്രവർത്തിക്കും.