സിഡ്‌നി തീരങ്ങളിൽ AI ഡ്രോൺ നിരീക്ഷണം  Laura College/ Unsplash
New South Wales

സ്രാവ് ആക്രമണം വർദ്ധിക്കുന്നു; സിഡ്‌നി തീരങ്ങളിൽ AI ഡ്രോൺ നിരീക്ഷണം ശക്തമാക്കാൻ ഓസ്‌ട്രേലിയ

അടുത്ത കാലത്തായി സിഡ്‌നി തീരങ്ങളിലുണ്ടായ തുടർച്ചയായ സ്രാവ് ആക്രമണങ്ങളാണ് അടിയന്തര നടപടിക്ക് സർക്കാരിനെ പ്രേരിപ്പിച്ചത്.

Elizabath Joseph

സിഡ്‌നി: സിഡ്‌നി ഉൾപ്പെടെയുള്ള ന്യൂ സൗത്ത് വെയ്‌ൽസ് സംസ്ഥാനത്തെ പ്രശസ്തമായ ബീച്ചുകളിൽ സ്രാവുകളുടെ ആക്രമണവും സാന്നിധ്യവും വൻതോതിൽ വർദ്ധിച്ചതിനെത്തുടർന്ന് സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കി ഓസ്‌ട്രേലിയൻ ഭരണകൂടം. ഇതിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്രാവ് നിരീക്ഷണ ഡ്രോണുകളുടെ വ്യാപ്തി വർദ്ധിപ്പിക്കാൻ ജൂലൈ 1 മുതൽ പുതിയ പദ്ധതി നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായി 34 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 190 കോടി രൂപ) അധികമായി നിക്ഷേപിക്കാനാണ് പ്രീമിയർ ക്രിസ് മിൻസ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ അടുത്ത രണ്ട് വർഷത്തിനുള്ളിൽ സ്രാവുകളിൽ നിന്നുള്ള സുരക്ഷയ്ക്കായി രാജ്യം ചിലവഴിക്കുന്ന ആകെ തുക 120 മില്യൺ ഡോളറായി ഉയരും.

അടുത്ത കാലത്തായി സിഡ്‌നി തീരങ്ങളിലുണ്ടായ തുടർച്ചയായ സ്രാവ് ആക്രമണങ്ങളാണ് അടിയന്തര നടപടിക്ക് സർക്കാരിനെ പ്രേരിപ്പിച്ചത്. ജൂൺ 13-ന് സിഡ്‌നിയിലെ പ്രശസ്തമായ കൂജി ബീച്ചിൽ നീന്താനിറങ്ങിയ പ്രാദേശിക സ്കൂൾ അധ്യാപികയെ സ്രാവ് ക്രൂരമായി ആക്രമിക്കുകയും ഗുരുതര പരിക്കേറ്റ ഇവരുടെ ഒരു കൈ ശസ്ത്രക്രിയയിലൂടെ മുറിച്ചു മാറ്റേണ്ടി വരികയും ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ചയിൽ ബേണ്ടായ്‌ ബീച്ചിൽ കൂറ്റൻ വൈറ്റ് ഷാർക്കിനെ കണ്ടെത്തിയതിനെത്തുടർന്ന് തുടർച്ചയായി മൂന്ന് ദിവസമാണ് ബീച്ച് അടച്ചിട്ടത്. ഇക്കഴിഞ്ഞ ജനുവരിയിൽ സിഡ്‌നി ഹാർബറിൽ വെച്ച് 12 വയസ്സുകാരൻ സ്രാവടിയേറ്റ് മരണപ്പെട്ടിരുന്നു. സമുദ്രത്തിലെ താപനില ഉയരുന്നതനുസരിച്ച് സ്രാവുകളുടെ സഞ്ചാരപഥത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ആക്രമണങ്ങൾ വർദ്ധിക്കാൻ കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.

ഉപയോഗിക്കുന്നത് അത്യാധുനിക സാങ്കേതികവിദ്യകൾ:

പുതിയ പദ്ധതി പ്രകാരം സിഡ്‌നിയിലെ 38 ബീച്ചുകൾ ഉൾപ്പെടെ ന്യൂ സൗത്ത് വെയ്‌ൽസിലെ എഴുപതോളം തീരങ്ങളിൽ ദിവസേന പുലർച്ചെ മുതൽ സന്ധ്യ വരെ ഡ്രോൺ നിരീക്ഷണം ഉണ്ടായിരിക്കും. 'സർഫ് ലൈഫ് സേവിംഗ് എൻഎസ്ഡബ്ല്യു'-വിന്റെ നേതൃത്വത്തിലാണ് ഈ ഡ്രോണുകൾ പ്രവർത്തിപ്പിക്കുക. ഡ്രോണുകൾ സ്രാവുകളെ കണ്ടെത്തിയാൽ ഉടൻ തന്നെ സൈറണുകൾ മുഴക്കി ലൈഫ് ഗാർഡുകൾ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകും. നിലവിലുള്ള പരമ്പരാഗത വാലാറുകൾക്ക് പുറമെ, സ്മാർട്ട് ഡ്രംലൈനുകൾ വഴി സ്രാവുകളുടെ ശരീരത്തിൽ ടാഗുകൾ ഘടിപ്പിക്കുകയും, ഇവ തീരത്തിനടുത്തെത്തുമ്പോൾ ജനങ്ങളുടെ മൊബൈൽ ഫോണുകളിലും സ്മാർട്ട് വാച്ചുകളിലും 'ഷാർക്ക് സ്മാർട്ട്' ആപ്പ് വഴി തത്സമയ അലേർട്ടുകൾ ലഭ്യമാക്കുകയും ചെയ്യുന്ന സംവിധാനവും ഇവിടെ സജീവമാണ്.

SCROLL FOR NEXT