സിഡ്നി: സിഡ്നി–ന്യൂകാസിൽ അതിവേഗ റെയിൽ ഇടനാഴി വികസിപ്പിക്കുന്നതിനുള്ള പദ്ധതിയിൽ നിർണായക ഘട്ടത്തിലേക്ക് കടന്ന് ഓസ്ട്രേലിയൻ ഹൈ സ്പീഡ് റെയിൽ അതോറിറ്റി (HSRA). മണിക്കൂറിൽ 320 കിലോമീറ്റർ വരെ വേഗതയിൽ സർവീസ് നടത്താൻ കഴിയുന്ന റെയിൽ ശൃംഖലയുടെ രൂപകൽപ്പനയും സാങ്കേതിക വികസനവും ലക്ഷ്യമിട്ടാണ് ആഗോള കമ്പനികളുടെ കൺസോർഷ്യങ്ങളെ പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് തെരഞ്ഞെടുത്തത്. നിർമാണം ആരംഭിക്കുന്നതിന് മുമ്പുള്ള Early Contractor Involvement (ECI) ഘട്ടത്തിലാണ് പദ്ധതി ഇപ്പോൾ. നിർമാണച്ചെലവ്, രൂപകൽപ്പന, സാങ്കേതിക ആവശ്യകതകൾ, അനുമതികൾ, എഞ്ചിനീയറിങ് സാധ്യതകൾ എന്നിവ സംബന്ധിച്ച വിശദമായ വിവരങ്ങൾ ശേഖരിച്ച ശേഷമായിരിക്കും അന്തിമ നിർമാണ തീരുമാനങ്ങൾ.
പദ്ധതിയെ പ്രധാനമായും രണ്ട് വിഭാഗങ്ങളായാണ് തിരിച്ചത്. ട്രെയിനുകൾ, റെയിൽ സംവിധാനങ്ങൾ, സിസ്റ്റം ഇന്റഗ്രേഷൻ എന്നിവ ഉൾപ്പെടുന്ന ആദ്യ വിഭാഗത്തിൽ Alstom/UGL Joint Venture, ARC Joint Venture എന്നിവയാണ് പ്രവർത്തിക്കുക. Siemens Mobility, Mott MacDonald Australia, Hitachi Rail STS Australia എന്നിവയാണ് ARC കൺസോർഷ്യത്തിലെ പ്രധാന കമ്പനികൾ. ടണലിങ്, അടിസ്ഥാന സൗകര്യ നിർമാണം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി Acciona, John Holland, Gamuda, Samsung C&T, CPB Contractors, Ferrovial, Vinci തുടങ്ങിയ കമ്പനികളെയും പദ്ധതിയിലേക്ക് പരിഗണിച്ചിട്ടുണ്ട്.
പദ്ധതി യാഥാർഥ്യമാകുന്നതോടെ സിഡ്നി–ന്യൂകാസിൽ യാത്രാ സമയം ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ. നിലവിലെ റോഡ്, സാധാരണ റെയിൽ ഗതാഗതത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനൊപ്പം ന്യൂ സൗത്ത് വെയിൽസിലെ പ്രാദേശിക ഗതാഗത ബന്ധം ശക്തിപ്പെടുത്താനും പദ്ധതി ലക്ഷ്യമിടുന്നു. അതിവേഗ റെയിൽ സർവീസ് ആരംഭിക്കുന്നതോടെ സിഡ്നിയും ന്യൂകാസിലും തമ്മിലുള്ള യാത്ര കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടത്താനാകുമെന്നതിനാൽ പ്രാദേശിക ടൂറിസത്തിനും സാമ്പത്തിക പ്രവർത്തനങ്ങൾക്കും ഇത് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, പദ്ധതി ഇപ്പോഴും ആസൂത്രണ–വികസന ഘട്ടത്തിലാണ്. നിലവിൽ യാത്രക്കാർക്കായി സർവീസ് ആരംഭിച്ചിട്ടില്ലെന്നും ടിക്കറ്റുകൾ ലഭ്യമല്ലെന്നും അധികൃതർ വ്യക്തമാക്കി. അതിവേഗ റെയിലിനായി മുൻകൂർ ബുക്കിങ് വാഗ്ദാനം ചെയ്യുന്ന അനധികൃത വെബ്സൈറ്റുകളെ യാത്രക്കാർ വിശ്വസിക്കരുതെന്നും മുന്നറിയിപ്പുണ്ട്.
പദ്ധതി നിർമാണത്തിലേക്ക് കടക്കുന്നതും സർവീസ് ആരംഭിക്കുന്ന തീയതിയും സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ HSRAയുടെ ഭാഗത്തുനിന്നാണ് ഉണ്ടാകുക. ഓസ്ട്രേലിയയിലെ ആദ്യ സമഗ്ര അതിവേഗ റെയിൽ ശൃംഖലയിലേക്കുള്ള പ്രധാന ചുവടുവയ്പ്പായാണ് സിഡ്നി–ന്യൂകാസിൽ പദ്ധതിയുടെ പുതിയ വികസന ഘട്ടത്തെ കാണുന്നത്.