(Photograph: Goksel Yapar/AFP/Getty Images)
New South Wales

COP31: കൽക്കരി വ്യാപാരത്തിന്റെ പേരിൽ ഓസ്‌ട്രേലിയക്കും തുർക്കിക്കും വിമർശനം

ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് വേഗത്തിൽ മാറുന്നതിനുള്ള ആഗോള കരാറിന്റെ ആവശ്യകതയിൽ ഇരു രാജ്യങ്ങളും കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നാണ് കാലാവസ്ഥാ പ്രവർത്തകരുടെ ആരോപണം.

Safvana Jouhar

അടുത്ത മാസം തുർക്കിയിലെ അന്റാലിയയിൽ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയായ COP31ന്റെ ആതിഥേയ രാജ്യങ്ങളായ ഓസ്‌ട്രേലിയക്കും തുർക്കിക്കും കൽക്കരി വ്യാപാരവുമായി ബന്ധപ്പെട്ട് വിമർശനം. ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് വേഗത്തിൽ മാറുന്നതിനുള്ള ആഗോള കരാറിന്റെ ആവശ്യകതയിൽ ഇരു രാജ്യങ്ങളും കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നാണ് കാലാവസ്ഥാ പ്രവർത്തകരുടെ ആരോപണം. രണ്ടാഴ്ച നീളുന്ന COP31ന്റെ ഒരുക്കങ്ങൾ ഈ ആഴ്ച ഫിജിയിലും ടുവാലുവിലും നടക്കുന്ന ഉന്നതതല യോഗങ്ങളോടെ സജീവമാകും. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസും 50ലധികം രാജ്യങ്ങളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. COP31ന്റെ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന പുതിയ ചുമതലയുള്ള ഓസ്‌ട്രേലിയ, യോഗം പസഫിക് മേഖലയിൽ നടത്താൻ നേരത്തെ നിർദേശിച്ചിരുന്നു. സമുദ്രനിരപ്പ് ഉയരുന്നതിന്റെ ഭീഷണി നേരിടുന്ന ചെറു ദ്വീപ് രാജ്യങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുകയായിരുന്നു ലക്ഷ്യം. എന്നാൽ മേഖലക്ക് പുറത്തുനിന്ന് പ്രതീക്ഷിച്ചതിലും കുറച്ച് നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

ഓസ്‌ട്രേലിയൻ സംസ്ഥാനമായ ന്യൂ സൗത്ത് വെയിൽസിലെ ഹണ്ടർ വാലി ഓപ്പറേഷൻസ് താപ കൽക്കരി ഖനിയുടെ കാലാവധി 19 വർഷത്തേക്ക് നീട്ടാനുള്ള അനുമതി ലഭിച്ചതിന് പിന്നാലെയാണ് വിമർശനം ശക്തമായത്. പദ്ധതിക്ക് ഫെഡറൽ അനുമതി കൂടി ലഭിച്ചാൽ 809 ദശലക്ഷം ടൺ കാർബൺ ഡയോക്സൈഡ് പുറന്തള്ളലിന് കാരണമാകുമെന്നാണ് ഖനിയുടെ ഉടമകളായ യാങ്കോൾ, ഗ്ലെൻകോർ എന്നിവരുടെ കണക്ക്. 2015ലെ പാരീസ് കാലാവസ്ഥാ കരാറിന് ശേഷം ഓസ്‌ട്രേലിയയിൽ നിന്ന് തുർക്കിയിലേക്കുള്ള കൽക്കരി വിതരണവുമായി ബന്ധപ്പെട്ട് 7.5 കോടി ടണ്ണിലധികം കാർബൺ ഡയോക്സൈഡ് പുറന്തള്ളലുണ്ടായതായി 350.org പുറത്തുവിട്ട റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇരു രാജ്യങ്ങളും ദ്രവീകൃത പ്രകൃതി വാതക (LNG) വ്യാപാരവും വർധിപ്പിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

COP31ന്റെ അധ്യക്ഷ രാജ്യങ്ങൾ ഫോസിൽ ഇന്ധനങ്ങളെക്കുറിച്ച് പൊതുവേദികളിൽ കാര്യമായ പരാമർശം നടത്തുന്നില്ലെന്നും പ്രവർത്തകർ ആരോപിച്ചു. ഉച്ചകോടിയുമായി ബന്ധപ്പെട്ട തുർക്കിയുടെ രണ്ട് കത്തുകളിലും ഓസ്‌ട്രേലിയയുമായി ചേർന്ന് പുറത്തിറക്കിയ മറ്റൊരു കത്തിലുമൊന്നും ഫോസിൽ ഇന്ധനങ്ങളെക്കുറിച്ച് പരാമർശമില്ല. ന്യൂയോർക്കിൽ അടുത്തിടെ നടത്തിയ പ്രസംഗത്തിലും ആൽബനീസ് ഫോസിൽ ഇന്ധനങ്ങളെക്കുറിച്ച് പരാമർശിച്ചിരുന്നില്ല. ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള മാറ്റത്തിന് വ്യക്തമായ സമയക്രമം പ്രഖ്യാപിക്കണമെന്നും കൽക്കരി ഘട്ടംഘട്ടമായി അവസാനിപ്പിക്കുന്നതിനുള്ള തീയതി ഇരു രാജ്യങ്ങളും പ്രഖ്യാപിക്കണമെന്നും 350.org ആവശ്യപ്പെട്ടു.

അതേസമയം, ഓസ്‌ട്രേലിയ ആഭ്യന്തരമായി സൗരോർജ, കാറ്റാടി വൈദ്യുതി മേഖലകളുടെ വികസനം വേഗത്തിലാക്കിയിട്ടുണ്ടെങ്കിലും ലോകത്തിലെ പ്രധാന കൽക്കരി, LNG കയറ്റുമതി രാജ്യങ്ങളിലൊന്നായി തുടരുകയാണ്. ഈ വർഷം രാജ്യത്തിന്റെ കൽക്കരി, LNG കയറ്റുമതി വരുമാനം 140 ബില്യൺ ഓസ്‌ട്രേലിയൻ ഡോളറിലധികമാകുമെന്നാണ് പ്രതീക്ഷ. കാലാവസ്ഥാ മന്ത്രി ക്രിസ് ബോവൻ ഓസ്‌ട്രേലിയ ഫോസിൽ ഇന്ധന കയറ്റുമതി ചെയ്യുന്ന രാജ്യമാണെന്ന് സമ്മതിച്ചെങ്കിലും കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നത് രാജ്യത്തിന്റെ സാമ്പത്തിക, തന്ത്രപ്രധാന താൽപര്യങ്ങൾക്ക് അനിവാര്യമാണെന്ന് വ്യക്തമാക്കി. പുനരുപയോഗ ഊർജ കയറ്റുമതി രാജ്യമായി മാറുന്നതിലൂടെ ആഗോള കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിൽ ഓസ്‌ട്രേലിയക്ക് നിർണായക പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT