സിഡ്നി: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തെ സെസ്നോക്കിൽ ഇന്ത്യൻ വംശജരെ ലക്ഷ്യമിട്ട് അപകീർത്തികരമായ വംശീയ വിദ്വേഷ സ്റ്റിക്കറുകൾ പ്രചരിപ്പിച്ച സംഭവത്തിനെതിരെ കടുത്ത പ്രതിഷേധം. പ്രദേശത്ത് വിദ്വേഷവും ഭിന്നതയും വിതയ്ക്കാനുള്ള ഇത്തരം ശ്രമങ്ങൾ ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്ന് ഹണ്ടർ മേഖലയിലെ ഫെഡറൽ എംപി ഡേവിഡ് റെപച്ചോളി വ്യക്തമാക്കി. പൊതുസ്ഥലങ്ങളിൽ പതിച്ചിട്ടുള്ള ഇത്തരം സ്റ്റിക്കറുകൾ കണ്ടെത്തി ഉടനടി നീക്കം ചെയ്യാൻ ജനങ്ങളുടെ പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു.
ഇന്ത്യൻ വംശജരെ മോശമായി ചിത്രീകരിക്കുന്ന ഗ്രാഫിക്സുകളോടൊപ്പം വിദ്വേഷ സന്ദേശങ്ങളും അടങ്ങിയതാണ് ഈ സ്റ്റിക്കറുകൾ. ഓസ്ട്രേലിയൻ ജനസംഖ്യയിൽ 32 ശതമാനത്തോളം പേരും വിദേശത്ത് ജനിച്ചവരാണെന്നും അതിൽ വലിയൊരു പങ്കും ഇന്ത്യക്കാരാണെന്നും അവകാശപ്പെടുന്ന ലഘുലേഖകളിൽ, കുടിയേറ്റക്കാരെ തിരിച്ചയക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. ഇത്തരം വിദ്വേഷ പ്രചാരണങ്ങൾക്ക് അർഹിക്കുന്നതിലധികം പ്രചാരം നൽകരുതെന്നും അവ ശ്രദ്ധയിൽപ്പെട്ടാൽ വിവരങ്ങൾ കൈമാറി എത്രയും വേഗം നീക്കം ചെയ്യുകയാണ് വേണ്ടതെന്നും എംപി ജനങ്ങളോട് ആവശ്യപ്പെട്ടു. സെസ്നോക്കിലോ ഹണ്ടർ മേഖലയിലോ വംശീയതയ്ക്ക് യാതൊരു സ്ഥാനവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാനമായ രീതിയിൽ ഹണ്ടർ മേഖലയിൽ ഇന്ത്യൻ സമൂഹത്തിന് നേരെ ഉണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ ജൂലൈയിൽ കുറി കുറി പ്രദേശത്തെ വീടുകളിലെ ലെറ്റർബോക്സുകളിൽ ഇന്ത്യൻ കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് വിദ്വേഷ ലഘുലേഖകൾ വിതരണം ചെയ്തത് വലിയ ചർച്ചയായിരുന്നു. അന്ന് പ്രാദേശിക ഇന്ത്യൻ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കെതിരെ കടുത്ത വംശീയ അധിക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിൽ എംപി ശക്തമായ താക്കീത് നൽകിയിരുന്നു. കുടിയേറ്റക്കാർക്കെതിരെ നടക്കുന്ന ഇത്തരം സംഘടിത നീക്കങ്ങൾക്കെതിരെ ഓസ്ട്രേലിയൻ മലയാളികൾ അടക്കമുള്ള പ്രവാസി സമൂഹങ്ങൾക്കിടയിൽ ആശങ്ക ശക്തമാകുന്നുണ്ട്.