മുൻ റേഡിയോ അവതാരകനും മുൻ റഗ്ബി പരിശീലകനുമായ അലൻ ജോൺസ്  (George Chan)
New South Wales

അലൻ ജോൺസിനെതിരായ ലൈംഗികാതിക്രമ കേസിൽ യുവ കായികതാരത്തിന്റെ മൊഴി കോടതിയിൽ

സിഡ്‌നിയിലെ ഡൗണിംഗ് സെന്റർ ലോക്കൽ കോടതിയിൽ നടക്കുന്ന മാസങ്ങൾ നീളുന്ന വിചാരണയിലാണ് പരാതിക്കാരിൽ ഒരാൾ മൊഴി നൽകിയത്.

Safvana Jouhar

ഓസ്‌ട്രേലിയൻ മുൻ റേഡിയോ അവതാരകനും മുൻ റഗ്ബി പരിശീലകനുമായ അലൻ ജോൺസിനെതിരായ ലൈംഗികാതിക്രമ കേസിൽ യുവ കായികതാരം കോടതിയിൽ മൊഴി നൽകി. 85കാരനായ ജോൺസിനെതിരെ 2003നും 2020നും ഇടയിൽ ആറ് പുരുഷന്മാരെ ലൈംഗികമായി അതിക്രമിക്കുകയും സമ്മതമില്ലാതെ ലൈംഗിക സ്പർശനം നടത്തുകയും ചെയ്തെന്ന 22 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കുറ്റങ്ങൾ ജോൺസ് നിഷേധിച്ചിട്ടുണ്ട്. സിഡ്‌നിയിലെ ഡൗണിംഗ് സെന്റർ ലോക്കൽ കോടതിയിൽ നടക്കുന്ന മാസങ്ങൾ നീളുന്ന വിചാരണയിലാണ് പരാതിക്കാരിൽ ഒരാൾ മൊഴി നൽകിയത്. ജോൺസിനെ പരിചയപ്പെടുമ്പോൾ തനിക്ക് 14 വയസും മികച്ച ഭാവിയുള്ള യുവ അത്‌ലറ്റുമായിരുന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

തന്റെ കായിക മികവിനെ ജോൺസ് പ്രശംസിക്കുകയും കായികരംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി മൊബൈൽ ഫോൺ, കാർ, ആഴ്ചയിൽ 400 ഡോളർ വരെ സാമ്പത്തിക സഹായം എന്നിവ നൽകിയെന്നും പരാതിക്കാരൻ പറഞ്ഞു. പിന്നീട് ആഴ്ചയിലെ തുക 600 ഡോളറായി ഉയർന്നതായും കോടതിയെ അറിയിച്ചു. ജോൺസ് തന്നെ ലൈംഗികമായി അതിക്രമിച്ചുവെന്ന് ആരോപിച്ച സംഭവത്തിന് ശേഷവും ഒമ്പത് വർഷത്തോളം സാമ്പത്തിക സഹായം തുടർന്നുവെന്നാണ് മൊഴി. പിന്നീട് ജോൺസിന്റെ അക്കൗണ്ടന്റിൽ നിന്ന് ആകെ 110,000 ഡോളർ വരുന്ന പണമിടപാടുകൾ സംബന്ധിച്ച ഇമെയിൽ ലഭിച്ചതായും പരാതിക്കാരൻ പറഞ്ഞു. “എന്റെ ഹൃദയം ഏതാണ്ട് നിലച്ചുപോയി. അത് തിരിച്ചടയ്ക്കാൻ എനിക്ക് കഴിയില്ലെന്ന് ഞാൻ കരുതി,” അദ്ദേഹം കോടതിയിൽ പറഞ്ഞു.

ഫിറ്റ്സ്റോയ് ഫാൾസിലെ ജോൺസിന്റെ വസതിയിൽ വെച്ച് തനിക്ക് സമ്മതമില്ലാത്ത ചുംബനങ്ങളും ലൈംഗിക അതിക്രമവും നേരിടേണ്ടി വന്നതായും പരാതിക്കാരൻ ആരോപിച്ചു. സംഭവദിവസം ഇരുവരും വീഞ്ഞ് കഴിച്ചിരുന്നുവെന്നും തുടർന്ന് ജോൺസ് “ഇവിടെ ഒരു നിയമം മാത്രമേയുള്ളൂ; ഇവിടെ നിയമങ്ങളൊന്നുമില്ല” എന്ന് പറഞ്ഞതായും അദ്ദേഹം മൊഴി നൽകി. തുടർന്ന് കുളിച്ച് വസ്ത്രമില്ലാതെ ഒരു റോബിൽ തിരിച്ചുവരാൻ ജോൺസ് ആവശ്യപ്പെട്ടതായും പരാതിക്കാരൻ പറഞ്ഞു. എന്നാൽ സംഭവിക്കാൻ പോകുന്നതിനെക്കുറിച്ച് ആശങ്കയുണ്ടായിരുന്നതിനാൽ റോബിനടിയിൽ അടിവസ്ത്രം ധരിച്ചാണ് തിരിച്ചെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അടിവസ്ത്രം ധരിച്ചതിന് ജോൺസ് തന്നെ ശകാരിച്ചെന്നും തുടർന്ന് ശരീരത്തിൽ അനുമതിയില്ലാതെ സ്പർശിച്ചെന്നും പരാതിക്കാരൻ ആരോപിച്ചു. തനിക്ക് അസ്വസ്ഥതയുണ്ടെന്ന് പറഞ്ഞതോടെ ജോൺസ് അത് നിർത്തിയതായും അദ്ദേഹം പറഞ്ഞു. പിന്നീട് കിടക്കയിലേക്ക് പോയപ്പോൾ ജോൺസ് പിന്തുടർന്ന് എത്തുകയും ആലിംഗനം ചെയ്ത് “ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്ന് പറയുകയും ചെയ്തതായി പരാതിക്കാരൻ പറഞ്ഞു. തുടർന്ന് വീണ്ടും അനുമതിയില്ലാത്ത ശാരീരിക അടുപ്പത്തിന് ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു. “വളരെക്കാലത്തിനിടെ ഇത്രയും ഭയവും പരിഭ്രാന്തിയും എനിക്ക് തോന്നിയിട്ടില്ല. എന്റെ ഹൃദയം നെഞ്ചിൽ നിന്ന് പുറത്തേക്ക് വരുന്നതുപോലെയായിരുന്നു,” അദ്ദേഹം കോടതിയിൽ പറഞ്ഞു.

പിന്നീട് സിഡ്‌നിയിലെ ജോൺസിന്റെ അപ്പാർട്ട്മെന്റിൽ വെച്ച് സമാനമായ മറ്റൊരു അനിഷ്ട സംഭവമുണ്ടായതായും പരാതിക്കാരൻ ആരോപിച്ചു. താൻ ജോൺസിനെതിരെ പ്രതികരിച്ചാൽ എല്ലാം നഷ്ടപ്പെടുമെന്ന് ഭയന്നിരുന്നതായും ആരും തന്റെ വാക്കുകൾ വിശ്വസിക്കില്ലെന്ന് കരുതിയിരുന്നതായും അദ്ദേഹം പറഞ്ഞു. “സംഭവിച്ചത് തെറ്റാണെന്ന് എനിക്ക് അറിയാമായിരുന്നു. എനിക്ക് വേണ്ടത് സംഭവിച്ചതിന് നീതി ലഭിക്കണമെന്നത് മാത്രമാണ്,” പരാതിക്കാരൻ കോടതിയിൽ പറഞ്ഞു. ജോൺസിനെതിരെ ഈ പരാതിക്കാരനുമായി ബന്ധപ്പെട്ട് ഒമ്പത് ലൈംഗികാതിക്രമ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം ജോൺസ് നിഷേധിക്കുന്നു. പ്രതിഭാഗം അഭിഭാഷകൻ പരാതിക്കാരന്റെ ആരോപണങ്ങളുടെ വിശ്വാസ്യതയും മൊഴിയുടെ കൃത്യതയും ക്രോസ് വിസ്താരത്തിൽ പരിശോധിക്കുമെന്ന് കോടതിയെ അറിയിച്ചു. പരാതിക്കാരൻ റിമോട്ട് വീഡിയോ സംവിധാനത്തിലൂടെ മൊഴി നൽകുമ്പോൾ ജോൺസ് കോടതിയിൽ ഇരുന്ന് വിശദമായ കുറിപ്പുകൾ എടുത്തു. കേസിന്റെ വിചാരണ തുടരുകയാണ്.

-AAP

SCROLL FOR NEXT