(Justin McManus)
New South Wales

ഓസ്‌ട്രേലിയയിൽ വ്യത്യസ്ത കാലാവസ്ഥ; മെൽബണിൽ തണുപ്പും മഴയും, സിഡ്നിയിൽ ചൂട്

മെൽബണിൽ ശനിയാഴ്ച പരമാവധി 15 ഡിഗ്രി സെൽഷ്യസ് മാത്രമായിരിക്കും. രാവിലെയും ഉച്ചയ്ക്കും മഴയ്ക്ക് സാധ്യതയുണ്ട്.

Safvana Jouhar

ഓസ്‌ട്രേലിയയിൽ വാരാന്ത്യത്തിൽ വ്യത്യസ്ത കാലാവസ്ഥ. എഎഫ്എൽ ഗ്രാൻഡ് ഫൈനൽ നടക്കുന്ന മെൽബണിൽ തണുപ്പും മഴയും അനുഭവപ്പെടുമ്പോൾ സിഡ്നിയിലും മറ്റ് ചില പ്രദേശങ്ങളിലും താപനില 30 ഡിഗ്രി സെൽഷ്യസിനോട് അടുക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മെൽബണിൽ ശനിയാഴ്ച പരമാവധി 15 ഡിഗ്രി സെൽഷ്യസ് മാത്രമായിരിക്കും. രാവിലെയും ഉച്ചയ്ക്കും മഴയ്ക്ക് സാധ്യതയുണ്ട്. ദക്ഷിണ സമുദ്രത്തിൽ നിന്നുള്ള തണുത്ത കാറ്റാണ് തെക്കൻ വിക്ടോറിയയിൽ തണുപ്പും മഴയും എത്തിക്കുന്നത്. എന്നാൽ വടക്കൻ വിക്ടോറിയയിലെ ചില പ്രദേശങ്ങളിൽ താപനില 20കളുടെ അവസാനത്തിലെത്തും.

സിഡ്നിയിൽ ശനിയാഴ്ച ചൂട്

സിഡ്നിയിൽ ശനിയാഴ്ച ചൂടുള്ള കാലാവസ്ഥയായിരിക്കും. സിഡ്നി ഒളിമ്പിക് പാർക്കിൽ 34 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. രാവിലെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും വൈകുന്നേരത്തോടെ നേരിയ മഴയ്ക്കും നഗരത്തിന്റെ പടിഞ്ഞാറൻ മേഖലകളിൽ ഇടിമിന്നലിനും സാധ്യതയുണ്ട്. എന്നാൽ ഞായറാഴ്ച സിഡ്നിയിൽ താപനില കുത്തനെ താഴും. ശനിയാഴ്ച വൈകുന്നേരത്തോടെ തണുത്ത കാലാവസ്ഥ എത്തും. ഞായറാഴ്ച പരമാവധി 18 ഡിഗ്രി സെൽഷ്യസും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുമുണ്ട്. കാൻബറയിൽ ശനിയാഴ്ച 27 ഡിഗ്രി വരെ ചൂട് ഉയർന്ന ശേഷം ഞായറാഴ്ച 14 ഡിഗ്രിയിലേക്ക് താഴും. ഞായറാഴ്ച മഴയ്ക്കും സാധ്യതയുണ്ട്.

അഡ്‌ലെയ്ഡിലും ഹോബാർട്ടിലും മഴ

തെക്കൻ ഓസ്‌ട്രേലിയയിലെ മറ്റ് മേഖലകളിലും തണുത്ത കാലാവസ്ഥ തുടരും. അഡ്‌ലെയ്ഡിൽ ശനിയാഴ്ച ഏകദേശം 19 ഡിഗ്രി സെൽഷ്യസും മഴയ്ക്കും സാധ്യതയുണ്ട്. ഹോബാർട്ടിൽ പരമാവധി 12 ഡിഗ്രി മാത്രമായിരിക്കും. സെപ്റ്റംബർ മാസത്തിൽ മഴ കുറവായിരുന്ന മെൽബണിനും അഡ്‌ലെയ്ഡിനും വരാനിരിക്കുന്ന മഴ ആശ്വാസമാകും. മെൽബണിൽ ഇതുവരെ 14.2 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. സെപ്റ്റംബറിലെ ദീർഘകാല ശരാശരി 56.8 മില്ലിമീറ്ററാണ്. അഡ്‌ലെയ്ഡിൽ 13.2 മില്ലിമീറ്റർ മഴ ലഭിച്ചപ്പോൾ ശരാശരി 50.3 മില്ലിമീറ്ററാണ്.

ബ്രിസ്ബേനിൽ ചൂട് തുടരും

ബ്രിസ്ബേനിൽ ശനിയാഴ്ച 25 ഡിഗ്രി വരെ താപനില ഉയരും. രാവിലെ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും പിന്നീട് കാലാവസ്ഥ തെളിയും. ഞായറാഴ്ച 28 ഡിഗ്രിയോടെ കൂടുതൽ ചൂടുള്ളതും തെളിഞ്ഞതുമായ കാലാവസ്ഥയായിരിക്കും.

പെർത്തിൽ ശനിയാഴ്ച തണുത്ത കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. പരമാവധി 18 ഡിഗ്രി സെൽഷ്യസും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. അതേസമയം ഡാർവിനിൽ വാരാന്ത്യത്തിലും ചൂട് തുടരും. താപനില 30കളുടെ മധ്യത്തിലെത്തും. ശനിയാഴ്ച പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും ഞായറാഴ്ച മഴയ്ക്കുള്ള സാധ്യത വർധിക്കും. തെക്കുകിഴക്കൻ ഓസ്‌ട്രേലിയയിലെ പല പ്രദേശങ്ങളിലും ഞായറാഴ്ച തണുത്ത കാലാവസ്ഥ അനുഭവപ്പെടും. അടുത്ത ആഴ്ചയുടെ തുടക്കത്തോടെ താപനില വീണ്ടും ഉയരാൻ തുടങ്ങുമെന്നാണ് പ്രവചനം.

SCROLL FOR NEXT