ന്യൂകാസിൽ മലയാളികളുടെ അഭിമാനമായ ന്യൂകാസിൽ ഹണ്ടേഴ്സ് ക്രിക്കറ്റ് ക്ലബ്, ന്യൂ സൗത്ത് വെയിൽസ് ക്രിക്കറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ന്യൂകാസിൽ പ്രീമിയർ ലീഗ് (NPL) ക്രിക്കറ്റ് ടൂർണമെന്റിന്റെ നാലാം പതിപ്പിന്റെ ഫൈനൽ സെപ്റ്റംബർ 21-ന് ഫ്ലെച്ചർ കുറാക്ക ഓവലിൽ നടന്നു. വേനൽക്കാലത്ത് മാത്രമാണ് സാധാരണയായി ക്രിക്കറ്റ് നടക്കുന്ന ഓസ്‌ട്രേലിയയിൽ, ന്യൂകാസിൽ ഹണ്ടേഴ്സ് തുടർച്ചയായി നാലാം വർഷവും ഈ ടൂർണമെന്റ് വിജയകരമായി സംഘടിപ്പിച്ചു. 2022-ൽ എട്ട് ടീമുകളുമായി തുടക്കം കുറിച്ച ലീഗിൽ, ഇത്തവണ ഇരുപത് ടീമുകളാണ് പങ്കെടുത്തത്.
ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ നൈറ്റ് വാച്ച്‌മെൻനെ 51 റൺസിന് തോൽപ്പിച്ച് ആഡംസ്‌ടൗൺ ബ്ലൂസ് ചാമ്പ്യന്മാരായി. ഓസ്‌ട്രേലിയൻ ഇന്റർനാഷണൽ താരം തൻവീർ സംഗ വിജയികൾക്ക് മെഡലുകൾ സമ്മാനിക്കുകയും ലീഗിന് അഭിനന്ദനങ്ങൾ നേർക്കുകയും ചെയ്തു. ക്രിക്കറ്റിന്റെ ആവേശം മാത്രമല്ല, ന്യൂകാസിൽ ബീറ്റ്‌സ് അവതരിപ്പിച്ച കേരളത്തിന്റെ സ്വന്തം ചെണ്ടമേളവും, മെലഡി സ്ട്രിംഗ്‌സ് ബാൻഡിന്റെ വയലിനും, മുപ്പതിലധികം യുവാക്കളെ പങ്കെടുപ്പിച്ച ഫ്ലാഷ്മോബ് ഡാൻസും കലാ-കായിക വിരുന്നായി മാറി. മത്സരം പ്രൊഫഷണൽ ഇംഗ്ലീഷ് കമന്ററിയോടുകൂടി ന്യൂകാസിൽ ഹണ്ടേഴ്സ് യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്തു, ആയിരക്കണക്കിന് ആളുകൾ അത് കണ്ടു.
വിവിധ സ്പോൺസർമാരുടെയും ക്രിക്കറ്റ് ന്യൂ സൗത്ത് വെയിൽസ് ഭാരവാഹികളുടെയും സാന്നിധ്യത്തിൽ നടന്ന സമാപനച്ചടങ്ങിൽ, ന്യൂകാസിൽ സിറ്റി കൗൺസിലർ എലിസബത്ത് ആഡംസ് വിശിഷ്ടാതിഥിയായി. സമാപന ചടങ്ങിൽ, ലീഗ് മാനേജർ പോളവിൻ മാത്യു എല്ലാ ടീമുകൾക്കും, സ്പോൺസർമാർക്കും, സന്നദ്ധപ്രവർത്തകർക്കും നന്ദി അറിയിച്ചു.