ABC News
Australia

ടെലിവിഷൻ ചാനലുകൾ മുടങ്ങില്ല; താൽക്കാലിക കരാറുമായി നെറ്റ്‌വർക്ക് 10-ഉം വിൻ ടിവിയും, ആശ്വാസം

കഴിഞ്ഞ വർഷം സെവൻ നെറ്റ്‌വർക്കും വിൻ ടിവിയും തമ്മിലുള്ള കരാർ പുതുക്കാത്തതിനെത്തുടർന്ന് നാല് ദിവസത്തോളം ജനങ്ങൾക്ക് ചാനലുകൾ നഷ്ടപ്പെട്ടിരുന്നു

Elizabath Joseph

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സൗത്ത് ഓസ്‌ട്രേലിയ (Riverland, South East), ന്യൂ സൗത്ത് വെയ്‌ൽസ് (Griffith) എന്നീ പ്രവിശ്യകളിലെ പ്രാദേശിക ജനവിഭാഗങ്ങൾക്ക് ഫ്രീ-ടു-എയർ (Free-to-air) ചാനലുകൾ ലഭ്യമാക്കുന്നത് തുടരാൻ നെറ്റ്‌വർക്ക് 10-ഉം പ്രാദേശിക ബ്രോഡ്കാസ്റ്ററായ വിൻ ടെലിവിഷനും തമ്മിൽ അടിയന്തര താൽക്കാലിക കരാറിലെത്തി. നിലവിലുള്ള കരാർ ബുധനാഴ്ച അവസാനിക്കാനിരിക്കെ, ചാനലുകളുടെ സംപ്രേഷണം പൂർണ്ണമായി നിർത്തലാക്കുമെന്ന് വിൻ നെറ്റ്‌വർക്ക് ഭീഷണി മുഴക്കിയിരുന്നു. എന്നാൽ പുതിയ മൂന്ന് മാസത്തെ കരാർ പ്രകാരം സെപ്റ്റംബർ 30 വരെ ഈ മേഖലകളിൽ ചാനൽ 10, നിക്കലോഡിയൻ (Nickelodeon) തുടങ്ങിയ ജനപ്രിയ ചാനലുകൾ മുടക്കമില്ലാതെ ലഭ്യമാകും.

മേഖലയിലെ പ്രേക്ഷകർക്ക് തങ്ങളുടെ പ്രോഗ്രാമുകൾ നഷ്ടപ്പെടാതിരിക്കാൻ ഈ മൂന്ന് മാസത്തേക്ക് തങ്ങളുടെ ഫീഡ് സൗജന്യമായാണ് (Free of charge) വിൻ ടെലിവിഷന് നൽകുന്നതെന്ന് നെറ്റ്‌വർക്ക് 10 വക്താവ് അറിയിച്ചു. ഓസ്‌ട്രേലിയയിലെ പ്രാദേശിക ബ്രോഡ്കാസ്റ്റിംഗ് രംഗം നേരിടുന്ന കടുത്ത ഘടനാപരവും സാമ്പത്തികവുമായ പ്രതിസന്ധികളാണ് (Structural challenges) ഇത്തരമൊരു അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന് വിൻ നെറ്റ്‌വർക്ക് വ്യക്തമാക്കി. കേവലം ഹ്രസ്വകാല വാണിജ്യ കരാറുകൾ കൊണ്ട് മാത്രം പ്രാദേശിക ടെലിവിഷൻ മേഖലയുടെ ഭാവി സുരക്ഷിതമാക്കാൻ കഴിയില്ലെന്നും, ഇതിനായി മാധ്യമ വ്യവസായവും സർക്കാരും കൈകോർത്ത് ശാശ്വതമായ ഒരു ദീർഘകാല പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു.

പ്രാദേശിക വിപണികളായ മൗണ്ട് ഗാംബിയർ, റിവർലാൻഡ്, ഗ്രിഫിത്ത് എന്നിവിടങ്ങളിൽ ഫ്രീ-ടു-എയർ ചാനലുകൾ നിലനിർത്തുക എന്നത് വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ വർഷം സെവൻ നെറ്റ്‌വർക്കും വിൻ ടിവിയും തമ്മിലുള്ള കരാർ പുതുക്കാത്തതിനെത്തുടർന്ന് നാല് ദിവസത്തോളം ജനങ്ങൾക്ക് ചാനലുകൾ നഷ്ടപ്പെട്ടിരുന്നു. കൂടാതെ വിക്ടോറിയയിലെ മിൽദുര (Mildura) എന്ന നഗരത്തിൽ മിൽദുര ഡിജിറ്റൽ ടെലിവിഷൻ പൂട്ടിപ്പോയതോടെ ചാനൽ 10 പൂർണ്ണമായും അപ്രത്യക്ഷമായ മുൻ അനുഭവവുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമേകിക്കൊണ്ട് സെപ്റ്റംബർ വരെ ചാനലുകൾ ലഭ്യമാക്കാൻ പുതിയ നീക്കം.

SCROLL FOR NEXT