നാഷണൽ ഓസ്‌ട്രേലിയ ബാങ്ക് (NAB) ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ആദ്യ പാദത്തിൽ 16 ശതമാനം ലാഭ വർദ്ധനവ് രേഖപ്പെടുത്തി. ബാങ്കിന്റെ എല്ലാ വിഭാഗങ്ങളിലും ഉണ്ടായ മികച്ച പ്രകടനമാണ് ഈ നേട്ടത്തിന് പിന്നിൽ. ഡിസംബർ 31-ന് അവസാനിച്ച പാദത്തിൽ ബാങ്ക് 2.02 ബില്യൺ ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 1.43 ബില്യൺ യുഎസ് ഡോളർ) ലാഭമാണ് നേടിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 1.74 ബില്യൺ ഡോളർ മാത്രമായിരുന്നു. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ബിസിനസ്സ് വായ്പാ ദാതാക്കളായ എൻഎബിയുടെ ബിസിനസ് & പ്രൈവറ്റ് ബാങ്കിംഗ് മേഖലകളിൽ ശ്രദ്ധേയമായ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്.
ഭവന വായ്പാ രംഗത്തും ബാങ്ക് മികച്ച മുന്നേറ്റം കാഴ്ചവച്ചു. വിപണിയിലെ കടുത്ത മത്സരം വകവെക്കാതെ ഭവന വായ്പാ വോളിയത്തിൽ 5 ശതമാനം വർദ്ധനവ് രേഖപ്പെടുത്താൻ ബാങ്കിന് സാധിച്ചു. ബാങ്കിന്റെ വായ്പാ ലാഭക്ഷമതയുടെ അളവായ നെറ്റ് ഇൻട്രസ്റ്റ് മാർജിൻ (NIM) 1.80 ശതമാനമായി ഉയർന്നു. അതേസമയം, ബാങ്കിന്റെ കരുതൽ ധനശേഖരത്തിന്റെ സൂചികയായ കോമൺ ഇക്വിറ്റി ടയർ 1 (CET1) അനുപാതം കഴിഞ്ഞ വർഷത്തെ 11.6 ശതമാനത്തിൽ നിന്ന് 11.48 ശതമാനമായി നേരിയ തോതിൽ കുറഞ്ഞിട്ടുണ്ട്.
ഓസ്‌ട്രേലിയയിലെ പ്രമുഖ ബാങ്കുകളായ കോമൺവെൽത്ത് ബാങ്ക്, വെസ്റ്റ്പാക്, എഎൻഇസഡ് (ANZ) എന്നിവയും കഴിഞ്ഞ ആഴ്ചകളിൽ തങ്ങളുടെ മികച്ച സാമ്പത്തിക ഫലങ്ങൾ പുറത്തുവിട്ടിരുന്നു. ഭവന വായ്പകളിലും ബിസിനസ് വായ്പകളിലും വിപണി വിഹിതം വർദ്ധിപ്പിച്ചുകൊണ്ട് കോമൺവെൽത്ത് ബാങ്ക് റെക്കോർഡ് നേട്ടം കൈവരിച്ചപ്പോൾ, വെസ്റ്റ്പാക്കും എഎൻഇസഡും വിപണിയിലെ പ്രതീക്ഷകളെ മറികടക്കുന്ന പ്രകടനമാണ് നടത്തിയത്. ഇതോടെ ഓസ്‌ട്രേലിയയിലെ ബാങ്കിംഗ് മേഖലയിൽ വലിയ രീതിയിലുള്ള മത്സരമാണ് ഇപ്പോൾ നടക്കുന്നത്.