പശ്ചിമേഷ്യൻ യുദ്ധം: വിമാന നിരക്ക് 15 ലക്ഷം കടന്നു;  Jerry Zhang/ Unsplash
Australia

പശ്ചിമേഷ്യൻ യുദ്ധം: വിമാന നിരക്ക് 13 ലക്ഷം കടന്നു; നാട്ടിലെത്താനാകാതെ ഓസ്‌ട്രേലിയക്കാർ

സിംഗപ്പൂർ എയർലൈൻസിന്റെ എക്കണോമി ക്ലാസ് ടിക്കറ്റുകൾക്ക് പോലും ശരാശരി 2,600 ഡോളറിന് മുകളിലാണ് നിരക്ക്.

Elizabath Joseph

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ പശ്ചിമേഷ്യൻ ആകാശപാതകളെ നിശ്ചലമാക്കിയതോടെ വിമാന ടിക്കറ്റ് നിരക്കുകൾ റെക്കോർഡ് ഉയരത്തിലെത്തി. ചില പ്രമുഖ എയർലൈനുകളുടെ ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്ക് 15,900 ഡോളർ (ഏകദേശം 13 ലക്ഷം രൂപയ്ക്ക് മുകളിൽ) വരെയാണ് ഇപ്പോൾ ഈടാക്കുന്നത്. സിംഗപ്പൂർ എയർലൈൻസിന്റെ എക്കണോമി ക്ലാസ് ടിക്കറ്റുകൾക്ക് പോലും ശരാശരി 2,600 ഡോളറിന് മുകളിലാണ് നിരക്ക്. നിലവിലെ സാഹചര്യത്തിൽ ടിക്കറ്റ് ലഭ്യത കുറഞ്ഞതും ദീർഘദൂര പാതകൾ തിരഞ്ഞെടുക്കേണ്ടി വരുന്നതുമാണ് നിരക്ക് വർദ്ധനയ്ക്ക് കാരണമായി വിമാനക്കമ്പനികൾ ചൂണ്ടിക്കാട്ടുന്നത്.

ഇറാൻ, ഇറാഖ്, ഇസ്രായേൽ, സിറിയ, കുവൈറ്റ്, യുഎഇ എന്നീ രാജ്യങ്ങൾ വ്യോമപാതകൾ അടച്ചതോടെ ആഗോളതലത്തിൽ പതിനായിരത്തിലധികം സർവീസുകളാണ് റദ്ദാക്കിയത്. നിലവിൽ 1,15,000-ത്തിലധികം ഓസ്‌ട്രേലിയക്കാർ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായാണ് കണക്ക്. സിഡ്‌നി, മെൽബൺ, ബ്രിസ്‌ബേൻ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി സർവീസുകൾ വർജിൻ ഓസ്‌ട്രേലിയ റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ നൽകാനോ തീയതി മാറ്റി നൽകാനോ ഉള്ള സൗകര്യം കമ്പനികൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഉയർന്ന നിരക്ക് യാത്രക്കാരെ വലയ്ക്കുന്നു.

പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് 'യാത്ര ചെയ്യരുത്' എന്ന് ഓസ്‌ട്രേലിയൻ സർക്കാർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനിലുള്ളവർ എത്രയും വേഗം രാജ്യം വിടണമെന്നും നിർദ്ദേശമുണ്ട്. അതേസമയം, യുദ്ധസാഹചര്യങ്ങളിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്ന് ഇൻഷുറൻസ് കൗൺസിൽ ഓഫ് ഓസ്‌ട്രേലിയ വ്യക്തമാക്കി. കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ സഹായിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയം (DFAT) പ്രത്യേക രജിസ്‌ട്രേഷൻ സംവിധാനവും ക്രൈസിസ് സെന്ററും ആരംഭിച്ചിട്ടുണ്ട്.

SCROLL FOR NEXT