ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA) ഓണാഘോഷം 
Australia

ലിവർപൂൾ മലയാളി അസോസിയേഷൻ ഓണാഘോഷം: "വയനാടൻ തമ്പാൻ" സിനിമാറ്റിക് നാടകം ബോണിറിഗിൽ

ഓസ്‌ട്രേലിയയിൽ ആദ്യമായിട്ടാണ് ഒരു സ്റ്റേജ് നാടകം പൂർണ്ണമായും സിനിമാറ്റിക് അനുഭവം നൽകുന്ന രീതിയിൽ അവതരിപ്പിക്കപ്പെടുന്നത്.

Elizabath Joseph

സിഡ്‌നി: ലിവർപൂൾ മലയാളി അസോസിയേഷൻ (LIMA) സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് വേറിട്ട ദൃശ്യവിരുന്നൊരുക്കി "വയനാടൻ തമ്പാൻ" ഫാന്റസി നാടകം അരങ്ങേറുന്നു. ഓഗസ്റ്റ് 22 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ബോണിറിഗ് സ്പോർട്സ് സെന്ററിലാണ് (Bonnyrigg Sports Centre) നാടകം അണിയറയിലൊരുങ്ങുന്നത്. ഓസ്‌ട്രേലിയയിൽ ആദ്യമായിട്ടാണ് ഒരു സ്റ്റേജ് നാടകം പൂർണ്ണമായും സിനിമാറ്റിക് അനുഭവം നൽകുന്ന രീതിയിൽ അവതരിപ്പിക്കപ്പെടുന്നത്.

കേരളത്തിന്റെ ഐതിഹ്യങ്ങളും വയനാടൻ വനാന്തരങ്ങളുടെ നിഗൂഢതയും പ്രകൃതിയുടെ നീതിയും പ്രമേയമാക്കുന്ന നാടകം അത്യാധുനിക ലൈറ്റിംഗ്, പ്രൊഫഷണൽ ശബ്ദവിന്യാസം, പശ്ചാത്തല സംഗീതം എന്നിവ സമന്വയിപ്പിച്ച് പൂർണ്ണമായും സിനിമാറ്റിക് നിലവാരത്തിലാണ് അണിയറയിൽ ഒരുങ്ങുന്നത്. മനുഷ്യന്റെ അധികാരവെറിയും അത്യാഗ്രഹവും സൃഷ്ടിക്കുന്ന ദുരന്തങ്ങളെയും അതിനുള്ള പ്രകൃതിയുടെ തിരിച്ചടിയെയും ആസ്പദമാക്കിയാണ് കഥ വികസിക്കുന്നത്.

സുരേഷ് മാത്യു സംവിധാനം ചെയ്യുന്ന നാടകത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ മഞ്ജുഷ ബോസും രചന മനോജ് ടി. മുടക്കാറിലുമാണ്. മാസങ്ങൾ നീണ്ട ഗവേഷണങ്ങൾക്കും പരിശീലനങ്ങൾക്കും ഒടുവിൽ വേദിയിലെത്തുന്ന 'വയനാടൻ തമ്പാൻ' ഓസ്‌ട്രേലിയൻ മലയാളി നാടകവേദിയിൽ ഒരു പുതിയ നാഴികക്കല്ലാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.

ഈ ഫാന്റസി നാടകത്തിൽ സിഡ്‌നിയിലെ പതിനഞ്ചിലധികം മികച്ച കലാകാരന്മാരും കലാകാരികളും അണിനിരക്കുന്നു. മാസങ്ങൾ നീണ്ട തീവ്ര പരിശീലനത്തിനൊടുവിലാണ് ഒരു മണിക്കൂർ നീളുന്ന ഈ ദൃശ്യകാവ്യം വേദിയിലെത്തുന്നത്. നാടകത്തെയും കലയെയും സ്നേഹിക്കുന്ന എല്ലാ പ്രവാസി മലയാളികളെയും ലിവർപൂൾ മലയാളി അസോസിയേഷൻ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു. ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും ഷെറി സാമുവൽ (0466 188 405), ഷിബു കൃഷ്ണൻ (0403 744 497) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

SCROLL FOR NEXT