Nina Kennedy  Picture by Dean Mouhtaropoulos/Getty Images
Australia

ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിന് തുടക്കം; ഓസ്‌ട്രേലിയൻ പതാകയേന്താൻ ഒളിമ്പിക് ചാമ്പ്യൻ നീന കെന്നഡി

പാരാ സ്വിമ്മിംഗ് താരം ടിം ഹോഡ്ജാണ് (Tim Hodge) കിംഗ്സ് ബാറ്റൺ ബെയററായി നീനയ്ക്കൊപ്പം ടീമിനെ നയിക്കുക.

Elizabath Joseph

ഗ്ലാസ്ഗോ: ഇനിയുള്ള ദിനങ്ങൾ കായികപ്രേമികൾക്ക് ആവേശത്തിന്റെ രാവുകൾ. 2026 ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിന് ഇന്ന് (ജൂലൈ 23 വ്യാഴാഴ്ച) തിരിതെളിയുമ്പോൾ ഉദ്ഘാടനച്ചടങ്ങിൽ ഓസ്‌ട്രേലിയയുടെ ദേശീയ പതാകയേന്താൻ ലോക പോൾവോൾട്ട് താരം നീന കെന്നഡി. നിലവിലെ ഒളിമ്പിക്, ലോക ചാമ്പ്യനായ നീന കെന്നഡി, കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ ഓസ്‌ട്രേലിയൻ പതാകയേന്തുന്ന നാലാമത്തെ മാത്രം അത്‌ലറ്റിക്സ് താരമാണ്. പാരാ സ്വിമ്മിംഗ് താരം ടിം ഹോഡ്ജാണ് (Tim Hodge) കിംഗ്സ് ബാറ്റൺ ബെയററായി നീനയ്ക്കൊപ്പം ടീമിനെ നയിക്കുക.

ഇന്ത്യൻ സമയം ഇന്ന് അർദ്ധരാത്രിയോടെ നടക്കുന്ന വർണ്ണാഭമായ ചടങ്ങിൽ 255 അത്‌ലറ്റുകളടങ്ങുന്ന ശക്തമായ ഓസ്‌ട്രേലിയൻ സംഘത്തെ നീന കെന്നഡി വേദിയിലേക്ക് നയിക്കും. 2018-ലെ ഗോൾഡ് കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിൽ വെങ്കലമെഡൽ നേടി കരിയർ ആരംഭിച്ച നീന, പിന്നീട് കോമൺവെൽത്ത് സ്വർണ്ണവും ലോക ചാമ്പ്യൻഷിപ്പ് സ്വർണ്ണവും പാരിസ് ഒളിമ്പിക്‌സിൽ സ്വർണ്ണവും സ്വന്തമാക്കി അജയ്യയായി മാറുകയായിരുന്നു. ഓസ്‌ട്രേലിയയുടെ ദേശീയ പതാകയേന്താൻ കഴിഞ്ഞത് വലിയൊരു അംഗീകാരവും അഭിമാന നിമിഷവുമാണെന്ന് കെന്നഡി പ്രതികരിച്ചു. ജൂലൈ 31-നാണ് കോമൺവെൽത്ത് ഗെയിംസിലെ വനിതകളുടെ പോൾവോൾട്ട് പോരാട്ടം നടക്കുന്നത്.

SCROLL FOR NEXT