കാൻബറ: വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവരെ കണ്ടെത്താൻ നടപടി കർശനമാക്കിക്കൊണ്ടും ബാക്ക്പാക്കർമാർക്ക് ബാലറ്റ് സമ്പ്രദായം ഏർപ്പെടുത്തിക്കൊണ്ടും ഓസ്‌ട്രേലിയ സമഗ്രമായ കുടിയേറ്റ പരിഷ്കരണ നയം പ്രഖ്യാപിച്ചു. വാർഷിക നെറ്റ് മൈഗ്രേഷൻ ഈ വർഷം 2.45 ലക്ഷമായും അടുത്ത വർഷം 2.25 ലക്ഷമായും വെട്ടിച്ചുരുക്കുമെന്ന് കാൻബറയിലെ നാഷണൽ പ്രസ് ക്ലബ്ബിൽ ആഭ്യന്തര മന്ത്രി ടോണി ബർക്ക് വ്യക്തമാക്കി. വീടുകളുടെ ലഭ്യതക്കുറവും വാടകവർധനവും പരിഹരിക്കാൻ കുടിയേറ്റ നിയന്ത്രണം അനിവാര്യമാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു.
വർക്കിംഗ് ഹോളിഡേ വിസയിലെത്തുന്ന ബാക്ക്പാക്കർമാർക്ക് രണ്ടാമത്തെ വർഷം രാജ്യത്ത് തുടരാൻ 45,000 പേർക്കും മൂന്നാം വർഷത്തേക്ക് വെറും 5,000 പേർക്കും മാത്രമായി പുതിയ ബാലറ്റ് ഏർപ്പെടുത്തും. വിദേശ വിദ്യാർത്ഥികൾക്ക് ഇനിമുതൽ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടാൻ അനുമതിയുണ്ടാകില്ല (പിഎച്ച്ഡി, പസഫിക്-ആസിയാൻ രാജ്യക്കാർക്ക് ഇളവ്). പഠന വിസയിൽ നിന്ന് മറ്റ് വിസകളിലേക്ക് മാറിമാറി രാജ്യത്ത് തുടരുന്ന 'വിസ ഹോപ്പിംഗ്' തടയാൻ സന്ദർശക വിസകളിൽ 'നോ ഫർദർ സ്റ്റേ' നിബന്ധന നിർബന്ധമാക്കും. അതേസമയം, നിർമ്മാണം, ആരോഗ്യം, കൃഷി, അധ്യാപനം എന്നീ അവശ്യ തൊഴിൽ മേഖലകളിൽ അപേക്ഷിക്കുന്ന വിദഗ്ദ്ധ വിസകൾക്ക് മുൻഗണന നൽകുമെന്നും അനധികൃതമായി തങ്ങുന്നവരെ പാർപ്പിക്കാൻ 250 പുതിയ ഡിറ്റൻഷൻ കിടക്കകൾ സജ്ജമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.