സിഡ്‌നി: കിരൺ ജെയിംസ് ലോക കേരളസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് സ്വദേശിയായ കിരൺ ജെയിംസിനെ നവോദയ ഓസ്‌ട്രേലിയയാണ് ലോക കേരളസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്. ഭാര്യ ചിഞ്ചുവിനും മക്കളായ സാക്, കെൻ എന്നിവർക്കുമൊപ്പം ഇപ്പോൾ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് താമസം.
ഒരു ദശാബ്ദത്തിലധികമായി ഓസ്‌ട്രേലിയയിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ കിരൺ സജീവ സാന്നിധ്യമാണ്. നവോദയ ഓസ്‌ട്രേലിയയുടെ സെൻട്രൽ കമ്മിറ്റി അംഗമായും, കേരള ബിസിനസ് ആൻഡ് പ്രൊഫഷണൽ ചേംബർ ഓഫ് ഓസ്‌ട്രേലിയയുടെ (KBPCA Ltd) ഡിറക്ടറും സെക്രട്ടറിയുമായും അദ്ദേഹം പ്രവർത്തിക്കുന്നു. കൂടാതെ വേൾഡ് മലയാളി കൗൺസിൽ ഫാർ ഈസ്റ്റ് ഏഷ്യ ആൻഡ് ഓസ്‌ട്രേലിയ റീജിയണൽ പ്രസിഡന്റും കൂടിയാണ് കിരൺ ജെയിംസ്.
മമ്മൂട്ടിയുടെ ഫാമിലി കണക്ട് പദ്ധതിയുടെ ന്യൂ സൗത്ത് വെൽസ് കോർഡിനേറ്ററായും, മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ – ഓസ്‌ട്രേലിയ വിഭാഗത്തിന്റെ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു.
പുതിയ ഉത്തരവാദിത്വം ഓസ്‌ട്രേലിയയിലെ മലയാളികളുടെ ക്ഷേമത്തിനും സാമൂഹിക വികസനത്തിനുമായി കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ പ്രചോദനം നൽകുന്നതായി കിരൺ ജെയിംസ് അറിയിച്ചു.
ജനുവരി 29 മുതൽ 31 വരെ തിരുവനന്തപുരം കേരള നിയമസഭയിൽ വച്ചാണ് അഞ്ചാം ലോക കേരളസഭ നടക്കുന്നത്.