Australia

ഓസ്‌ട്രേലിയൻ മണ്ണിലും ഓണപ്പെരുമ; മലയാളികൾക്ക് ആശംസകൾ നേർന്ന് മന്ത്രി ജിൻസൺ ആന്റണി ചാൾസ്

ഓസ്‌ട്രേലിയയിലെ മലയാളി സംഘടനകൾ സംഘടിപ്പിക്കുന്ന വിപുലമായ ഓണാഘോഷങ്ങൾക്ക് മുന്നോടിയായാണ് മന്ത്രിയുടെ ആശംസ.

Elizabath Joseph

ഡാർവിൻ: ഓണം മുന്നോട്ടുവെക്കുന്ന സമത്വത്തിന്റെയും സൗഹാർദ്ദത്തിന്റെയും മൂല്യങ്ങൾ ബഹുസ്വര സമൂഹമായ ഓസ്‌ട്രേലിയയിലും ഏറെ പ്രസക്തമാണെന്ന് ഓർമ്മിപ്പിച്ച് ഓസ്‌ട്രേലിയൻ നോർത്തേൺ ടെറിട്ടറി കായിക-സാംസ്‌കാരിക വകുപ്പ് മന്ത്രി ജിൻസൺ ആന്റണി ചാൾസ്. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്നുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഓസ്‌ട്രേലിയൻ മന്ത്രിസഭയിലെത്തുന്ന ആദ്യ മലയാളി കൂടിയാണ് ജിൻസൺ ആന്റണി ചാൾസ്.

ജാതിമത ഭേദമന്യേ ഏവരെയും ഒന്നിപ്പിക്കുന്നതാണ് ഓണത്തിന്റെ മഹത്വമെന്നും, എല്ലാവരെയും തുല്യരായി കാണുകയെന്ന ഈ ആശയം ബഹുസംസ്കാര ഓസ്‌ട്രേലിയയുടെയും അടിത്തറയാണെന്നും അദ്ദേഹം സന്ദേശത്തിൽ കുറിച്ചു. വർണ്ണാഭമായ പൂക്കളങ്ങളും വിഭവസമൃദ്ധമായ ഓണസദ്യയും കേരളത്തിന്റെ സമ്പന്നമായ പൈതൃകത്തിന്റെ പ്രതീകമാണെന്നും, പ്രജാക്ഷേമ തൽപ്പരനായ മഹാബലിയുടെ ഭരണകാലം ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓർമ്മപ്പെടുത്തലാണെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയയിലെ മലയാളി സംഘടനകൾ സംഘടിപ്പിക്കുന്ന വിപുലമായ ഓണാഘോഷങ്ങൾക്ക് മുന്നോടിയായാണ് മന്ത്രിയുടെ ആശംസ.

ജിൻസൺ ആന്റണി ചാൾസിന്റെ സന്ദേശത്തിൽ നിന്ന്:

"ജാതിമത ഭേദമന്യേ ഏവരെയും ഒന്നിപ്പിക്കുന്ന ആഘോഷമാണ് ഓണം. എല്ലാവർക്കും തുല്യത, എല്ലാവരെയും ഉൾക്കൊള്ളൽ, സമൃദ്ധി എല്ലാവരുമായി പങ്കുവെക്കൽ എന്നിവയാണ് ഈ ഉത്സവത്തിന്റെ കാതൽ. ഓണം മുന്നോട്ടുവെക്കുന്ന ഈ ആശയം തന്നെയാണ് ബഹുസംസ്‌കാര ഓസ്‌ട്രേലിയയുടെയും അടിത്തറ.

പുകകറ്റിയ പൂക്കളങ്ങളും പരമ്പരാഗത കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയുമെല്ലാം കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകങ്ങളാണ്. പ്രജാക്ഷേമ തൽപ്പരനായ മഹാബലി തമ്പുരാന്റെ ഭരണകാലം സമത്വത്തിന്റെയും ഐശ്വര്യത്തിന്റെയും ഓർമ്മപ്പെടുത്തലാണ്.

നോർത്തേൺ ടെറിട്ടറിയിലും ഓസ്‌ട്രേലിയയിലുടനീളവുമുള്ള മലയാളികൾക്കും ലോകമെമ്പാടുമുള്ള ഏവർക്കും സന്തോഷവും ആയുരാരോഗ്യവും നിറഞ്ഞ ഓണാശംസകൾ നേരുന്നു."

SCROLL FOR NEXT