Treasurer Jim Chalmers ABC Newa
Australia

ചെലവുചുരുക്കൽ പാക്കേജ് ഉടൻ; ആശ്വാസ പാക്കേജുകളിൽ പ്രതീക്ഷ വേണ്ടെന്ന് ട്രഷറർ ജിം ചാൽമേഴ്സ്

പണപ്പെരുപ്പം ഉയർന്നതിനെത്തുടർന്ന് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ പലിശനിരക്ക് 15 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർത്തിയിരുന്നു.

Elizabath Joseph

കാൻബറ: ഡിസംബർ പകുതിയോടെ പുറത്തിറക്കുന്ന മിഡ്-ഇയർ ബജറ്റ് അവലോകനത്തിൽ കടുത്ത ചെലവുചുരുക്കൽ നടപടികൾ ഉണ്ടാകുമെന്ന സൂചന നൽകി ഓസ്‌ട്രേലിയൻ ട്രഷറർ ജിം ചാൽമേഴ്സ്. ജീവിതച്ചെലവ് പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് കൂടുതൽ സാമ്പത്തിക ഇളവുകൾ നൽകുമെന്ന പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ്, കൂടുതൽ ഇളവുകൾ നൽകാൻ സാധ്യതയില്ലെന്ന് വ്യക്തമാക്കി ട്രഷറർ രംഗത്തെത്തിയത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും സർക്കാരിന്റെ ധനക്കമ്മി കുറയ്ക്കുന്നതിനും ചെലവുകൾ കർശനമായി നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ഇൻസൈഡേഴ്സ് (Insiders) പരിപാടിയിൽ വ്യക്തമാക്കി.

പണപ്പെരുപ്പം ഉയർന്നതിനെത്തുടർന്ന് റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ പലിശനിരക്ക് 15 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർത്തിയിരുന്നു. പശ്ചിമേഷ്യൻ യുദ്ധം ആഗോള വിപണിയിലും ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥയിലും കടുത്ത സമ്മർദ്ദമാണ് ഉണ്ടാക്കുന്നതെന്ന് ചാൽമേഴ്സ് ചൂണ്ടിക്കാട്ടി. പെട്രോൾ-ഡീസൽ എക്സൈസ് തീരുവയിൽ കൂടുതൽ ഇളവുകൾ നൽകുന്നത് സർക്കാർ ഇപ്പോൾ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുപുറമെ, ആഗോളതലത്തിൽ ബോണ്ട് യീൽഡുകൾ (Bond yields) ഉയർന്നതോടെ സർക്കാർ കടമെടുപ്പിന്റെ പലിശ തിരിച്ചടവ് കോടിക്കണക്കിന് ഡോളർ വർധിക്കുന്നത് രാജ്യത്തിന്റെ ബജറ്റിന് വൻ ഭീഷണിയാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അതേസമയം, സർക്കാരിന്റെ അനിയന്ത്രിതമായ ചെലവഴിക്കലാണ് പണപ്പെരുപ്പം കൂട്ടിയതെന്ന് ആരോപിച്ച് ട്രഷറർ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

SCROLL FOR NEXT