2027 ഫെബ്രുവരി 2 മുതൽ പുതിയ നയം പ്രാബല്യത്തിൽ വരും.  
Australia

കാബിൻ ബാഗേജ് നയത്തിൽ വൻ മാറ്റവുമായി ജെറ്റ്സ്റ്റാർ; സൗജന്യ 7 കിലോ പരിധി ഒഴിവാക്കും

കുഞ്ഞിനൊപ്പം യാത്ര ചെയ്യുന്നവർക്ക് കുഞ്ഞിന്റെ സാധനങ്ങൾക്കായി ഒരു അധിക അണ്ടർസീറ്റ് ബാഗ് സൗജന്യമായി അനുവദിക്കും. ബിസിനസ് ക്ലാസ് യാത്രക്കാർക്ക് ഓവർഹെഡ് ബാഗേജും അധിക നിരക്കില്ലാതെ ലഭിക്കും.

Safvana Jouhar

ഓസ്‌ട്രേലിയൻ ബജറ്റ് എയർലൈനായ ജെറ്റ്സ്റ്റാർ കാബിൻ ബാഗേജ് നയത്തിൽ വൻ മാറ്റം പ്രഖ്യാപിച്ചു. സൗജന്യമായി അനുവദിച്ചിരുന്ന 7 കിലോ കാബിൻ ബാഗേജ് പരിധി ഒഴിവാക്കി, സീറ്റിന് താഴെ വയ്ക്കാവുന്ന ചെറിയ ബാഗ് മാത്രമായിരിക്കും ഇനി സൗജന്യമായി കൊണ്ടുപോകാൻ കഴിയുക. 2027 ഫെബ്രുവരി 2 മുതൽ പുതിയ നയം പ്രാബല്യത്തിൽ വരും. സീറ്റിന് താഴെ വയ്ക്കുന്ന സൗജന്യ ബാഗിന് 40 x 30 x 20 സെന്റിമീറ്ററിൽ താഴെയായിരിക്കണം വലുപ്പം. ഓവർഹെഡ് ലോക്കറിൽ വയ്ക്കാവുന്ന വലിയ ബാഗ് കൊണ്ടുപോകാൻ യാത്രക്കാർ അധിക തുക നൽകണം. "Priority Carry-on" എന്ന പേരിലായിരിക്കും ഈ സൗകര്യം ലഭിക്കുക. ഇതിന് കുറഞ്ഞത് 25 ഓസ്‌ട്രേലിയൻ ഡോളർ നൽകണം. ചില റൂട്ടുകളിൽ 50 ഡോളറിലധികം ചെലവാകാനും സാധ്യതയുണ്ട്.

ലോഞ്ച് ബാഗേജിനുള്ള നിരക്ക് റൂട്ടിനും ആവശ്യകതയ്ക്കും അനുസരിച്ച് മാറുന്ന ഡൈനാമിക് പ്രൈസിംഗ് സംവിധാനത്തിലായിരിക്കും. യാത്ര ബുക്ക് ചെയ്യുന്ന സമയത്ത് വാങ്ങുന്നതായിരിക്കും ഏറ്റവും കുറഞ്ഞ നിരക്ക്. ലോൺസെസ്റ്റണിൽ നിന്ന് സിഡ്നിയിലേക്കുള്ള ചില സർവീസുകളിൽ 25 ഡോളർ മുതലാണ് നിരക്ക്. സിഡ്നി-മെൽബൺ സർവീസിൽ 33 ഡോളർ മുതലും പെർത്ത്-ബാലി റൂട്ടിൽ 39 ഡോളറിലധികവും കെയിൻസിൽ നിന്ന് ടോക്കിയോയിലേക്കുള്ള സർവീസിൽ കുറഞ്ഞത് 52 ഡോളറും നൽകേണ്ടിവരും.

അതേസമയം, 7 കിലോയുടെ നിലവിലെ ഭാരപരിധി ഒഴിവാക്കുമെങ്കിലും സുരക്ഷാ മാനദണ്ഡത്തിന്റെ ഭാഗമായി ഒരു ബാഗിനും 10 കിലോയിൽ കൂടുതൽ ഭാരമുണ്ടാകാൻ പാടില്ല. ബാഗിന് 10 കിലോയിൽ കൂടുതലുണ്ടെന്ന് ജീവനക്കാർക്ക് സംശയമുണ്ടെങ്കിൽ അത് തൂക്കി പരിശോധിക്കും. പരിധി കവിഞ്ഞാൽ അധിക നിരക്ക് നൽകി ബാഗേജ് ചെക്ക്-ഇൻ ചെയ്യേണ്ടിവരും. പുതിയ നയം യാത്രാ നടപടികൾ വേഗത്തിലാക്കാനും ഓവർഹെഡ് ലോക്കറുകളിലെ സ്ഥലം കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാനും സഹായിക്കുമെന്ന് ജെറ്റ്സ്റ്റാർ സിഇഒ സ്റ്റെഫ് ടുള്ളി പറഞ്ഞു.

ചെറിയ ബാഗുമായി യാത്ര ചെയ്യുന്നവർക്ക് പുതിയ നയം ഗുണകരമാകുമെങ്കിലും, ഡഫിൾ ബാഗോ ചെറിയ സ്യൂട്ട്‌കേസോ കാബിനിൽ കൊണ്ടുപോകുന്നവർക്ക് യാത്രാച്ചെലവ് വർധിക്കും. അതേസമയം, കുഞ്ഞിനൊപ്പം യാത്ര ചെയ്യുന്നവർക്ക് കുഞ്ഞിന്റെ സാധനങ്ങൾക്കായി ഒരു അധിക അണ്ടർസീറ്റ് ബാഗ് സൗജന്യമായി അനുവദിക്കും. ബിസിനസ് ക്ലാസ് യാത്രക്കാർക്ക് ഓവർഹെഡ് ബാഗേജും അധിക നിരക്കില്ലാതെ ലഭിക്കും. പുതിയ നയം പ്രഖ്യാപിക്കുന്നതിന് മുമ്പ് ജെറ്റ്സ്റ്റാർ സിഇഒ സ്റ്റെഫ് ടുള്ളി യൂറോപ്യൻ ബജറ്റ് എയർലൈനായ റയാനെയറിന്റെ മാതൃക നേരിട്ട് പഠിച്ചിരുന്നു. നിലവിൽ ജെറ്റ്സ്റ്റാർ യാത്രക്കാർക്ക് അധിക നിരക്കില്ലാതെ ആകെ 7 കിലോ കാബിൻ ബാഗേജ് അനുവദിക്കുന്നുണ്ട്. പുതിയ നയം പ്രാബല്യത്തിൽ വരുന്നതോടെ ഈ സംവിധാനം മാറും.

പുതിയ നയം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് യാത്ര ബുക്ക് ചെയ്തിട്ടുള്ള ചില യാത്രക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും. 2027 ഫെബ്രുവരി 2ന് ശേഷമുള്ള യാത്ര ഇതിനകം ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ, പുതിയ നയം അനുസരിച്ചുള്ള "Priority Carry-on" അധിക നിരക്കില്ലാതെ ലഭിക്കും. 14 കിലോ അധിക കാബിൻ ബാഗേജ് അലവൻസിനായി പണം നൽകിയിട്ടുണ്ടെങ്കിൽ അധിക 7 കിലോയ്ക്കായി നൽകിയ തുക തിരികെ നൽകുമെന്നും ജെറ്റ്സ്റ്റാർ അറിയിച്ചു.

SCROLL FOR NEXT