Australia

ഓസ്‌ട്രേലിയൻ സൂപ്പർമാർക്കറ്റുകളിൽ നിന്ന് സാറാ ലീ ഐസ്‌ക്രീം ടബുകൾ പിൻവലിച്ചു

ഐസ്‌ക്രീം ഉൽപ്പന്നങ്ങളുടെ ശ്രേണി പുനഃപരിശോധിച്ചതിനെത്തുടർന്ന് ഒക്ടോബർ മുതൽ കോൾസ് സാറാ ലീ ഐസ്‌ക്രീം ടബുകളുടെ വിൽപ്പന നിർത്തിയിരുന്നു.

Safvana Jouhar

ഓസ്‌ട്രേലിയയിലെ പ്രമുഖ ഐസ്‌ക്രീം ബ്രാൻഡായ സാറാ ലീയുടെ ഒരു ലിറ്റർ ഐസ്‌ക്രീം ടബുകൾ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകളായ കോൾസിന്റെയും വൂൾവർത്ത്സിന്റെയും ഷെൽഫുകളിൽനിന്ന് പിൻവലിച്ചു. ഉപഭോക്താക്കളുടെ അഭിരുചിയിലുണ്ടായ മാറ്റമാണ് തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. ജനപ്രിയമായ അഞ്ച് രുചികളിലുള്ള ഐസ്‌ക്രീമുകൾ ഇനി ഈ സൂപ്പർമാർക്കറ്റുകളിൽ ലഭിക്കില്ല. ഐസ്‌ക്രീം ഉൽപ്പന്നങ്ങളുടെ ശ്രേണി പുനഃപരിശോധിച്ചതിനെത്തുടർന്ന് ഒക്ടോബർ മുതൽ കോൾസ് സാറാ ലീ ഐസ്‌ക്രീം ടബുകളുടെ വിൽപ്പന നിർത്തിയിരുന്നു. ഏകദേശം രണ്ട് വർഷം മുമ്പ് തന്നെ വൂൾവർത്ത്സും ഈ ഉൽപ്പന്നങ്ങൾ സ്റ്റോക്ക് ചെയ്യുന്നത് അവസാനിപ്പിച്ചിരുന്നു.

കോൾസിൽ ലഭ്യമല്ലെങ്കിലും തിരഞ്ഞെടുത്ത സ്വതന്ത്ര റീട്ടെയിൽ സ്റ്റോറുകളിലൂടെ ഐസ്‌ക്രീമുകൾ വാങ്ങാമെന്ന് സാറാ ലീ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. പുതിയ രുചിയായ 'വാനില ലെമൺ കർഡ്' വിപണിയിലെത്തിക്കുന്നതായും കമ്പനി പ്രഖ്യാപിച്ചു. സൂപ്പർമാർക്കറ്റുകളിൽനിന്ന് പ്രിയപ്പെട്ട ഐസ്‌ക്രീം ലഭിക്കാതായതിൽ നിരവധി ഉപഭോക്താക്കൾ സമൂഹമാധ്യമങ്ങളിലൂടെ നിരാശ പ്രകടിപ്പിച്ചു. കോവിഡ് കാലത്തിനുശേഷം സൂപ്പർമാർക്കറ്റുകളിലെ ഉൽപ്പന്നങ്ങളുടെ വൈവിധ്യം കുറഞ്ഞുവരുന്നതായി ചിലർ അഭിപ്രായപ്പെട്ടു. സ്വന്തം ബ്രാൻഡ് ഉൽപ്പന്നങ്ങൾക്ക് കൂടുതൽ ഇടം നൽകുന്നതിനായി ഓസ്‌ട്രേലിയയിൽ നിർമിക്കുന്ന ഉൽപ്പന്നങ്ങൾ ഒഴിവാക്കുന്നത് ശരിയല്ലെന്നും ഉപഭോക്താക്കൾ വിമർശിച്ചു. അതേസമയം, സാറാ ലീയുടെ പുതിയ ഐസ്‌ക്രീം രുചിയെ സ്വാഗതം ചെയ്തവരുമുണ്ട്. ഐജിഎയിലും മറ്റ് സ്വതന്ത്ര റീട്ടെയിൽ സ്റ്റോറുകളിലും സാറാ ലീ ഐസ്‌ക്രീം ലഭ്യമാണ്. കമ്പനിയുടെ ഫ്രോസൺ ചോക്ലേറ്റ് ബട്ടർകേക്ക്, ഫ്രഞ്ച് വാനില ചീസ്‌കേക്ക് കപ്പുകൾ തുടങ്ങിയ മറ്റ് ഫ്രോസൺ ഡെസേർട്ടുകൾ കോൾസിലും വൂൾവർത്ത്സിലും തുടർന്നും വിൽക്കുന്നുണ്ട്.

1971-ൽ ന്യൂ സൗത്ത് വെയിൽസിലെ സെൻട്രൽ കോസ്റ്റിലുള്ള ലിസറോയിലാണ് സാറാ ലീ സ്ഥാപിതമായത്. അഞ്ച് പതിറ്റാണ്ടിലേറെയായി ഓസ്‌ട്രേലിയൻ കുടുംബങ്ങളുടെ പ്രിയപ്പെട്ട ബ്രാൻഡുകളിലൊന്നാണ് ഇത്. 2024-ൽ കമ്പനി സ്വമേധയാ പാപ്പർ നടപടിക്ക് വിധേയമായെങ്കിലും പിന്നീട് ഓസ്‌ട്രേലിയൻ ദമ്പതികളായ ക്ലാർക്കും ബ്രൂക്ക് ക്വിന്നും ഏറ്റെടുത്തു. ഐസ്‌ക്രീം ബ്രാൻഡുകളുടെ വിപണിയിലെ മത്സരവും ഉൽപ്പന്നങ്ങളുടെ ജനപ്രീതിയും സംബന്ധിച്ച ചർച്ചകൾക്കിടെയാണ് പുതിയ തീരുമാനം. 2025 ഒക്ടോബറിൽ ചോയ്സ് നടത്തിയ വാനില ഐസ്‌ക്രീം രുചിപരിശോധനയിൽ സൂപ്പർമാർക്കറ്റുകളുടെ സ്വന്തം ബ്രാൻഡുകൾ മുന്നിലെത്തിയിരുന്നു. കോൾസ് ഇറ്റെറിസ്റ്റിബിൾ വാനില ബീൻ ഒന്നാം സ്ഥാനവും ആൽഡിയുടെ ഇൻഡൾജന്റ് വാനില ബീൻ ഗോർമെറ്റ് രണ്ടാം സ്ഥാനവും നേടി. വൂൾവർത്ത്സിന്റെ വാനില ബീൻ ഇൻഡൾജന്റ് നാലാം സ്ഥാനത്തെത്തിയപ്പോൾ സാറാ ലീ ക്രീമി ഫ്രഞ്ച് വാനിലയ്ക്ക് 14-ാം സ്ഥാനമാണ് ലഭിച്ചത്. അതേസമയം, 2026-ലെ കാൻസ്റ്റാർ മോസ്റ്റ് സാറ്റിസ്‌ഫൈഡ് കസ്റ്റമേഴ്‌സ് അവാർഡ് പ്രകാരം ഓസ്‌ട്രേലിയക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഐസ്‌ക്രീം രുചി വാനിലയാണ്.

SCROLL FOR NEXT