ടെഹ്‌റാൻ: ഓസ്‌ട്രേലിയയിൽ രാഷ്ട്രീയ അഭയം തേടാനുള്ള തീരുമാനം മാറ്റി നാട്ടിലേക്ക് മടങ്ങിയ വനിതാ ഫുട്ബോൾ ടീം ക്യാപ്റ്റൻ സെഹ്‌റ ഘാൻബരിയുടെ (Zahra Ghanbari) പിടിച്ചെടുത്ത ആസ്തികൾ വിട്ടുകൊടുക്കാൻ ഇറാൻ കോടതി ഉത്തരവിട്ടു. കഴിഞ്ഞ മാസം ഓസ്‌ട്രേലിയയിൽ നടന്ന വനിതാ ഏഷ്യൻ കപ്പിനിടെ അഭയം തേടിയ ആറ് താരങ്ങളിൽ ഒരാളായിരുന്നു സെഹ്‌റ. ഇവരുടെ പെരുമാറ്റത്തിൽ മാറ്റം വന്നതായും നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതായും ചൂണ്ടിക്കാട്ടിയാണ് ഇറാന്റെ മിസാൻ (Mizan) വാർത്താ ഏജൻസി കോടതി തീരുമാനം പുറത്തുവിട്ടത്.
ഫെബ്രുവരി 28-ന് ഇറാൻ-അമേരിക്ക യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ രാജ്യത്തെ 'ദ്രോഹികൾ' എന്ന് മുദ്രകുത്തിയവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയായിരുന്നു സെഹ്‌റയുടെ സ്വത്തുക്കൾ മരവിപ്പിച്ചിരുന്നത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ദേശീയഗാനം ആലപിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് താരങ്ങൾ കടുത്ത വിമർശനം നേരിട്ടിരുന്നു. ഇതേത്തുടർന്ന് സെഹ്‌റ ഉൾപ്പെടെ ആറ് താരങ്ങളും ഒരു സപ്പോർട്ടിംഗ് സ്റ്റാഫും ഓസ്‌ട്രേലിയയിൽ അഭയം തേടിയിരുന്നു. എന്നാൽ പിന്നീട് സെഹ്‌റ ഉൾപ്പെടെ അഞ്ച് പേർ തീരുമാനം മാറ്റി ഇറാനിലേക്ക് തന്നെ മടങ്ങുകയായിരുന്നു.
തിരികെ നാട്ടിലെത്തിയ താരങ്ങൾക്ക് വലിയ സ്വീകരണമാണ് ടെഹ്‌റാനിൽ നൽകിയത്. എന്നാൽ തങ്ങൾ വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് തിരിച്ചെത്തിയ താരങ്ങൾ വെളിപ്പെടുത്തി. നിലവിൽ രണ്ട് താരങ്ങൾ മാത്രമാണ് ഓസ്‌ട്രേലിയയിൽ തുടരുന്നത്. ഇവർ ഇപ്പോൾ ബ്രിസ്‌ബേൻ റോർ (Brisbane Roar) ക്ലബ്ബിനൊപ്പം പരിശീലനം നടത്തുകയാണ്. താരങ്ങളുടെ കുടുംബാംഗങ്ങളെ ഇറാനിയൻ രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്തതായും സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായും മനുഷ്യാവകാശ സംഘടനകൾ ആരോപിച്ചിരുന്നു.