ഭവന വായ്പാ വിപണിയിൽ മാറ്റം വേണമെന്ന് ആവശ്യം Amber Weir/ Unsplash
Australia

ലണ്ടനിൽ ഒരു കോടി ശമ്പളം, മെൽബണിൽ ഫ്ലാറ്റ് ക്ലീനർ; മാറ്റം തിരിച്ചറിവാണെന്ന് ശ്വേത

ക്ലീനിംഗ് ജോലിയോടൊപ്പം കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുകയും സ്വന്തമായി ഒരു കോച്ചിംഗ് ബിസിനസ് കെട്ടിപ്പടുക്കുകയുമാണ് ഈ 37-കാരി.

Elizabath Joseph

ലണ്ടനിലെ പ്രമുഖ കമ്പനിയിൽ 'ഹെഡ് ഓഫ് പ്രോഡക്ട്' ആയി പ്രതിവർഷം ഒരു കോടി രൂപ (100,000 പൗണ്ട്) ശമ്പളം വാങ്ങിയിരുന്ന മുബൈ സ്വദേശിനി ശ്വേത ദേശായിയാണ് തന്റെ ജീവിതത്തിലെ അപ്രതീക്ഷിത മാറ്റങ്ങൾ തുറന്നുപറഞ്ഞത്. 2023-ൽ ഭർത്താവിനും കുട്ടികൾക്കുമൊപ്പം മെൽബണിലേക്ക് താമസം മാറിയതോടെയാണ് ശ്വേതയുടെ ജീവിതം മാറിമറിഞ്ഞത്. 15 വർഷം ലണ്ടനിൽ കെട്ടിപ്പടുത്ത കരിയറും ആഡംബര ജീവിതവും ഉപേക്ഷിച്ചെത്തിയ ശ്വേതയ്ക്ക് മെൽബണിലെ തൊഴിൽ വിപണിയിൽ അനുയോജ്യമായ ജോലി കണ്ടെത്താനായില്ല.

ജോലിയില്ലാതെ വീട്ടിലിരുന്നപ്പോൾ നേരിട്ട സ്വത്വപ്രതിസന്ധി (Identity Crisis) മറികടക്കാൻ തനിക്ക് ലഭിച്ച ആദ്യ ജോലിയായ എയർബിഎൻബി (Airbnb) അപ്പാർട്ട്‌മെന്റുകൾ വൃത്തിയാക്കുന്ന പണി ശ്വേത ഏറ്റെടുത്തു. മുറികൾ വൃത്തിയാക്കുക, ബെഡ്ഷീറ്റുകൾ മാറ്റുക, അതിഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുക തുടങ്ങിയവയായിരുന്നു ചുമതലകൾ. ഉയർന്ന പദവിയും വലിയ ശമ്പളവുമില്ലാതായപ്പോൾ താൻ ആരാണെന്ന് തിരിച്ചറിയാൻ ഈ സാഹചര്യം സഹായിച്ചുവെന്ന് ശ്വേത പറയുന്നു. ഇന്ന് ക്ലീനിംഗ് ജോലിയോടൊപ്പം കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കുകയും സ്വന്തമായി ഒരു കോച്ചിംഗ് ബിസിനസ് കെട്ടിപ്പടുക്കുകയുമാണ് ഈ 37-കാരി.

സാമ്പത്തിക സ്വാതന്ത്ര്യം സ്ത്രീകൾക്ക് എത്രത്തോളം പ്രധാനമാണെന്നും ശ്വേത തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ വ്യക്തമാക്കുന്നു. "പണം എന്നാൽ സ്വാതന്ത്ര്യമാണ്, അത് നമുക്ക് കൂടുതൽ ഓപ്ഷനുകൾ നൽകുന്നു" എന്ന് ശ്വേത പറയുന്നു. കരിയർ നഷ്ടപ്പെട്ടതിലൂടെ തന്റെ അഹന്തയും പദവികളോടുള്ള മോഹവും മാറിയെന്നും ഇപ്പോൾ മൂന്ന് ജോലികൾ ഒരേസമയം ചെയ്യുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സമാനമായ രീതിയിൽ ജീവിതത്തിൽ മാറ്റങ്ങൾ നേരിടുന്ന സ്ത്രീകൾക്കായി 'ദ റീബിൽഡ് റൂം' എന്ന പേരിൽ ഒരു വാട്സാപ്പ് കമ്മ്യൂണിറ്റിയും ശ്വേത ആരംഭിച്ചിട്ടുണ്ട്.

SCROLL FOR NEXT