ഡൽഹി: ഓസ്‌ട്രേലിയൻ വ്യോമസേന സംഘടിപ്പിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര വ്യോമാഭ്യാസ പ്രകടനമായ 'എക്സർസൈസ് പിച്ച് ബ്ലാക്ക് 2026' (Exercise Pitch Black 2026) ൽ പങ്കെടുക്കാൻ ഇന്ത്യൻ വ്യോമസേന (IAF). വടക്കൻ ഓസ്‌ട്രേലിയയിലെ ഡാർവിൻ വ്യോമസേനാ താവളത്തിൽ ജൂലൈ 20 തിങ്കളാഴ്ച ആരംഭിക്കുന്ന ഈ മെഗാ വ്യോമാഭ്യാസം ഓഗസ്റ്റ് 7 വരെ നീണ്ടുനിൽക്കും. വടക്കൻ ഓസ്‌ട്രേലിയയിലെ ജനവാസമില്ലാത്ത വിശാലമായ മേഖലകളിൽ രാത്രികാല പറക്കലുകൾക്ക് മുൻഗണന നൽകുന്നതിനാലാണ് ഈ പ്രത്യാക്രമണ പരിശീലനത്തിന് 'പിച്ച് ബ്ലാക്ക്' എന്ന് പേരിട്ടിരിക്കുന്നത്.
ഇന്ത്യയുടെ അത്യാധുനിക റഫാൽ മൾട്ടിറോൾ യുദ്ധവിമാനങ്ങളാണ് ഇത്തവണ ഓസ്‌ട്രേലിയൻ ആകാശത്ത് കരുത്ത് കാട്ടുക. ഇതിന് പുറമെ കംബാറ്റ് സപ്പോർട്ട് റോളുകളിൽ സി-17 ഗ്ലോബ്മാസ്റ്റർ III (C-17 Globemaster III) തന്ത്രപ്രധാന ഗതാഗത വിമാനവും, ഐഎൽ-78 (IL-78) ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കുന്ന വിമാനവും ഇന്ത്യ വിന്യസിക്കുന്നുണ്ട്. പൈലറ്റുമാർ, എഞ്ചിനീയർമാർ, ടെക്നീഷ്യന്മാർ, കൺട്രോളർമാർ എന്നിവരടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളിലെ വ്യോമസേനകൾ തമ്മിലുള്ള ഏകോപനവും പരസ്പര ധാരണയും വർദ്ധിപ്പിക്കുന്നതിനൊപ്പം ഇൻഡോ-പസഫിക് മേഖലയിലെ പ്രതിരോധ പങ്കാളിത്തം ശക്തമാക്കാനും ഈ പരിശീലനം സഹായിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മുൻപ് 2018, 2022, 2024 വർഷങ്ങളിലും ഇന്ത്യൻ വ്യോമസേന പിച്ച് ബ്ലാക്കിന്റെ ഭാഗമായിട്ടുണ്ട്