ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഈജിപ്തിനെതിരായ പെനാൽറ്റി ഷൂട്ടൗട്ടിൽ നിർണായക പെനാൽറ്റി നഷ്ടപ്പെടുത്തിയ ഓസ്ട്രേലിയൻ യുവതാരം ലൂക്കാസ് ഹെറിംഗ്ടണിന് പിന്തുണയുമായി ഫുട്ബോൾ ഇതിഹാസം സ്ലാറ്റൻ ഇബ്രാഹിമോവിച്ച്. ടെക്സാസിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയവും അധികസമയവും അവസാനിക്കുമ്പോൾ സ്കോർ 1-1 ആയിരുന്നു. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ ഓസ്ട്രേലിയ 4-2ന് പരാജയപ്പെട്ടു. 18-കാരനായ സെന്റർ ബാക്ക് ഹെറിംഗ്ടണിന്റെ നാലാമത്തെ പെനാൽറ്റി ക്രോസ് ബാറിൽ തട്ടിയതോടെയാണ് ഈജിപ്തിന് വിജയമുറപ്പിക്കാനായത്. ഓസ്ട്രേലിയൻ താരം ഹാരി സൗട്ടറും പെനാൽറ്റി പാഴാക്കി.
ലോകകപ്പ് വിശകലന വിദഗ്ധനായി പ്രവർത്തിക്കുന്ന ഇബ്രാഹിമോവിച്ച് മത്സരശേഷം ഹെറിംഗ്ടണിനെ ആശ്വസിപ്പിച്ചു."പെനാൽറ്റി ഒരു ഭാഗ്യപരീക്ഷണമാണ്. ഗോൾ നേടിയാൽ നിങ്ങൾ ഹീറോ, നഷ്ടപ്പെട്ടാൽ ആളുകൾ നിങ്ങളെ കുറ്റപ്പെടുത്തും. എന്നാൽ നീ വെറും 18 വയസ്സുകാരനാണ്. ഇത് നിന്റെ കരിയറിന്റെ തുടക്കമാണ്. ആ നിമിഷത്തിൽ പെനാൽറ്റി എടുക്കാൻ മുന്നോട്ടുവന്നത് തന്നെ വലിയ ധൈര്യമാണ്. മറ്റുള്ളവർ പറയുന്നത് കേൾക്കേണ്ട. നീ മികച്ച താരമാണ്. വേണമെങ്കിൽ എന്നെ ബന്ധപ്പെടാം," എന്ന് സ്ലാറ്റൻ പറഞ്ഞു.
ഇബ്രാഹിമോവിച്ചിന്റെ വാക്കുകൾ ഏറെ പ്രചോദനമായെന്ന് ഹെറിംഗ്ടൺ പ്രതികരിച്ചു. "എന്നെപ്പോലെ തന്നെ എന്നെ ഏറ്റവും കൂടുതൽ വിമർശിക്കുന്നത് ഞാനായിരിക്കും. എന്നാൽ ഫുട്ബോളിലെ ഒരു ഇതിഹാസത്തിൽ നിന്ന് ഇത്തരമൊരു പിന്തുണ ലഭിച്ചത് വലിയ കാര്യമാണ്. പരിശീലനത്തിൽ ഞാൻ പെനാൽറ്റികൾ വിജയകരമായി എടുത്തിരുന്നു. ആത്മവിശ്വാസത്തോടെയാണ് മുന്നോട്ട് വന്നത്. നിർഭാഗ്യവശാൽ ഇത്തവണ അത് വിജയിച്ചില്ല," ഹെറിംഗ്ടൺ പറഞ്ഞു. ഈ തോൽവിയോടെ ലോകകപ്പിൽ ആദ്യമായി നോക്കൗട്ട് റൗണ്ട് വിജയിക്കണമെന്ന ഓസ്ട്രേലിയയുടെ കാത്തിരിപ്പ് വീണ്ടും നീണ്ടു.