Australia

ആഭ്യന്തര വകുപ്പിൽ കൂട്ടപ്പിരിച്ചുവിടൽ; നൂറുകണക്കിന് ഉദ്യോഗസ്ഥർക്ക് ജോലി നഷ്ടമാകും

മെയ് മാസം ബജറ്റ് അവതരിപ്പിക്കുന്നതിന് തൊട്ടുമുൻപ് സ്വയം വിരമിക്കലിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും.

Elizabath Joseph

ഇമിഗ്രേഷൻ, കസ്റ്റംസ്, ദേശീയ സുരക്ഷ തുടങ്ങിയ നിർണ്ണായക ചുമതലകൾ കൈകാര്യം ചെയ്യുന്ന ഓസ്‌ട്രേലിയൻ ആഭ്യന്തര വകുപ്പിൽ നിന്നുമാണ് വൻതോതിൽ ഉദ്യോഗസ്ഥരെ കുറയ്ക്കുന്നത്. അടുത്ത സാമ്പത്തിക വർഷം ലഭ്യമായ ബജറ്റിനുള്ളിൽ നിന്നുകൊണ്ട് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് ഈ നടപടിയെന്ന് സ്റ്റെഫാനി ഫോസ്റ്റർ ജീവനക്കാരെ അറിയിച്ചു. മെയ് മാസം ബജറ്റ് അവതരിപ്പിക്കുന്നതിന് തൊട്ടുമുൻപ് സ്വയം വിരമിക്കലിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും.

ലേബർ സർക്കാർ അധികാരമേറ്റപ്പോൾ പൊതുമേഖലാ ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നെങ്കിലും, 2024 അവസാനത്തോടെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു. ശമ്പള വർദ്ധനവിനായി അധിക ഫണ്ട് നൽകില്ലെന്നും നിലവിലുള്ള ബജറ്റിൽ നിന്ന് തന്നെ ഇത് കണ്ടെത്തണമെന്നും ഫിനാൻസ് മിനിസ്റ്റർ കാറ്റി ഗല്ലാഹർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടർന്ന് വിദ്യാഭ്യാസം, സാമൂഹിക സേവനം എന്നീ വകുപ്പുകളിലും സമാനമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ഏകദേശം 15,000 ജീവനക്കാരുള്ള ആഭ്യന്തര വകുപ്പിൽ നിന്നും ആയിരത്തിൽ താഴെ ആളുകളെയാകും ഒഴിവാക്കുക. അതേസമയം, ആഭ്യന്തര വകുപ്പിന് കീഴിലുള്ള എഎഫ്പി (AFP), എസിയോ (ASIO) തുടങ്ങിയ രഹസ്യാന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥരെ ഈ നടപടി ബാധിക്കില്ല. എന്നാൽ ബോർഡർ ഫോഴ്സ് ഉദ്യോഗസ്ഥർ ഇതിന്റെ പരിധിയിൽ വരും. അനുഭവപരിചയമുള്ള ജീവനക്കാരെ ഒഴിവാക്കുന്നത് സേവനങ്ങളെ ബാധിക്കുമെന്നും സർക്കാരിന്റെ ഈ നീക്കം ഉദ്യോഗസ്ഥർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും യൂണിയൻ പ്രതിനിധികൾ കുറ്റപ്പെടുത്തി.

SCROLL FOR NEXT