ഹോബാർട്ട്: ഹോബാർട്ട് നഗരത്തിലെ കടുത്ത വാടക വീട് ക്ഷാമത്തിന് പരിഹാരം കാണുന്നതിനായി എയർബിഎൻബി (Airbnb) പോലുള്ള മുഴുവൻ സമയ ഹ്രസ്വകാല വാടക വീടുകളുടെ (Whole-home short-stay accommodation) കൗൺസിൽ നികുതി നിരക്കുകൾ ഇരട്ടിയാക്കാൻ ഒരുങ്ങി ഹോബാർട്ട് സിറ്റി കൗൺസിൽ. കൗൺസിലർമാരായ ബെൻ ലോബെർഗർ, റയാൻ പോസൽറ്റ് എന്നിവർ മുന്നോട്ടുവെച്ച ഈ നിർണ്ണായക പ്രമേയത്തിന്മേൽ കൗൺസിൽ നാളെ രാത്രി വോട്ടെടുപ്പ് നടത്തും. നിലവിലെ സാധാരണ റെസിഡൻഷ്യൽ നിരക്കിന്റെ 200 ശതമാനത്തിൽ നിന്നും നികുതി 400 ശതമാനമായി ഉയർത്താനാണ് പ്രമേയത്തിലെ ശുപാർശ.
ഈ പുതിയ നിയമം പാസ്സാകുകയാണെങ്കിൽ 2027 ജൂലൈ 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഇതോടെ ഇത്തരം ടൂറിസം പ്രോപ്പർട്ടികളുടെ ഉടമകൾക്ക് പ്രതിവർഷം ശരാശരി 3,738 ഓസ്‌ട്രേലിയൻ ഡോളർ അധികമായി നികുതി ഇനത്തിൽ അടയ്ക്കേണ്ടി വരും. ഇത് അവരുടെ നിലവിലെ കൗൺസിൽ നികുതിയിൽ 92 ശതമാനത്തിന്റെ വൻ വർദ്ധനവാണ് ഉണ്ടാക്കുക. എന്നാൽ, വീടുകളിലെ അധികമുള്ള മുറികളോ ഔട്ട്ഹൗസുകളോ (Granny flats) ഇത്തരത്തിൽ ഹ്രസ്വകാലത്തേക്ക് വാടകയ്ക്ക് നൽകുന്ന പ്രോപ്പർട്ടി ഉടമകളെ ഈ കടുത്ത നികുതി പരിഷ്‌കാരത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
നിലവിൽ സതേൺ ടാസ്മാനിയയിലെ വാടക വീടുകളുടെ വേക്കൻസി നിരക്ക് 0.2 ശതമാനത്തിനും താഴെയാണ്. പ്രമുഖ ഗവേഷണ ഏജൻസിയായ എസ്.ക്യു.എം പുറത്തുവിട്ട ഏപ്രിൽ 2026-ലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഹോബാർട്ടിലെ വേക്കൻസി നിരക്ക് കേവലം 0.4 ശതമാനം മാത്രമാണ്. ഇത് ദേശീയ ശരാശരിയായ 1.0 ശതമാനത്തിന്റെ പകുതിയിലും താഴെയാണ്. ഓസ്‌ട്രേലിയയിലെ മറ്റ് തലസ്ഥാന നഗരങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ വാടക വീട് ലഭ്യതയുള്ള നഗരമായി ഹോബാർട്ട് മാറിയിരിക്കുകയാണ്.
സംസ്ഥാനത്ത് നിലവിൽ അയ്യായിരത്തിലധികം ആളുകൾ പൊതുഭവന പദ്ധതികൾക്കായി കാത്തിരിക്കുമ്പോഴാണ് 4,700-ലധികം മുഴുവൻ സമയ വീടുകൾ ടൂറിസ്റ്റുകൾക്കായുള്ള ഷോർട്ട് സ്റ്റേ ഹോമുകളാക്കി മാറ്റിയിരിക്കുന്നത്. ഇതിൽ 600-ലധികം പ്രോപ്പർട്ടികൾ ഹോബാർട്ട് നഗരസഭാ പരിധിയിൽ മാത്രമുണ്ട്. ഈ സാഹചര്യത്തിലാണ് സാധാരണക്കാർക്ക് വാടക വീടുകൾ ലഭ്യമാക്കാൻ കൗൺസിൽ കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. ഇതേസമയം, ടൂറിസം മേഖലയ്ക്ക് തിരിച്ചടിയുണ്ടാകാതിരിക്കാൻ വാണിജ്യ ഹോട്ടലുകളുടെ നിർമ്മാണത്തിന് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്ന കാര്യവും കൗൺസിൽ പരിഗണിക്കുന്നുണ്ട്. നിലവിലെ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് തയ്യാറായിക്കഴിഞ്ഞതിനാൽ 400 ശതമാനം നികുതി വർദ്ധനവ് 2027-ലേക്ക് മാറ്റിവെച്ച്, താൽക്കാലികമായി ഇത്തവണ 221 ശതമാനമായി നികുതി ഉയർത്താനാണ് കൗൺസിൽ ഉദ്യോഗസ്ഥർ നൽകിയിട്ടുള്ള നിർദ്ദേശം.