The prime minister Anthony Albenese  The prime minister Anthony Albenese
Australia

പെട്രോളിനും ഡീസലിനും ലിറ്ററിന് 26 സെന്റ് കുറയും; ഇന്ധന നികുതി പകുതിയാക്കി കേന്ദ്ര സർക്കാർ

ട്രക്ക് ഡ്രൈവർമാരെ സഹായിക്കുന്നതിനായി ഹെവി വെഹിക്കിൾ റോഡ് യൂസർ ചാർജ് താൽക്കാലികമായി റദ്ദാക്കാനും തീരുമാനിച്ചു.

Elizabath Joseph

കാൻബറ: കുതിച്ചുയരുന്ന ഇന്ധനവിലയിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി പകുതിയായി കുറയ്ക്കാൻ ഓസ്‌ട്രേലിയൻ സർക്കാർ തീരുമാനിച്ചു. അടുത്ത മൂന്ന് മാസത്തേക്കാണ് ഈ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ലിറ്ററിന് 26.3 സെന്റ് കുറയും. ഏപ്രിൽ 1 മുതൽ പുതിയ നിരക്ക് നിലവിൽ വരും. ഇതുകൂടാതെ ട്രക്ക് ഡ്രൈവർമാരെ സഹായിക്കുന്നതിനായി ഹെവി വെഹിക്കിൾ റോഡ് യൂസർ ചാർജ് താൽക്കാലികമായി റദ്ദാക്കാനും തീരുമാനിച്ചു.

നാഷണൽ കാബിനറ്റ് യോഗത്തിന് ശേഷം പ്രധാനമന്ത്രി ആന്തണി അൽബാനിസിയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇന്ധനവില വർദ്ധനവ് മൂലം ഓസ്‌ട്രേലിയൻ കുടുംബങ്ങൾ വലിയ സാമ്പത്തിക സമ്മർദ്ദത്തിലാണെന്നും അത് ലഘൂകരിക്കാനാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 2.55 ബില്യൺ ഡോളറിന്റെ ബാധ്യതയാണ് ഈ തീരുമാനത്തിലൂടെ ഖജനാവിനുണ്ടാകുന്നത്. 65 ലിറ്റർ ടാങ്ക് പെട്രോൾ അടിക്കുന്ന ഒരാൾക്ക് ഏകദേശം 19 ഡോളർ ലാഭിക്കാൻ ഇതിലൂടെ സാധിക്കും. ഗ്രാമീണ മേഖലകളിൽ താമസിക്കുന്നവർക്കും ദീർഘദൂര യാത്രക്കാർക്കും ഈ തീരുമാനം വലിയ ആശ്വാസമാകും.

ഇറാനിലെ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും യുദ്ധം എത്രയും പെട്ടെന്ന് അവസാനിക്കണമെന്നും ട്രഷറർ ജിം ചാൽമേഴ്സ് പറഞ്ഞു. ഇന്ധന വിതരണത്തിൽ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ നാല് ഘട്ടങ്ങളുള്ള ഒരു കർമ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വിതരണം കടുത്ത പ്രതിസന്ധിയിലാകുന്ന നാലാം ഘട്ടത്തിൽ ഇന്ധന റേഷനിംഗ് ഏർപ്പെടുത്തുന്നതും പരിഗണനയിലുണ്ട്. നിലവിൽ ഓസ്‌ട്രേലിയ രണ്ടാം ഘട്ടത്തിലാണ്. വരാനിരിക്കുന്ന ഈസ്റ്റർ അവധിക്കാലത്ത് യാത്രകൾ പ്ലാൻ ചെയ്തിട്ടുള്ള കുടുംബങ്ങൾക്ക് ഈ നികുതിയിളവ് വലിയ സഹായമാകുമെന്ന് സർക്കാർ വിലയിരുത്തുന്നു.

SCROLL FOR NEXT