Australia

മെത്താംഫെറ്റാമിൻ ഉപയോഗം വർധിക്കുന്നു; ഓസ്‌ട്രേലിയയിൽ ലഹരിമരുന്ന് മരണങ്ങൾ റെക്കോർഡ് നിലയിൽ

ആഗോളതലത്തിൽ ലഹരിമരുന്നിന്റെ ലഭ്യത വർധിച്ചതും രാജ്യത്തെ ശക്തമായ ആവശ്യകതയുമാണ് ഉപയോഗം കൂടുന്നതിന് പ്രധാന കാരണങ്ങളെന്ന് നാഷണൽ ഡ്രഗ് ആൻഡ് ആൽക്കഹോൾ റിസർച്ച് സെന്റർ ചൂണ്ടിക്കാട്ടുന്നു.

Safvana Jouhar

സിഡ്നി: മെത്താംഫെറ്റാമിന്റെ വില കുറഞ്ഞതോടെ ഓസ്‌ട്രേലിയയിൽ അമിത ഉപയോഗത്തെ തുടർന്നുള്ള മരണങ്ങൾ റെക്കോർഡ് നിലയിലെത്തിയതായി പുതിയ കണക്കുകൾ. ആഗോളതലത്തിൽ ലഹരിമരുന്നിന്റെ ലഭ്യത വർധിച്ചതും രാജ്യത്തെ ശക്തമായ ആവശ്യകതയുമാണ് ഉപയോഗം കൂടുന്നതിന് പ്രധാന കാരണങ്ങളെന്ന് നാഷണൽ ഡ്രഗ് ആൻഡ് ആൽക്കഹോൾ റിസർച്ച് സെന്റർ ചൂണ്ടിക്കാട്ടുന്നു.

കോവിഡ്-19 മഹാമാരിക്ക് മുമ്പ് ആരംഭിച്ച മെത്താംഫെറ്റാമിൻ ഉപയോഗവും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും വീണ്ടും വർധിച്ചുവരുന്നതായാണ് വിലയിരുത്തൽ. ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിലെ മെഡിക്കൽ ഗവേഷക എമി പീക്കോക്ക് പറയുന്നതനുസരിച്ച്, മലിനജല പരിശോധനയിലെ കണ്ടെത്തലുകൾ, ഉപഭോഗം, മെത്താംഫെറ്റാമിൻ മൂലമുള്ള ആശുപത്രിവാസം, മരണങ്ങൾ തുടങ്ങിയ നിരവധി സൂചകങ്ങൾ നിലവിൽ ഏറ്റവും ഉയർന്ന നിലയിലാണ്. 2024ൽ ആംഫിറ്റമിൻ വിഭാഗത്തിലുള്ള ലഹരിമരുന്നുകൾ അമിതമായി ഉപയോഗിച്ചതിനെ തുടർന്ന് 750ലധികം പേർ മരിച്ചു. ഇതിൽ ഭൂരിഭാഗം മരണങ്ങളും മെത്താംഫെറ്റാമിൻ ഉപയോഗവുമായി ബന്ധപ്പെട്ടവയാണ്. 2024ലെ കണക്ക് ഒരു ലക്ഷം പേരിൽ 2.9 മരണങ്ങൾ എന്ന നിരക്കാണ് രേഖപ്പെടുത്തിയത്. 2021 മുതൽ 2023 വരെയുള്ള കാലയളവിൽ ഇത് ഏകദേശം രണ്ടായിരുന്നു. ലഭ്യമായ തെളിവുകൾ പ്രകാരം ലോകത്ത് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന മെത്താംഫെറ്റാമിൻ ഉപയോഗ നിരക്കുകളുള്ള രാജ്യങ്ങളിൽ ഓസ്‌ട്രേലിയ ഇപ്പോഴും ഉൾപ്പെടുന്നതായും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

SCROLL FOR NEXT