ഓസ്‌ട്രേലിയയിൽ ഇലക്ട്രിക് വാഹനങ്ങളുടെവിൽപ്പനയിൽ വൻ വർദ്ധനവ് ABC News: Jason Om
Australia

പെട്രോൾ വിലയിൽ നിന്ന് രക്ഷപ്പെടാൻ ഇവികൾ; പക്ഷേ ചാർജിംഗ് ഇപ്പോഴും ബാലികേറാമല

നഗരങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകൾ ലഭ്യമാണെങ്കിലും ഗ്രാമീണ മേഖലകളിലേക്കുള്ള ദീർഘദൂര യാത്രകളിൽ ചാർജിംഗ് വലിയൊരു വെല്ലുവിളിയാണ്.

Elizabath Joseph

സിഡ്‌നി: ഇറാൻ യുദ്ധത്തെത്തുടർന്ന് പെട്രോൾ, ഡീസൽ വിലകൾ റെക്കോർഡ് ഉയരത്തിലെത്തിയതോടെ ഓസ്‌ട്രേലിയയിൽ ഇലക്ട്രിക് വാഹനങ്ങളുടെ (EV) വിൽപ്പനയിൽ വൻ വർദ്ധനവ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പുതിയ കാർ വിൽപ്പനയുടെ 14.6 ശതമാനവും ഇവികളാണ്. ഇന്ധന ചിലവ് പകുതിയായി കുറയ്ക്കാൻ ഇവികൾക്ക് സാധിക്കുമെങ്കിലും, ആവശ്യത്തിന് ചാർജിംഗ് സ്റ്റേഷനുകൾ ഇല്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു.

ഇന്റർനാഷണൽ എനർജി ഏജൻസിയുടെ 2025-ലെ റിപ്പോർട്ട് പ്രകാരം ഓസ്‌ട്രേലിയയിൽ ഓരോ 45 ഇവികൾക്കും ഒരു പബ്ലിക് ചാർജർ എന്ന നിലയിലാണ് സൗകര്യങ്ങളുള്ളത്. അയൽരാജ്യമായ ന്യൂസിലൻഡിൽ ഇത് 81.9 ആണെങ്കിലും ദക്ഷിണ കൊറിയയെ (1.8) പോലുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഓസ്‌ട്രേലിയ ഏറെ പിന്നിലാണ്. നഗരങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകൾ ലഭ്യമാണെങ്കിലും ഗ്രാമീണ മേഖലകളിലേക്കുള്ള ദീർഘദൂര യാത്രകളിൽ ചാർജിംഗ് വലിയൊരു വെല്ലുവിളിയാണ്.

ചാർജിംഗിലെ കടമ്പകൾ:

പെട്രോൾ അടിക്കുന്നത് പോലെ വേഗത്തിൽ ഇവികൾ ചാർജ് ചെയ്യാൻ സാധിക്കില്ല എന്നതാണ് പ്രധാന പോരായ്മ. ഹ്യൂം ഹൈവേ പോലുള്ള പ്രധാന പാതകളിൽ ഫാസ്റ്റ് ചാർജറുകൾ ഉണ്ടെങ്കിലും പലപ്പോഴും തിരക്ക് കാരണം കാത്തുനിൽക്കേണ്ടി വരുന്നു. കൂടാതെ, ചാർജിംഗിനായി പ്രത്യേക ആപ്പുകൾ ഡൗൺലോഡ് ചെയ്യേണ്ടി വരുന്നതും ബാങ്കിംഗ് നടപടികളിലെ കാലതാമസവും യാത്രക്കാരെ മടുപ്പിക്കുന്നു. 50 ശതമാനത്തിൽ നിന്ന് 100 ശതമാനത്തിലേക്ക് ചാർജ് ചെയ്യാൻ ഏകദേശം ഒരു മണിക്കൂർ വരെ സമയം എടുക്കുന്നുണ്ട്.

എങ്കിലും സാമ്പത്തികമായി നോക്കുമ്പോൾ ഇവികൾ വലിയ ലാഭമാണ് നൽകുന്നത്. സിഡ്‌നിയിൽ നിന്ന് മെൽബണിലേക്ക് 40 ഡോളർ ചിലവിൽ യാത്ര ചെയ്യാമെന്ന് ഉടമകൾ സാക്ഷ്യപ്പെടുത്തുന്നു. വീടുകളിൽ സോളാർ പാനലുകൾ ഉള്ളവർക്ക് ഇത് പൂർണ്ണമായും സൗജന്യമായി ഉപയോഗിക്കാം. ന്യൂ സൗത്ത് വെയ്‌ൽസ് സർക്കാർ കൂടുതൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ചാർജിംഗ് പ്രക്രിയ കൂടുതൽ ലളിതമാക്കാതെ ഇവികൾ പൂർണ്ണമായി ജനപ്രിയമാകില്ലെന്നാണ് വിലയിരുത്തൽ.

SCROLL FOR NEXT