ഗാസ 
Australia

ഇസ്രായേലിനെതിരെ ഇയു, യുകെ, ഓസീസ് വിദേശകാര്യ മന്ത്രിമാർ

ജറുസലേമിന് കിഴക്ക് ഒരു കുടിയേറ്റ കേന്ദ്രം നിർമ്മിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതികളെ യൂറോപ്യൻ രാജ്യങ്ങൾ, ഓസ്‌ട്രേലിയ, ബ്രിട്ടൺ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാർ വെള്ളിയാഴ്ച സംയുക്തമായി അപലപിച്ചു.

Safvana Jouhar

ജറുസലേമിന് കിഴക്ക് ഒരു കുടിയേറ്റ കേന്ദ്രം നിർമ്മിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതികളെ യൂറോപ്യൻ രാജ്യങ്ങൾ, ഓസ്‌ട്രേലിയ, ബ്രിട്ടൺ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാർ വെള്ളിയാഴ്ച സംയുക്തമായി അപലപിച്ചു. “E1” പദ്ധതിയുടെ അംഗീകാരം വെസ്റ്റ് ബാങ്കിനെ വിഭജിക്കുകയും കിഴക്കൻ ജറുസലേമിൽ നിന്ന് വിച്ഛേദിക്കുകയും ചെയ്യും, പലസ്തീനികൾ ഒരു സ്വതന്ത്ര രാഷ്ട്രത്തിനായി ശ്രമിക്കുന്ന പ്രദേശം വിഘടിപ്പിക്കും. എന്നാൽ ബെസലേൽ സ്മോട്രിച്ചിന് ബുധനാഴ്ച പ്രതിരോധ മന്ത്രാലയ ആസൂത്രണ കമ്മീഷനിൽ നിന്ന് അന്തിമ അനുമതി ലഭിച്ചു.

“ജറുസലേമിന് കിഴക്കുള്ള E1 മേഖലയിലെ കുടിയേറ്റ നിർമ്മാണത്തിനുള്ള പദ്ധതികൾക്ക് അംഗീകാരം നൽകാനുള്ള ഇസ്രായേലി ഉന്നത ആസൂത്രണ സമിതിയുടെ തീരുമാനം അസ്വീകാര്യവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ്,” വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി."ഈ തീരുമാനത്തെ ഞങ്ങൾ അപലപിക്കുകയും ശക്തമായ ഭാഷയിൽ ഇത് ഉടനടി പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു," എന്ന് ഓസ്‌ട്രേലിയ, ബെൽജിയം, ബ്രിട്ടൻ, കാനഡ, സൈപ്രസ്, ഡെൻമാർക്ക്, എസ്റ്റോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ഗ്രീസ്, ഐസ്‌ലാൻഡ്, അയർലൻഡ്, ഇറ്റലി, ജപ്പാൻ, ലാത്വിയ, ലിത്വാനിയ, ലക്സംബർഗ്, മാൾട്ട, നെതർലാൻഡ്‌സ്, നോർവേ, പോളണ്ട്, പോർച്ചുഗൽ, സ്ലൊവേനിയ, സ്‌പെയിൻ, സ്വീഡൻ എന്നിവിടങ്ങളിൽ നിന്നുള്ള മന്ത്രിമാർ പറഞ്ഞു. യൂറോപ്യൻ കമ്മീഷന്റെ വൈസ് പ്രസിഡന്റായ യൂറോപ്യൻ യൂണിയൻ വിദേശകാര്യ മേധാവി കാജ കല്ലാസും പ്രസ്താവനയിൽ പങ്കുചേർന്നു.

എന്നാൽ വിദേശ ആജ്ഞകൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമം നിരസിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ഇസ്രായേൽ പ്രസ്താവന ഉടൻ തള്ളിക്കളഞ്ഞു. “ജൂത ജനതയുടെ ജന്മസ്ഥലമായ ഇസ്രായേൽ ഭൂമിയിൽ എവിടെയും താമസിക്കാനുള്ള ജൂതന്മാരുടെ ചരിത്രപരമായ അവകാശം നിഷേധിക്കാനാവാത്തതാണ്,” ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും കൂട്ടിച്ചേർത്തു."ജൂത ജനത ഇസ്രായേൽ ദേശത്തെ തദ്ദേശീയ ജനങ്ങളാണ്. ചരിത്രത്തിലെ ഒരു ഘട്ടത്തിലും ഒരു പലസ്തീൻ രാഷ്ട്രം ഉണ്ടായിട്ടില്ല, മറിച്ചു വാദിക്കാനുള്ള ഏതൊരു ശ്രമത്തിനും നിയമപരമോ വസ്തുതാപരമോ ചരിത്രപരമോ ആയ അടിത്തറയില്ല," എന്ന് പ്രസ്താവനയിൽ പറയുന്നു. E1 സെറ്റിൽമെന്റ് പദ്ധതി വിദേശത്ത് വ്യാപകമായി അപലപിക്കപ്പെട്ടിട്ടുണ്ട്.

അതേസമയം 1967 ലെ മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ഇസ്രായേൽ വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം, ഗാസ എന്നിവ പിടിച്ചെടുത്തു, ഗാസയിൽ ഹമാസുമായുള്ള യുദ്ധം തുടരുന്നതിനിടയിൽ വെസ്റ്റ് ബാങ്കിൽ കുടിയേറ്റ കേന്ദ്രങ്ങൾ വികസിപ്പിച്ചു. വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലുമുള്ള 2.7 ദശലക്ഷം പലസ്തീനികൾക്കിടയിൽ ഇപ്പോൾ ഏകദേശം 700,000 ഇസ്രായേലി കുടിയേറ്റക്കാർ താമസിക്കുന്നു. "ഏതെങ്കിലും പലസ്തീൻ രാജ്യത്തെ വിഭജിക്കുകയും ജറുസലേമിലേക്കുള്ള പലസ്തീനികളുടെ പ്രവേശനം നിയന്ത്രിക്കുകയും ചെയ്തുകൊണ്ട് ഈ പദ്ധതി ദ്വിരാഷ്ട്ര പരിഹാരം അസാധ്യമാക്കും," പദ്ധതി പിൻവലിക്കാൻ ഇസ്രായേൽ സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് മന്ത്രിമാരുടെ പ്രസ്താവനയിൽ പറയുന്നു.

SCROLL FOR NEXT