ഈ മാസം അവസാനം ന്യൂസിലാൻഡിലെ ഇബി ഗെയിംസ് സ്റ്റോറുകൾ അടച്ചുപൂട്ടാൻ ഒരുങ്ങുന്നതിനിടെ, ഓസ്ട്രേലിയയിലെ ഇബി ഗെയിംസ് ശൃംഖലയുടെ ഭാവിയെക്കുറിച്ച് അഭ്യൂഹങ്ങൾ ഉയരുകയാണ്. ന്യൂസിലാൻഡിലെ സംഭവവികാസങ്ങളോടൊപ്പം ഓസ്ട്രേലിയയിലെ ചില സ്റ്റോറുകളും അടച്ചുപൂട്ടിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഉപഭോക്താക്കളിലും വ്യവസായ നിരീക്ഷകരിലും ആശങ്ക ഉയർന്നു.
എന്നാൽ, ചില സ്റ്റോറുകൾ അടച്ചത് കമ്പനിയുടെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾ ദുർബലമാകുന്നതിന്റെ സൂചനയല്ലെന്ന് വ്യവസായ വൃത്തങ്ങളും റിപ്പോർട്ടുകളും വ്യക്തമാക്കി. നവീകരണം, വാടക വർധന തുടങ്ങിയ കാരണങ്ങളാൽ റീട്ടെയിൽ രംഗത്ത് സ്റ്റോറുകൾ അടയ്ക്കുന്നത് സാധാരണമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
വൂക്സ് റിപ്പോർട്ട് പ്രകാരം വിക്ടോറിയയിൽ രണ്ട് സ്റ്റോറുകളും ന്യൂ സൗത്ത് വെയിൽസിൽ അഞ്ച് സ്റ്റോറുകളും ക്വീൻസ്‌ലാൻഡിലും വെസ്റ്റേൺ ഓസ്ട്രേലിയയിലുമായി ഓരോ സ്റ്റോറുകളും അടച്ചിട്ടുണ്ട്. എന്നാൽ ഇതൊന്നും ഓസ്ട്രേലിയയിലെ ഇബി ഗെയിംസ് പ്രവർത്തനങ്ങൾ അസ്ഥിരമാകുന്നതിന്റെ സൂചനയല്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇബി ഗെയിംസ് ഓസ്ട്രേലിയയുടെ വക്താവ് ആശ്വാസകരമായ വിശദീകരണവും നൽകി.
“ഞങ്ങളെ സമീപിച്ചതിന് നന്ദി. ഞങ്ങളുടെ പതിവ് നെറ്റ്‌വർക്ക് അപ്ഡേറ്റുകളുടെ ഭാഗമായി ഈ മാസം കുറച്ച് ഇബി ഗെയിംസ് സ്റ്റോറുകൾ അടയ്ക്കും. ആ സ്റ്റോറുകളുടെ ഉപഭോക്താക്കളെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
ഇതിനുപുറമെ കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമല്ലെന്നും വക്താവ് കൂട്ടിച്ചേർത്തു.