ഹൊബാർട്ട്: ഓസ്ട്രേലിയയിലെ ഏറ്റവും ചൂടുള്ളതും ഏറ്റവും തണുപ്പുനിറഞ്ഞതുമായ ഇടം എന്ന റെക്കോർഡ് കുറച്ചു നിമിഷത്തേയ്ക്കെങ്കിലും ഡെവൻപോർട്ട് വിമാനത്താവളം നേടിയെടുത്തു. അതെങ്ങനെ സംഭവിച്ചുവെന്നല്ലേ നിങ്ങളും ആലോചിക്കുന്നത്? ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത ഇങ്ങനെയൊരു കാലാവസ്ഥാ പ്രവചനം വന്നത് തകരാറുള്ള ഉപകരണങ്ങൾ തെറ്റായ താപനില പുറത്തുവിട്ടതോടെയാണ്.
തിങ്കളാഴ്ച രാവിലെ 7:03 ന് വടക്കുപടിഞ്ഞാറൻ ടാസ്മാനിയൻ നഗരമായ ഡെവൻപോർട്ടിൽ -9.8 ഡിഗ്രി താപനില രേഖപ്പെടുത്തിയതായും 36 മിനിറ്റിനുശേഷം 51.2 ഡിഗ്രി വരെ ഉയർന്നതായും ബ്യൂറോ ഓഫ് മെറ്റീരിയോളജി ഡാറ്റ കാണിക്കുന്നു. റെക്കോർഡ് സൃഷ്ടിക്കുവാൻ പര്യാപ്തമായ താപനില ബ്യൂറോയുടെ വെബ്‌സൈറ്റിലും വെതർസോൺ ഉൾപ്പെടെയുള്ള കാലാവസ്ഥാ സൈറ്റുകളിലും പ്രത്യക്ഷപ്പെട്ട ശേഷമാണ് അബദ്ധം തിരിച്ചറിഞ്ഞത്.
എന്നാൽ, ബ്യൂറോ പിന്നീട് ഈ കണക്കുകൾ തെറ്റാണെന്ന് സ്ഥിരീകരിക്കുകയും, വിമാനത്താവളത്തിലെ ഉപകരണത്തിൽ ഉണ്ടായ കേടുപാടാണ് ഇതിന് കാരണം എന്നും വ്യക്തമാക്കി. വൈദ്യുതി സർജാണ് താപനില സെൻസർ കേടാകാൻ കാരണമെന്ന് ബ്യൂറോ വക്താവ് പറഞ്ഞു.