ABC News
Australia

പശ്ചിമേഷ്യയിൽ സംഘർഷസാധ്യത; ഇസ്രായേൽ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് മടങ്ങാൻ നിർദ്ദേശം

ഇസ്രായേൽ, ലബനൻ, ജോർദാൻ, യുഎഇ എന്നീ രാജ്യങ്ങളിലുള്ള തങ്ങളുടെ ഉദ്യോഗസ്ഥരോടും കുടുംബാംഗങ്ങളോടും എത്രയും വേഗം മടങ്ങാൻ ഓസ്‌ട്രേലിയൻ സർക്കാർ നിർദ്ദേശിച്ചു.

Elizabath Joseph

പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ഇസ്രായേൽ, ലബനൻ, ജോർദാൻ, യുഎഇ എന്നീ രാജ്യങ്ങളിലുള്ള തങ്ങളുടെ ഉദ്യോഗസ്ഥരോടും കുടുംബാംഗങ്ങളോടും എത്രയും വേഗം മടങ്ങാൻ ഓസ്‌ട്രേലിയൻ സർക്കാർ നിർദ്ദേശിച്ചു. ഔദ്യോഗിക ആവശ്യങ്ങൾക്കായി ഈ രാജ്യങ്ങളിൽ തങ്ങുന്ന ഉദ്യോഗസ്ഥരുടെ ആശ്രിതർ ഉടനടി രാജ്യം വിടണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ 'സ്മാർട്ട് ട്രാവലർ' വഴി ബുധനാഴ്ച രാത്രി നൽകിയ മുന്നറിയിപ്പിൽ പറയുന്നത്.

സായുധ പോരാട്ടം, സിവിൽ അശാന്തി, ഭീകരവാദ ഭീഷണി എന്നിവ കണക്കിലെടുത്ത് പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഓസ്‌ട്രേലിയൻ പൗരന്മാർ പുനഃപരിശോധിക്കണം. നിലവിൽ വിമാന സർവീസുകൾ ലഭ്യമായിട്ടുള്ളപ്പോൾ തന്നെ മടങ്ങുന്ന കാര്യം ആലോചിക്കണമെന്നും നിർദ്ദേശമുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ നീക്കമെങ്കിലും ടെൽ അവീവ്, ബെയ്റൂട്ട്, അമ്മാൻ, അബുദാബി എന്നിവിടങ്ങളിലെ ഓസ്‌ട്രേലിയൻ എംബസികൾ തൽക്കാലം തുറന്നുപ്രവർത്തിക്കും.

ഗസ്സയുടെയും ലബനന്റെയും അതിർത്തി പ്രദേശങ്ങളിലേക്ക് യാതൊരു കാരണവശാലും യാത്ര ചെയ്യരുതെന്ന് കർശന നിർദ്ദേശമുണ്ട്. ഏത് സമയത്തും വിമാനത്താവളങ്ങൾ അടയ്ക്കാനും സർവീസുകൾ റദ്ദാക്കാനും സാധ്യതയുള്ളതിനാൽ യാത്രാ തടസ്സങ്ങൾ നേരിടാൻ തയ്യാറായിരിക്കണമെന്നും ഓസ്‌ട്രേലിയൻ അധികൃതർ വ്യക്തമാക്കി.

SCROLL FOR NEXT