ഓസ്ട്രേലിയയിലെ വിദൂര വന്യജീവി സങ്കേതമായ മക്വാറി ദ്വീപിലും മാരകമായ എച്ച്5 പക്ഷിപ്പനി സ്ഥിരീകരിച്ചു. ദ്വീപിൽ ആദ്യമായാണ് രോഗബാധ രേഖപ്പെടുത്തുന്നത്. വംശനാശഭീഷണി നേരിടുന്ന ജീവികൾ ഉൾപ്പെടെ നിരവധി വന്യജീവികളുടെ ആവാസകേന്ദ്രമാണ് ഈ ദ്വീപ്. ദ്വീപിൽ ചത്ത നിലയിൽ കണ്ടെത്തിയ തെക്കൻ എലിഫന്റ് സീലിലും കെൽപ് ഗൾ എന്ന കടൽപ്പക്ഷിയിലുമാണ് എച്ച്5 വൈറസ് സ്ഥിരീകരിച്ചത്. ടാസ്മാനിയയ്ക്കും അന്റാർട്ടിക്കയ്ക്കും ഇടയിൽ ദക്ഷിണ സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന മക്വാറി ദ്വീപ് പെൻഗ്വിനുകൾ, സീലുകൾ, വിവിധ കടൽപ്പക്ഷികൾ എന്നിവയുടെ പ്രധാന ആവാസകേന്ദ്രമാണ്. 1933 മുതൽ വന്യജീവി സങ്കേതമായി സംരക്ഷിക്കപ്പെടുന്ന ദ്വീപിന് 1997ൽ യുനെസ്കോയുടെ ലോക പൈതൃക പദവി ലഭിച്ചു.
പക്ഷിപ്പനി സ്ഥിരീകരിച്ചെങ്കിലും ഓസ്ട്രേലിയയിലെ മൊത്തത്തിലുള്ള അപകടസാധ്യതാ നില ഉയർന്നിട്ടില്ലെന്ന് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ബെത്ത് കൂക്സൺ പറഞ്ഞു. രാജ്യത്ത് എച്ച്5 വൈറസ് സസ്തനികളിൽനിന്ന് മറ്റ് സസ്തനികളിലേക്ക് പകരുന്നതിന് നിലവിൽ തെളിവുകളില്ലെന്നും മനുഷ്യരുടെ ആരോഗ്യത്തിന് നിലവിലെ അപകടസാധ്യത കുറവാണെന്നും അവർ വ്യക്തമാക്കി. ഓസ്ട്രേലിയയിലെ കോഴിവളർത്തൽ മേഖലയിലും കാർഷിക ഉൽപാദന സംവിധാനത്തിലും രോഗബാധ കണ്ടെത്തിയിട്ടില്ലെന്നും അവർ അറിയിച്ചു.
ഈ വർഷം ആദ്യം ടാസ്മാനിയയിലെ വന്യപക്ഷികളിൽ പക്ഷിപ്പനി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മക്വാറി ദ്വീപിലെ പുതിയ കണ്ടെത്തൽ. വന്യജീവികളിൽ രോഗം വ്യാപിച്ചാൽ തദ്ദേശീയ ജീവിവർഗങ്ങൾക്ക് വലിയ നഷ്ടമുണ്ടാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. പ്രധാനമായും പക്ഷികളെ ബാധിക്കുന്ന അതിവ്യാപനശേഷിയുള്ള വൈറസ് രോഗമാണ് പക്ഷിപ്പനി. സീലുകൾ ഉൾപ്പെടെയുള്ള മറ്റ് മൃഗങ്ങളിലേക്കും രോഗം പകരാം. രോഗബാധയുള്ള ജീവികളെ ഭക്ഷിക്കുന്ന ചില മൃഗങ്ങൾക്കും വൈറസ് ബാധയുണ്ടാകാം. ചില പക്ഷികളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാതിരിക്കുമ്പോൾ മറ്റുചിലത് ഗുരുതരമായി രോഗബാധിതരായി ചത്തുപോകാം.
വന്യപക്ഷികളുടെ ദേശാടനവും സഞ്ചാരവും നിയന്ത്രിക്കാൻ കഴിയാത്തതിനാൽ വന്യജീവികൾക്കിടയിലെ വൈറസ് വ്യാപനം തടയുക അധികൃതർക്ക് പ്രയാസകരമാണ്. രോഗവ്യാപനം വലിയ തോതിൽ പക്ഷികളുടെയും സസ്തനികളുടെയും മരണത്തിന് കാരണമാകാം. രോഗബാധ സംശയിക്കുന്നതോ ചത്തതോ ആയ വന്യജീവികളെ കണ്ടാൽ അവയെ സ്പർശിക്കുകയോ അടുത്തേക്ക് പോകുകയോ ചെയ്യരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സുരക്ഷിതമാണെങ്കിൽ ചിത്രമെടുത്ത് സ്ഥലം രേഖപ്പെടുത്തി അധികൃതരെ അറിയിക്കണമെന്നും നിർദേശിച്ചു. രോഗബാധ സംശയിക്കുന്ന വന്യജീവികളെ കണ്ടാൽ ഓസ്ട്രേലിയയിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി അനിമൽ ഡിസീസ് ഹോട്ട്ലൈനിൽ 1800 675 888 എന്ന നമ്പറിൽ അറിയിക്കാം.