(Reuters: Hollie Adams)
Australia

ഓസ്‌ട്രേലിയയിൽ ആദ്യ GLP-1 വെയിറ്റ് ലോസ് ടാബ്ലലെറ്റിന് അനുമതി

ഡാനിഷ് മരുന്ന് നിർമാതാക്കളായ നോവോ നോർഡിസ്ക് (Novo Nordisk) വികസിപ്പിച്ച ഗുളികയ്ക്ക് ചൊവ്വാഴ്ചയാണ് തെറാപ്പ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ (TGA) അംഗീകാരം നൽകിയത്.

Safvana Jouhar

ഓസ്‌ട്രേലിയയിൽ വണ്ണം കുറയ്ക്കാൻ ഉപയോഗിക്കുന്ന GLP-1 വിഭാഗത്തിലെ ആദ്യ ഗുളികയായ വെഗോവിക്ക് (Wegovy) അനുമതി ലഭിച്ചു. ഡാനിഷ് മരുന്ന് നിർമാതാക്കളായ നോവോ നോർഡിസ്ക് (Novo Nordisk) വികസിപ്പിച്ച ഗുളികയ്ക്ക് ചൊവ്വാഴ്ചയാണ് തെറാപ്പ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ (TGA) അംഗീകാരം നൽകിയത്. ഇതുവരെ ഓസ്‌ട്രേലിയയിൽ ഡോക്ടറുടെ കുറിപ്പടിയോടെ GLP-1 മരുന്നുകൾ ഉപയോഗിച്ചിരുന്നത് ആഴ്ചയിലൊരിക്കൽ എടുക്കുന്ന കുത്തിവയ്പ്പുകളുടെ രൂപത്തിലായിരുന്നു. അമേരിക്കയിലും യൂറോപ്പിലും ഗുളികയ്ക്ക് അംഗീകാരം ലഭിച്ചതിനു പിന്നാലെ വലിയ ആവശ്യകതയാണ് ഉണ്ടായത്.

അമിതവണ്ണമുള്ളവർക്കും ഹൃദയസംബന്ധമായ അപകടസാധ്യത കുറയ്ക്കേണ്ടവർക്കുമാണ് ഗുളികയുടെ ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്നത്. ഡോക്ടറുടെ കുറിപ്പടി നിർബന്ധമാണ്. നിലവിലെ നിയമപ്രകാരം ടൈപ്പ് 2 പ്രമേഹമുള്ളവർക്കു മാത്രമാണ് ഫാർമസ്യൂട്ടിക്കൽ ബെനിഫിറ്റ്സ് സ്കീം (PBS) വഴി വണ്ണം കുറയ്ക്കാനുള്ള മരുന്നുകൾക്ക് സബ്സിഡി ലഭിക്കുക. ഓസ്‌ട്രേലിയയിലെ ഗുളികയുടെ വില സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ അമേരിക്കയിൽ കുത്തിവയ്പ്പിനെക്കാൾ കുറഞ്ഞ വിലയിലാണ് ഗുളിക ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഓരോ ഗുളികയിലും കൂടുതൽ അളവിൽ സെമാഗ്ലൂട്ടൈഡ് അടങ്ങിയിട്ടുണ്ടെങ്കിലും വായിലൂടെ കഴിക്കുമ്പോൾ ശരീരം മരുന്നിലെ സജീവ ഘടകങ്ങളെ കുറച്ചുമാത്രമേ ആഗിരണം ചെയ്യൂ. അതിനാൽ 25 മില്ലിഗ്രാം ഗുളികയുടെ ഫലം 2.4 മില്ലിഗ്രാം കുത്തിവയ്പ്പിന് തുല്യമാണ്.

1.5, 4, 9, 25 മില്ലിഗ്രാം എന്നിങ്ങനെ നാല് വ്യത്യസ്ത അളവുകളിലാണ് ഗുളികയ്ക്ക് TGA അംഗീകാരം നൽകിയിരിക്കുന്നത്. എന്നാൽ വിപണിയിൽ എത്തിക്കുന്നതിന് മുമ്പ് ഉൽപ്പന്നത്തിന്റെ പാക്കേജിങ്ങും നിർമാണപ്രക്രിയയും ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് TGA പരിശോധിച്ച് ഉറപ്പാക്കേണ്ടതുണ്ട്. ഓസ്‌ട്രേലിയയെ ഗുളികയുടെ പ്രധാന വിപണിയായി നേരത്തേ തന്നെ നോവോ നോർഡിസ്ക് പരിഗണിച്ചിരുന്നു. അമേരിക്കയിൽ ഈ വർഷം വിപണിയിലെത്തി ആദ്യ അഞ്ച് മാസത്തിനുള്ളിൽ ഗുളികയ്ക്ക് 30 ലക്ഷം കുറിപ്പടികൾ ലഭിച്ചതായാണ് റിപ്പോർട്ട്. അതേസമയം, മൗൺജാരോയുടെ (Mounjaro) നിർമാതാക്കളായ എലി ലില്ലിയുടെ (Eli Lilly) വാമൊഴിയായി കഴിക്കാവുന്ന വണ്ണം കുറയ്ക്കൽ മരുന്നായ ഓർഫോർഗ്ലിപ്രോണും (Orforglipron) TGAയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.

SCROLL FOR NEXT