(Picture: Supplied)
Australia

ഓസ്‌ട്രേലിയയിൽ ക്രൂസ് വ്യവസായം തകർച്ചയിലേക്ക്; സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ നഷ്ടം

ഓസ്‌ട്രേലിയൻ ക്രൂസ് അസോസിയേഷന്റെ 2025–26 സാമ്പത്തിക ആഘാത പഠന റിപ്പോർട്ട് പ്രകാരം ക്രൂസ് വ്യവസായം 6.68 ബില്യൺ ഡോളറിന്റെ സാമ്പത്തിക സംഭാവനയാണ് രാജ്യത്ത് സൃഷ്ടിച്ചത്.

Safvana Jouhar

ഓസ്‌ട്രേലിയയിലെ ക്രൂസ് വ്യവസായം നിയന്ത്രണങ്ങളിലെ അനിശ്ചിതത്വവും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം തിരിച്ചടി നേരിടുന്നതായി പുതിയ റിപ്പോർട്ട്. നിരവധി ക്രൂസ് കമ്പനികൾ ഓസ്‌ട്രേലിയൻ വിപണിയിൽനിന്ന് പിന്മാറുന്നതോടെ സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രതിവർഷം അര ബില്യൺ ഡോളറിലധികം നഷ്ടമുണ്ടാകുന്നതായാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. ഓസ്‌ട്രേലിയൻ ക്രൂസ് അസോസിയേഷന്റെ 2025–26 സാമ്പത്തിക ആഘാത പഠന റിപ്പോർട്ട് പ്രകാരം ക്രൂസ് വ്യവസായം 6.68 ബില്യൺ ഡോളറിന്റെ സാമ്പത്തിക സംഭാവനയാണ് രാജ്യത്ത് സൃഷ്ടിച്ചത്. എന്നാൽ മുൻ വർഷത്തെ അപേക്ഷിച്ച് ഇത് 8.7 ശതമാനം കുറഞ്ഞു. ക്രൂസ് കപ്പലുകളുടെ സന്ദർശനത്തിലും 9.5 ശതമാനം ഇടിവുണ്ടായി.

വ്യവസായത്തിന് ദീർഘകാല നിക്ഷേപവും കപ്പൽ വിന്യാസവും നടത്താൻ വ്യക്തമായ നയങ്ങളും ഉറപ്പുകളും ആവശ്യമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം നിയന്ത്രണങ്ങളിലും മാറ്റങ്ങൾ വേണമെന്നും നിർദേശിക്കുന്നു. ക്രൂസ് പാസഞ്ചർ എഡിറ്റർ ഇൻ ചീഫ് പീറ്റർ ലിഞ്ച് Sunrise പരിപാടിയിൽ സംസാരിക്കവെ, ക്രൂസ് വ്യവസായം വളരുന്നുണ്ടെങ്കിലും ഓസ്‌ട്രേലിയയിലെ ഇടിവ് വലിയതാണെന്ന് പറഞ്ഞു. കോസ്റ്റൽ ഷിപ്പിങ് ആക്ട് പ്രകാരം വിദേശ ക്രൂസ് കപ്പലുകൾക്ക് ഓസ്‌ട്രേലിയയിൽ പ്രവർത്തിക്കാൻ നിലവിൽ രണ്ട് വർഷത്തെ ഇളവാണ് അനുവദിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ കൂടുതൽ ദീർഘകാല ഇളവുകൾ നൽകുന്ന സാഹചര്യത്തിൽ ഇത് കമ്പനികൾക്ക് അനിശ്ചിതത്വമുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ ഇളവ് വിദേശ ക്രൂസ് കപ്പലുകൾക്ക് ആഭ്യന്തര ഓപ്പറേറ്റർമാർക്ക് ബാധകമായ അതേ തൊഴിൽനിയമങ്ങളും ലൈസൻസ് ഫീസും ബാധകമാകാതെ പ്രവർത്തിക്കാൻ അനുവദിക്കുന്നതാണ്. ഓരോ രണ്ട് വർഷം കൂടുമ്പോഴും സർക്കാരിന്റെ അനുമതി തേടേണ്ടിവരുന്ന സാഹചര്യം നിക്ഷേപ തീരുമാനങ്ങളെ ബാധിക്കുന്നു. സിംഗപ്പൂർ പോലുള്ള രാജ്യങ്ങൾ അഞ്ച് വർഷത്തെ ഇളവുകൾ നൽകുന്നതായും ഇത് അവരുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് 10 ബില്യൺ ഡോളറിന്റെ നേട്ടമുണ്ടാക്കുന്നതായും ലിഞ്ച് ചൂണ്ടിക്കാട്ടി.

ലോകത്തിലെ നാലാമത്തെ വലിയ ക്രൂസ് വിപണിയായ ഓസ്‌ട്രേലിയയ്ക്ക് കുറഞ്ഞത് മൂന്ന് വർഷത്തെ ഇളവെങ്കിലും നൽകണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. വ്യവസായത്തിലെ ഇടിവ് ഏകദേശം 2,000 തൊഴിലവസരങ്ങളെ ബാധിച്ചതായും അദ്ദേഹം പറഞ്ഞു. നിയമത്തിലെ ഒരു വ്യവസ്ഥ മാറ്റിയാൽ വിദേശ ക്രൂസ് കമ്പനികൾക്ക് ഓസ്‌ട്രേലിയയിലേക്ക് കപ്പലുകൾ അയക്കാൻ കൂടുതൽ ഉറപ്പുണ്ടാകുമെന്നും കൂടുതൽ നിക്ഷേപത്തിന് വഴിയൊരുങ്ങുമെന്നും ലിഞ്ച് അഭിപ്രായപ്പെട്ടു. റോയൽ കരീബിയൻ വാനുവാട്ടുവിൽ ഒരു ദ്വീപ് പദ്ധതിയിൽ നിക്ഷേപം നടത്തുന്നതും ബ്രിസ്ബേനിൽനിന്ന് എത്തിച്ചേരാവുന്ന പുതിയ ബീച്ച് റിസോർട്ട് അനുഭവം ഒരുക്കുന്നതും മേഖലയിൽ കമ്പനികളുടെ സാന്നിധ്യം വർധിപ്പിക്കുന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

യാത്രക്കാരുടെ ചെലവിലും 9.7 ശതമാനം ഇടിവുണ്ടായി. 1.82 ബില്യൺ ഡോളറിൽനിന്ന് 1.65 ബില്യൺ ഡോളറിലേക്കാണ് ചെലവ് കുറഞ്ഞത്. കുനാർഡ്, വിർജിൻ വോയേജസ്, ഡിസ്നി തുടങ്ങിയ ക്രൂസ് കമ്പനികൾ ഈ വർഷം ഓസ്‌ട്രേലിയൻ വിപണിയിൽനിന്ന് പിന്മാറിയിട്ടുണ്ട്. പി ആൻഡ് ഒ ക്രൂസസ് കഴിഞ്ഞ വർഷം ബ്രാൻഡ് പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. കാർണിവൽ ക്രൂസ് ലൈൻ 2028 മുതൽ ഓസ്‌ട്രേലിയയിലെ കപ്പൽ നിര പകുതിയായി കുറയ്ക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കാർണിവൽ ലുമിനോസ, കാർണിവൽ അഡ്വഞ്ചർ എന്നീ കപ്പലുകൾ പ്രാദേശിക വിപണിയിൽനിന്ന് പിൻവലിക്കും. നിയന്ത്രണങ്ങളിലെ അനിശ്ചിതത്വവും ഉയർന്ന പ്രവർത്തന ചെലവുകളുമാണ് തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് കമ്പനി വ്യക്തമാക്കി. ക്രൂസ് കപ്പലുകളുടെ വിന്യാസം വർഷങ്ങൾക്ക് മുമ്പേ തീരുമാനിക്കുന്നതിനാൽ ദീർഘകാല നയസ്ഥിരതയും ആഗോള വിപണികളോട് മത്സരിക്കാൻ കഴിയുന്ന പ്രവർത്തന സാഹചര്യങ്ങളും നിർണായകമാണെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

SCROLL FOR NEXT