Usman Khawaja and David Warner  (Picture: Robert Cianflone/Getty Images)
Australia

സാൻഡ്‌പേപ്പർ വിവാദത്തിൽ പുതിയ അന്വേഷണം; പന്ത് കൈകാര്യം ചെയ്ത രീതികളും പരിശോധിക്കും

സ്വതന്ത്ര അന്വേഷണത്തിന് സീനിയർ കൗൺസൽ ഫിയോണ മക്ലിയോഡ് AO SC നേതൃത്വം നൽകുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

Safvana Jouhar

2018ലെ കുപ്രസിദ്ധമായ സാൻഡ്‌പേപ്പർ വിവാദത്തിൽ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. 2018ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുമ്പുള്ള ഓസ്‌ട്രേലിയൻ ടീമിന്റെ പന്ത് കൈകാര്യം ചെയ്ത രീതികൾ ഉൾപ്പെടെ പരിശോധിക്കുന്ന അന്വേഷണത്തിൽ അന്നത്തെ താരങ്ങളുടെയും സപ്പോർട്ട് സ്റ്റാഫിന്റെയും മൊഴികൾ തേടും. മുൻതാരം ഉസ്മാൻ ഖവാജയുടെ ആത്മകഥയായ സബ്രിൽ (Sabr) ഈ മാസം ആദ്യം നടത്തിയ വെളിപ്പെടുത്തലോടെയാണ് വിവാദം വീണ്ടും സജീവമായത്. മത്സരത്തിനിടെ സാൻഡ്‌പേപ്പർ ഉപയോഗിച്ചിരുന്ന കാര്യം ഓസ്‌ട്രേലിയൻ ടീമിലെ കൂടുതൽ അംഗങ്ങൾക്ക് അറിയാമായിരുന്നുവെന്നാണ് ഖവാജയുടെ ആരോപണം. ഇതേത്തുടർന്ന് മുൻ സഹതാരങ്ങൾക്കിടയിലും ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ലോകത്തും അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നിരുന്നു. സ്വതന്ത്ര അന്വേഷണത്തിന് സീനിയർ കൗൺസൽ ഫിയോണ മക്ലിയോഡ് AO SC നേതൃത്വം നൽകുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. അതീവസങ്കീർണവും സംവേദനക്ഷമവുമായ അന്വേഷണങ്ങളിൽ 30 വർഷത്തിലേറെ പരിചയമുള്ള വ്യക്തിയാണ് മക്ലിയോഡ്. ആറ് ആഴ്ച നീളുന്ന അന്വേഷണ വേദിയിലേക്ക് താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും സ്വമേധയാ വിവരങ്ങൾ നൽകാം. എന്നാൽ പങ്കാളിത്തം നിർബന്ധമല്ല.

പരിശോധിക്കുന്ന പ്രധാന വിഷയങ്ങൾ

  • 2017–18 സീസണിൽ ഓസ്‌ട്രേലിയൻ പുരുഷ ടീമിൽ പന്ത് കൈകാര്യം ചെയ്തിരുന്ന രീതികൾ.

  • 2018ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ നാല് ടെസ്റ്റ് മത്സരങ്ങളും.

  • 2018 മാർച്ച് 24ന് നടന്ന സംഭവങ്ങൾ.

  • സംഭവത്തെക്കുറിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ 2018ൽ നടത്തിയ അന്വേഷണത്തിന്റെ നടപടികളും വ്യാപ്തിയും.

വിവാദത്തിൽ ബാധിക്കപ്പെട്ടവരുടെ ക്ഷേമം ഉറപ്പാക്കുകയും പ്രതികാരമോ പ്രതികൂല നടപടികളോ ഭയപ്പെടാതെ സ്വന്തം അനുഭവങ്ങൾ പങ്കുവയ്ക്കാൻ അവസരം നൽകുകയുമാണ് അന്വേഷണത്തിന്റെ ലക്ഷ്യമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. ആരെയും കുറ്റക്കാരനായി പ്രഖ്യാപിക്കുകയോ വ്യക്തികളുടെ ഉത്തരവാദിത്തം നിർണയിക്കുകയോ മുമ്പ് ഏർപ്പെടുത്തിയ ശിക്ഷകൾ പുനഃപരിശോധിക്കുകയോ ചെയ്യില്ല. മുൻകാല സംഭവങ്ങളുടെ പേരിൽ പുതിയ ശിക്ഷാനടപടികൾക്കോ നിയമനടപടികൾക്കോ ശുപാർശ നൽകുന്നതും അന്വേഷണത്തിന്റെ പരിധിയിൽ വരില്ല. തങ്ങളുടെ വിവരങ്ങൾ ആർക്കൊക്കെ ലഭ്യമാകുമെന്ന് പങ്കാളികളെ മുൻകൂട്ടി അറിയിക്കും. നൽകിയ മൊഴിയുടെ രേഖ കൃത്യമാണെന്ന് പരിശോധിക്കാനും അവർക്ക് അവസരം ലഭിക്കും.

SCROLL FOR NEXT