ABC News: Callum Flinn
Australia

നികുതി പരിഷ്‌കാരങ്ങൾ റദ്ദാക്കും; ആദായനികുതി ഇളവിനായി 22 ബില്യൺ ചിലവഴിക്കുമെന്ന് സഖ്യകക്ഷി

2028-29 മുതൽ ആദായനികുതി നിരക്കുകൾ പണപ്പെരുപ്പത്തിനനുസരിച്ച് ക്രമീകരിക്കാനാണ് (indexation) സഖ്യകക്ഷി ലക്ഷ്യമിടുന്നത്.

Elizabath Joseph

ലേബർ ഗവൺമെന്റ് കൊണ്ടുവന്ന നെഗറ്റീവ് ഗിയറിംഗ്, ക്യാപിറ്റൽ ഗെയിൻസ് ടാക്സ് മാറ്റങ്ങൾ എന്നിവ പൂർണ്ണമായും റദ്ദാക്കുമെന്ന് ആംഗസ് ടെയ്‌ലർ പ്രഖ്യാപിച്ചു. കഠിനാധ്വാനത്തിന് ലഭിക്കുന്ന പ്രതിഫലത്തെ തകർക്കുന്ന തീരുമാനമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതിന് പുറമെ, 'ബ്രാക്കറ്റ് ക്രീപ്പ്' വഴി തൊഴിലാളികൾക്ക് നഷ്ടമാകുന്ന തുക തിരികെ നൽകുന്നതിനായി നാല് വർഷത്തിനുള്ളിൽ 22.5 ബില്യൺ ഡോളർ ചിലവഴിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. 2028-29 മുതൽ ആദായനികുതി നിരക്കുകൾ പണപ്പെരുപ്പത്തിനനുസരിച്ച് ക്രമീകരിക്കാനാണ് (indexation) സഖ്യകക്ഷി ലക്ഷ്യമിടുന്നത്.

കൂട്ടമായിട്ടുള്ള കുടിയേറ്റം (mass migration), നെറ്റ് സീറോ നയങ്ങൾ, എണ്ണ-വാതക വിഭവങ്ങളുടെ നിയന്ത്രണം, പാർപ്പിട-ശിശുപരിപാലന മേഖലകളിലെ അമിത സർക്കാർ ചിലവഴിക്കൽ എന്നിവ രാജ്യം തള്ളിക്കളയേണ്ട 'മോശം ആശയങ്ങളാണെന്ന്' ടെയ്‌ലർ വിശേഷിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള ലേബറിന്റെ വിവിധ പദ്ധതികൾ നിർത്തലാക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി വില കുറയ്ക്കുന്നതിനായി കൽക്കരി നിലയങ്ങൾ കൂടുതൽ കാലം പ്രവർത്തിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നികുതി ഇളവുകൾ നിർത്തലാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

സഖ്യകക്ഷിയുടെ ഈ പ്രഖ്യാപനങ്ങൾ 'ചെലവ് കണക്കാക്കാത്ത അസംബന്ധമാണെന്ന്' ലേബർ പാർട്ടി പ്രതികരിച്ചു. ബിസിനസ് ഗ്രൂപ്പുകൾ ചുവപ്പുനാടകൾ ഒഴിവാക്കാനുള്ള നീക്കത്തെ സ്വാഗതം ചെയ്തെങ്കിലും, ആദായനികുതി ഇളവുകൾക്കായി വ്യക്തമായ ധനസമാഹരണ പദ്ധതി വേണമെന്ന് മുന്നറിയിപ്പ് നൽകി. കുടിയേറ്റം കുറയ്ക്കുന്നത് വിദഗ്ധ തൊഴിലാളികളുടെ കുറവിന് കാരണമായേക്കാമെന്നും അവർ ചൂണ്ടിക്കാട്ടി. സഖ്യകക്ഷി തങ്ങളുടെ നയങ്ങൾ പകർത്തുകയാണെന്ന് വൺ നേഷൻ (One Nation) പാർട്ടിയും പരിഹസിച്ചു.

SCROLL FOR NEXT