ഫ്രിമാന്റിൽ ഡോക്കേഴ്സിന്റെ പ്രീമിയർഷിപ്പ് പോസ്റ്ററിന്റെ ആദ്യ രൂപം ക്ലബ് അംഗീകരിക്കാത്തതിനെ തുടർന്ന് അത് മാറ്റിവരയ്ക്കേണ്ടിവന്നതായി ഹെറാൾഡ് സൺ കാർട്ടൂണിസ്റ്റ് മാർക്ക് നൈറ്റ്. 2009 മുതൽ എല്ലാ വർഷവും പ്രീമിയർഷിപ്പ് പോസ്റ്ററുകൾ വരയ്ക്കുന്ന നൈറ്റിന്റെ ആദ്യ രൂപത്തിൽ വലിയ ശരീരഘടനയുള്ള ഒരു തുറമുഖ തൊഴിലാളി (wharfie) കൂറ്റൻ ആങ്കറുമായി ഓടുന്നതായിരുന്നു. ആങ്കറിൽ ടാറ്റൂകളും ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ ഈ രൂപകൽപ്പന ക്ലബിന്റെ നിലവിലെ ദിശയുമായി യോജിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഫ്രിമാന്റിൽ അധികൃതർ അത് നിരസിച്ചതായി നൈറ്റ് 3AW-യോട് പറഞ്ഞു. പോസ്റ്റർ അമിതമായ പുരുഷാധിപത്യ പ്രതീതി നൽകുന്നതായും കഥാപാത്രം കൂടുതൽ കോപാകുലനായി തോന്നുന്നതായും ക്ലബ് അഭിപ്രായപ്പെട്ടതായി അദ്ദേഹം പറഞ്ഞു. തുടർന്ന് മാറ്റം വരുത്തിയ പോസ്റ്ററാണ് പുറത്തിറക്കിയത്. പുതിയ പോസ്റ്ററിൽ ‘Freo First Flag’ എന്ന പേരിലുള്ള കപ്പലിന്റെ മുൻഭാഗത്ത് നീണ്ട മുടിയുള്ള ഒരു ഡോക്കർ നിൽക്കുന്നതും ഒരു കൈയിൽ പ്രീമിയർഷിപ്പ് ട്രോഫിയും മറുകൈയിൽ ആങ്കറും പിടിച്ചിരിക്കുന്നതുമാണ് ചിത്രീകരിച്ചിരിക്കുന്നത്.
കാർട്ടൂൺ കഥാപാത്രത്തെ ഏതെങ്കിലും പ്രത്യേക താരവുമായി സാമ്യമുള്ളതാക്കാതിരിക്കുക എന്നതാണ് സാധാരണയായി പാലിക്കുന്ന മാർഗനിർദേശമെന്ന് നൈറ്റ് പറഞ്ഞു. മസ്കട്ടിൽ ടാറ്റൂകൾ ഉൾപ്പെടുത്തുന്നതിനെതിരെയും എഎഫ്എൽ നേരത്തെ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ബ്രിസ്ബെയ്ൻ ലയൺസിന്റെ പ്രീമിയർഷിപ്പ് പോസ്റ്ററിൽ മൂന്ന് സിംഹങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിടുന്ന ടീമിനെ പ്രതിനിധീകരിക്കുന്ന തരത്തിലാണ് മൂന്ന് ട്രോഫികളുമായി സിംഹങ്ങളെ ചിത്രീകരിച്ചിരിക്കുന്നത്.