കാൻബറ: ഓസ്‌ട്രേലിയൻ തലസ്ഥാനമായ കാൻബറയിലെ പ്രധാന റോഡുകളിലും ഭൂഗർഭ പാർക്കിംഗ് കേന്ദ്രങ്ങളിലും ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ വൻ വർദ്ധനവുണ്ടായതായി റിപ്പോർട്ട്. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകളും ഇൻഷുറൻസ് അറ്റകുറ്റപ്പണി നിരക്കുകളിലെ കുതിച്ചുചാട്ടവുമാണ് വാഹനങ്ങൾ ഉടമസ്ഥർ ഉപേക്ഷിച്ചു പോകുന്നതിലേക്ക് നയിക്കുന്നതെന്ന് പ്രാദേശിക ടോ ട്രക്ക് (Tow truck) ഓപ്പറേറ്റർമാർ വ്യക്തമാക്കുന്നു.
റോഡരികുകളിൽ ഉപേക്ഷിക്കപ്പെടുന്ന വാഹനാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായുള്ള കോൾഔട്ടുകളുടെ എണ്ണം കഴിഞ്ഞ 12 മുതൽ 18 മാസത്തിനിടെ ഇരട്ടിയായി മാറിയെന്ന് അണ്ടർഗ്രൗണ്ട് ടോവിംഗ് ആന്റ് സാൽവേജ് ഉടമ ജോഷ് ഹാരിസൺ പറഞ്ഞു. കാർ സമഗ്ര ഇൻഷുറൻസ് (Comprehensive insurance) എടുത്തുമാറ്റി അടിസ്ഥാന സി.ടി.പി (CTP) ഇൻഷുറൻസ് മാത്രം ഉപയോഗിക്കുന്നവർ അപകടങ്ങൾ സംഭവിക്കുമ്പോഴോ വാഹനം കേടാവുമ്പോഴോ ടോവിംഗ് ചാർജുകളും റിപ്പയറിംഗ് തുകയും താങ്ങാനാവാതെ വണ്ടി വഴിയിൽ ഉപേക്ഷിക്കുകയാണ്. സ്‌ക്രാപ്പ് വസ്തുക്കളുടെ വില കുറഞ്ഞതും ആളുകളെ വാഹനം മറന്നു കളയാൻ പ്രേരിപ്പിക്കുന്നു. നിലവിൽ നഗരസഭ വഴി പരാതികൾ തീർപ്പാക്കാൻ ആറാഴ്ചയോളം വൈകുന്നതിനാൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ തെരുവുകളിൽ സാമൂഹികവിരുദ്ധർ തീയിടുകയും നശിപ്പിക്കുകയും ചെയ്യുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.