(Lukas Coch/AAP PHOTOS)
Australia

അമിത ഫീസ് ഈടാക്കുന്ന സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്കെതിരെ നടപടി വേണമെന്ന് ഗ്രാറ്റൻ ഇൻസ്റ്റിറ്റ്യൂട്ട്

ചികിത്സാച്ചെലവ് കാരണം പ്രതിവർഷം എട്ട് ലക്ഷത്തിലധികം ഓസ്‌ട്രേലിയക്കാർ സ്പെഷ്യലിസ്റ്റ് ചികിത്സ ഒഴിവാക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുന്നു.

Safvana Jouhar

ഓസ്‌ട്രേലിയയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ അമിത ചികിത്സാഫീസ് നിയന്ത്രിക്കാൻ കർശന നടപടികൾ വേണമെന്ന് സ്വതന്ത്ര ഗവേഷണ സ്ഥാപനമായ ഗ്രാറ്റൻ ഇൻസ്റ്റിറ്റ്യൂട്ട്. അമിത ഫീസ് ഈടാക്കുന്ന ഡോക്ടർമാരുടെ മെഡികെയർ സബ്സിഡി റദ്ദാക്കണമെന്നും സർക്കാർ നൽകിയ തുക തിരിച്ചുപിടിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. പണപ്പെരുപ്പ നിരക്കിനേക്കാൾ വളരെ വേഗത്തിലാണ് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഫീസ് ഉയരുന്നത്. ഏറ്റവും ഉയർന്ന ഫീസ് ഈടാക്കുന്ന അഞ്ച് ശതമാനം സൈക്യാട്രിസ്റ്റുകൾ ആദ്യ കൺസൾട്ടേഷനായി ശരാശരി 669 ഓസ്‌ട്രേലിയൻ ഡോളറാണ് രോഗികളിൽ നിന്ന് ഈടാക്കുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ചികിത്സാച്ചെലവ് താങ്ങാനാകാത്തതിനാൽ പ്രതിവർഷം എട്ട് ലക്ഷത്തിലധികം ഓസ്‌ട്രേലിയക്കാർ സ്പെഷ്യലിസ്റ്റ് ചികിത്സ തേടുന്നത് ഒഴിവാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യുന്നുണ്ട്. സർക്കാർ കൂടുതൽ സാമ്പത്തിക സഹായം നൽകുന്നതുകൊണ്ട് മാത്രം ചില ഡോക്ടർമാരുടെ അമിത ഫീസ് ഈടാക്കുന്ന പ്രവണത തടയാനാകില്ലെന്ന് ഗ്രാറ്റൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആരോഗ്യവിഭാഗം ഡയറക്ടർ പീറ്റർ ബ്രെഡൻ പറഞ്ഞു. അമിതമായി ഫീസ് ഈടാക്കുന്ന ഡോക്ടർമാരിൽ നിന്ന് ഓരോ വർഷവും മെഡികെയർ വഴി ലഭിച്ച തുക തിരിച്ചുപിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുചികിത്സാ കേന്ദ്രങ്ങൾ ശക്തിപ്പെടുത്തുക, ജിപി ഡോക്ടർമാർക്ക് കൂടുതൽ ചികിത്സാ സേവനങ്ങൾ നൽകാൻ സഹായിക്കുക, കൂടുതൽ സ്പെഷ്യലിസ്റ്റുകളെ പരിശീലിപ്പിക്കുക തുടങ്ങിയ പരിഷ്കാരങ്ങളും അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചില സ്പെഷ്യലിസ്റ്റുകൾ മെഡികെയർ നിശ്ചയിച്ചിട്ടുള്ള ഫീസിന്റെ മൂന്നിരട്ടിയിലധികം ഈടാക്കുന്നതായി ഗ്രാറ്റൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ പഠനത്തിൽ കണ്ടെത്തിയിരുന്നു. മെഡികെയർ റിബേറ്റുകളുടെ മൂല്യം കുറഞ്ഞതാണ് സ്പെഷ്യലിസ്റ്റ് ഫീസ് വർധനയ്ക്ക് പ്രധാന കാരണമെന്ന വാദവും പുതിയ റിപ്പോർട്ട് തള്ളുന്നു.

2012 മുതൽ പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ മെഡികെയർ റിബേറ്റുകളുടെ യഥാർഥ മൂല്യം ഒൻപത് ഡോളർ കുറഞ്ഞപ്പോൾ സ്പെഷ്യലിസ്റ്റ് ഫീസ് 37 ഡോളർ വർധിച്ചു. അതേസമയം ജിപി കൺസൾട്ടേഷനുകൾ പോലുള്ള മറ്റ് മെഡികെയർ സേവനങ്ങളുടെ ഫീസ് പണപ്പെരുപ്പത്തിനനുസരിച്ച് ഏറെക്കുറെ നിലനിന്നിട്ടുണ്ട്. കഴിഞ്ഞ 16 വർഷത്തിനിടെ സ്പെഷ്യലിസ്റ്റ് ചികിത്സാ സ്ഥാപനങ്ങളുടെ ശരാശരി മൊത്തലാഭം 73 ശതമാനം വർധിച്ചതായും റിപ്പോർട്ട് പറയുന്നു. ജിപി, നിയമം, അക്കൗണ്ടിങ്, നിർമാണ മേഖലകളിലെ സ്ഥാപനങ്ങളുടെ ലാഭവർധനയെക്കാൾ കൂടുതലാണിത്.

ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് മൈക്കൽ ബോണിങ്

എന്നാൽ ചികിത്സയുടെ താങ്ങാനാവുന്ന ചെലവ് സ്പെഷ്യലിസ്റ്റ് ഫീസിൽ മാത്രം ഒതുങ്ങുന്ന പ്രശ്നമല്ലെന്ന് ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് മൈക്കൽ ബോണിങ് പ്രതികരിച്ചു. മെഡികെയർ റിബേറ്റുകൾ, പൊതുആശുപത്രികളിലെ ഔട്ട്‌പേഷ്യന്റ് സൗകര്യങ്ങൾ, സ്പെഷ്യലിസ്റ്റുകളുടെ കുറവ്, സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് വ്യവസ്ഥകൾ എന്നിവയും സർക്കാർ പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭാവിയിൽ ഉണ്ടാകാനിടയുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ പരിശീലന സീറ്റുകൾ വർധിപ്പിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. സ്പെഷ്യലിസ്റ്റ് ഫീസ് നിയന്ത്രിക്കാൻ ലഭ്യമായ എല്ലാ മാർഗങ്ങളും പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി മാർക്ക് ബട്ട്ലർ പറഞ്ഞു. 2027 മുതൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ഫീസ് മെഡിക്കൽ കോസ്റ്റ്‌സ് ഫൈൻഡർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിലൂടെ രോഗികൾക്ക് ചികിത്സാച്ചെലവിനെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്പെഷ്യലിസ്റ്റ് ഫീസ് കുറയ്ക്കുന്നതിനുള്ള മറ്റ് മാർഗങ്ങൾ പരിശോധിക്കാൻ ലേബർ എംപിയും ശിശുരോഗ വിദഗ്ധനുമായ മൈക്ക് ഫ്രീലാൻഡറുടെ നേതൃത്വത്തിലുള്ള പാർലമെന്ററി സമിതിയും അന്വേഷണം നടത്തുന്നുണ്ട്. സ്പെഷ്യലിസ്റ്റ് ചികിത്സയിൽ ജിപി ഡോക്ടർമാർക്ക് കൂടുതൽ പങ്കുവഹിക്കാനാകുമോയെന്നതും സമിതി പരിശോധിക്കുന്നുണ്ട്.

SCROLL FOR NEXT