ബോണ്ടായ് ബീച്ച് MICK TSIKAS
Australia

ബോണ്ടായ് ബീച്ച് ഭീകരാക്രമണം: റോയൽ കമ്മീഷൻ വേണമെന്ന് 120-ലധികം ബിസിനസ് നേതാക്കൾ

പ്രധാനമന്ത്രി ആന്തണി അൽബനീസ് റോയൽ കമ്മീഷൻ ആവശ്യത്തെ ഇപ്പോഴും നിരസിക്കുകയാണ്

Elizabath Joseph

ബോണ്ടായ് ബീച്ച് ഭീകരാക്രമണത്തെ തുടർന്ന് ദേശീയ തലത്തിലുള്ള റോയൽ കമ്മീഷൻ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് 120-ലധികം പ്രമുഖ ബിസിനസ് നേതാക്കൾ രംഗത്ത്. മുൻ റിസർവ് ബാങ്ക് ഗവർണർമാരും വൻകിട കമ്പനികളുടെ സിഇഒമാരും ഉൾപ്പെടെ 125 പേർ ചേർന്നാണിത് സർക്കാരിനോട് ആവശ്യപ്പെട്ടത്.

കഴിഞ്ഞ മാസം നടന്ന ബോണ്ടായ് ബീച്ച് ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന്, ഇരകളുടെ കുടുംബങ്ങളും ജൂത സമൂഹ നേതാക്കളും നേരത്തെ തന്നെ വിശാലമായ ദേശീയ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രമുഖ ബിസിനസ് നേതാക്കളും ശക്തമായ നിലപാടുമായി മുന്നോട്ടുവന്നത്.

ജൂതവിരുദ്ധതയുടെ വർധനയും ആക്രമണത്തിലേക്ക് നയിച്ച സംഭവവികാസങ്ങളും അന്വേഷിക്കാൻ കോമൺവെൽത്ത് റോയൽ കമ്മീഷൻ അനിവാര്യമാണെന്ന് ആവശ്യപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ മുൻ ആർ.ബി എ. ഗവർണർമാരായ ഫിലിപ്പ് ലോ, ഗ്ലെൻ സ്റ്റീവൻസ്, വ്യവസായ പ്രമുഖൻ ജെയിംസ് പാക്കർ, മുൻ ടെൽസ്ട്ര സിഇഒ ഡേവിഡ് തൊഡേ, മുൻ ടെന്നിസ് ഓസ്‌ട്രേലിയ ചെയർ ജെയിൻ ഹ്ര്ഡ്ലിക്ക എന്നിവർ ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ ഒപ്പുവച്ചു.

ബി.എച്ച്.പി. ചെയർമാൻ റോസ് മക്‌ഇവൻ, ഓറിജിൻ ചെയർ സ്കോട്ട് പെർക്കിൻസ്, മുൻ രാഷ്ട്രീയ നേതാക്കളായ ജെഫ് കെനെറ്റ്, ജെയിംസ് മെർലിനോ, ജോഷ് ഫ്രൈഡൻബർഗ് എന്നിവരും പ്രസ്താവനയുടെ ഭാഗമാണ്.

സഹിഷ്ണുതയും പരസ്പര ബഹുമാനവും എന്ന നമ്മുടെ മൂല്യങ്ങൾ സംരക്ഷിക്കുന്ന അഭിമാനമുള്ള ഓസ്ട്രേലിയക്കാർ എന്ന നിലയിൽ, ബോണ്ടി കൂട്ടക്കൊല എങ്ങനെ സംഭവിച്ചുവെന്നതിൽ വ്യക്തമായ മറുപടികൾ ആവശ്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, പ്രസ്താവനയിൽ പറഞ്ഞു.

2023ൽ ഗാസ യുദ്ധം ആരംഭിച്ചതിനുശേഷം ഓസ്ട്രേലിയൻ ജൂത സമൂഹത്തിനെതിരെ വർധിച്ചുവരുന്ന ഭീഷണിയും പീഡനവും അക്രമവും അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ബിസിനസ് നേതാക്കൾ ചൂണ്ടിക്കാട്ടി.

അതേസമയം, പ്രധാനമന്ത്രി ആന്തണി അൽബനീസ് റോയൽ കമ്മീഷൻ ആവശ്യത്തെ ഇപ്പോഴും നിരസിക്കുകയാണ്. മുൻ ഇന്റലിജൻസ് മേധാവി ഡെന്നിസ് റിച്ചാർഡ്സൺ നയിക്കുന്ന അന്വേഷണമാണ് വേഗത്തിൽ ഉത്തരങ്ങൾ നൽകുന്നതെന്ന് അദ്ദേഹം ആവർത്തിച്ചു. എന്നാൽ ബിസിനസ് നേതാക്കൾ ഇത് രാഷ്ട്രീയപരമായ വിഷയം മാത്രമല്ലെന്നും, രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന വിഷയമാണെന്നും വ്യക്തമാക്കി.

SCROLL FOR NEXT